

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്ഡിഎഫ്സി യുഎഇയില്‍ നിയന്ത്രണ ഏജൻസികളുടെ നിരീക്ഷണത്തില്‍. പുതിയ ക്ലയന്റുകളെ ഉൾപ്പെടുത്തുന്നതിന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് (DIFC) നിയന്ത്രണമേര്‍പ്പെടുത്തി. ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (DFSA) ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, നിലവിലുള്ള ഉപയോക്താക്കള്‍ക്ക് സേവനങ്ങൾ നല്‍കുന്നതിന് നിയന്ത്രണങ്ങൾ ബാധിക്കില്ല. ഉത്തരവ് ഡിഎഫ്സ്എ ഭേദഗതി ചെയ്യുന്നത് വരെ നിയന്ത്രണം തുടരും.
ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്വിസ് (Credit Suisse) അഡീഷണൽ ടയർ-1 (AT1) ബോണ്ടുകൾ തെറ്റായി വിറ്റഴിച്ചുവെന്ന ആരോപണം ശാഖ നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രണ്ട് വർഷം പഴക്കമുള്ളതാണ് ഈ ആരോപണം. ക്രെഡിറ്റ് സൂയിസിന്റെ തകർച്ചയുടെ സമയത്ത് 2023 ൽ എഴുതിത്തള്ളപ്പെട്ട എടി1 ബോണ്ടുകൾ പ്രവാസി ഇന്ത്യൻ നിക്ഷേപകർക്ക് കനത്ത നഷ്ടം ഉണ്ടാക്കിയിരുന്നു. എടി1 ബോണ്ടുകള്‍ക്കായി 25-30 കോടി രൂപയുടെ നിക്ഷേപങ്ങൾ ദുരുപയോഗം ചെയ്തതായുളള ആരോപണമാണ് ശാഖ നേരിടുന്നത്. ശാഖയില്‍ ക്ലയന്റുകളെ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചാണോ ഓൺബോർഡ് ചെയ്‌തിരിക്കുന്നതെന്ന പരിശോധനയിലാണ് നിയന്ത്രണ ഏജന്‍സിയായ ഡിഎഫ്എസ്എ.
പുതിയ ക്ലയന്റുകൾക്ക് സാമ്പത്തിക സേവനങ്ങളിൽ നല്‍കുന്നതിനും സാമ്പത്തിക പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനും ഡിഐഎഫ്സി ശാഖയെ വിലക്കിയിട്ടുണ്ട്. സാമ്പത്തിക ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപദേശം നൽകുക, നിക്ഷേപങ്ങളിൽ ഇടപാടുകൾ നടത്തുക, ക്രെഡിറ്റ് നല്‍കുക, കസ്റ്റഡി സേവനങ്ങൾ നൽകുക തുടങ്ങിയവ പുതിയ ക്ലയന്റുകൾക്ക് വാഗ്ദാനം ചെയ്യുന്നതിന് നിയന്ത്രണം ബാധകമാണ്.
പൂർണമായും ഓൺബോർഡ് ചെയ്യാത്ത ഉപയോക്താക്കൾക്ക് നൽകുന്ന സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട ബ്രാഞ്ചിന്റെ രീതികളെക്കുറിച്ചും, ഓൺബോർഡിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുമുളള ആശങ്കകൾ റെഗുലേറ്റർ അന്വേഷിക്കുന്നുണ്ട്. അതേസമയം റെഗുലേറ്റര്‍ നല്‍കിയ നോട്ടീസിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. ഡിഐഎഫ്സി ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ, മൊത്തത്തിലുള്ള ബിസിനസിനെ ബാധിക്കില്ലെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
DFSA restricts HDFC Bank’s Dubai branch from onboarding new clients over AT1 bond mis-selling concerns.
Read DhanamOnline in English
Subscribe to Dhanam Magazine