ബാങ്കിംഗിൽ ഇന്ന് മാറ്റമില്ലാത്തത് 'ഡിസ്‌റപ്ഷന്‍' മാത്രം

യുവസംരംഭകരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ബാങ്കിംഗ് മേഖലയിലെ ഏറ്റവും പുതിയ ഡിസ്‌റപ്‌ഷനുകളും ചർച്ച ചെയ്ത 'ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2019' ബാങ്കിംഗ് രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

നൂതന ആശയങ്ങളുമായി കടന്നുവരുന്ന പുതുസംരംഭകരെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇയുമായ രാജ് കിരണ്‍ റായ് ജി പറഞ്ഞു. "റിസ്‌ക് എല്ലാ രംഗത്തും എല്ലാ നിമിഷവുമുള്ളതാണ്. കയറ്റിറക്കങ്ങളും അനുദിനമുണ്ട്. ബാങ്കുകള്‍ അവയെ കൃത്യമായി മാനേജ് ചെയ്യുകയാണ് പോംവഴി,” അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ കാലത്തില്‍ മാറ്റമില്ലാത്ത ഒന്ന് ഡിസ്‌റപ്ഷന്‍ മാത്രമാണെന്നും അത് ഒട്ടനവധി അവസരങ്ങള്‍ സമ്മാനിക്കുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സിന്‍ഡിക്കേറ്റ് ബാങ്ക് എംഡിയും സിഇഒയുമായ മ്യുത്യുഞ്ജയ് മഹാപാത്ര അഭിപ്രായപ്പെട്ടു. കീഴ്‌മേല്‍ മറിക്കുന്ന മാറ്റങ്ങള്‍ക്കായി സ്വയം സജ്ജരായിരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിമണി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ അമിത് സക്സേന, പത്മശ്രീ ജേതാവായ മാധ്യമപ്രവര്‍ത്തകയും മണിലൈഫിന്റെ മാനേജിംഗ് ഡയറക്റ്ററുമായ സുചേത ദലാല്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ വി പി നന്ദകുമാര്‍, എൽഐസി എംഡി ബി വേണുഗോപാൽ, ലോയ്ഡ്സ് ഇന്ത്യ കണ്‍ട്രി മാനേജറും സിഇഒയുമായ ശങ്കര്‍ ഗാരിഗിപാര്‍ത്ഥി, കാനറ റൊബേക്കോ അസറ്റ് മാനേജ്മെന്റ് ഹെഡ് (ഇന്‍വെസ്റ്റ്മെന്റ്, ഇക്വിറ്റി) നിമേഷ് ചന്ദന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.

Related Articles
Next Story
Videos
Share it