ധനലക്ഷ്മി ബാങ്കിന്റെ ലാഭം 48% ഉയര്‍ന്നു; കിട്ടാക്കടം താഴോട്ട്

മൊത്ത വരുമാനം 327.43 കോടി രൂപയായി, പലിശ വരുമാനവും വർധിച്ചു
ധനലക്ഷ്മി ബാങ്കിന്റെ ലാഭം 48% ഉയര്‍ന്നു; കിട്ടാക്കടം താഴോട്ട്
Published on

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ജൂലൈ -സെപ്റ്റംബർ പാദത്തില്‍ 23.16 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 15.89 കോടി രൂപയായിരുന്നു ലാഭം. 47.5% വളർച്ച രേഖപ്പെടുത്തി. ആസ്തി നിലവാരം മെച്ചപ്പെട്ടതാണ് ലാഭ വളര്‍ച്ച നേടാന്‍ ബാങ്കിനെ സഹായിച്ചത്. 

ബാങ്കിന്റെ മൊത്ത വരുമാനം 285.26 കോടി രൂപയില്‍ നിന്ന് 327.43 കോടി രൂപയായി. ഇക്കാലയളവില്‍ അറ്റ പലിശ വരുമാനം 116.44 കോടി രൂപയില്‍ നിന്ന് 120.96 കോടി രൂപയായി.

ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.03 ശതമാനം വര്‍ധനയോടെ 24,127 കോടി രൂപയായി.

നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞു

അവലോകന പാദത്തില്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടതു ഗുണമായി. മൊത്ത നിഷ്‌ക്രിയ ആസ്തി (gross non-performing asset/GNPA) മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 6.04 ശതമാനത്തില്‍ നിന്ന് 5.36 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (net non-performing asset/NNPA) 2.32 ശതമാനത്തില്‍ നിന്ന് 1.29 ശതമാനമായി. 2023 സെപ്റ്റംബർ  വരെയുള്ള കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് അനുപാതം 89.11 ശതമാനമാണ്. 

പാദാടിസ്ഥാനത്തില്‍ ക്ഷീണം

പാദാടിസ്ഥാനത്തില്‍ നോക്കിയാല്‍ ലാഭവും വരുമാനവും കുറഞ്ഞു. 2023 ജൂണിൽ അവസാനിച്ച പാദത്തില്‍ ലാഭം 28.30 കോടി രൂപയായിരുന്നു. വരുമാനം 341 കോടി രൂപയും.  ജൂണ്‍ പാദത്തെ അപേക്ഷിച്ച് കിട്ടാക്കടവും കൂടുകയാണുണ്ടായത്. ജൂണ്‍ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 5.21 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.09 ശതമാനവുമായിരുന്നു.

നിക്ഷേപവും വായ്പയും

ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 8.39% ശതമാനം വര്‍ധനയോടെ 13,817 കോടി രൂപയായി. കാസാ (കറന്റ്, സേവിംഗ്‌സ്) നിക്ഷേപങ്ങള്‍ സെപ്റ്റംബർ പാദത്തിൽ 31.06 ശതമാനമായി. ചെറുകിട വായ്പകള്‍ 17.32% വര്‍ധിച്ച് 4,861 കോടി രൂപയുമായി.

വായ്പകള്‍ ഇക്കാലയളവില്‍ 13.19% ശതമാനം വര്‍ധനയോടെ 10,310 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 26.60 ശതമാനം വര്‍ധിച്ച് 2,596 കോടി രൂപയും സൂക്ഷ്മ-ചെറുകിട മേഖലകള്‍ക്കുള്ള വായ്പകള്‍ (SME) 1,670.20 കോടി രൂപയുമാണ്.

ഓഹരി വില ഇടിഞ്ഞു

ഇന്നലെ ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ച ശേഷമാണ് ബാങ്ക് പാദഫലം പ്രഖ്യാപിച്ചത്. വ്യാപാരാന്ത്യം 0.72% ഇടിഞ്ഞ് 29.12 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലത്തെ സെഷനില്‍ 3.78% ഇടിഞ്ഞ് 28.05 രൂപയിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. ഈ വര്‍ഷം ഇതു വരെ ഓഹരിയുടെ നേട്ടം 44 ശതമാനത്തിലധികമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com