ഡിജിറ്റല്‍ രൂപ കൂടുതല്‍ നഗരങ്ങളിലേക്ക്: പദ്ധതിയിൽ ഫെഡറൽ ബാങ്കും

പദ്ധതി കൊച്ചി, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഗാങ്‌ടോക്ക് തുടങ്ങിയ നഗരങ്ങളിലും
ഡിജിറ്റല്‍ രൂപ കൂടുതല്‍ നഗരങ്ങളിലേക്ക്: പദ്ധതിയിൽ ഫെഡറൽ ബാങ്കും
Published on

വിവിധ സവിശേഷതകള്‍ സംയോജിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) കൂടുതല്‍ നഗരങ്ങളിലേക്കും ബാങ്കുകളിലേക്കും പൈലറ്റ് അടിസ്ഥാനത്തില്‍ വിപുലീകരിക്കും. 2022-23 ലെ റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് തീരുമാനം.  

സി.ബി.ഡി.സി

നിലവിലുള്ള കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സി.ബി.ഡി.സി). പൊതുവായ ഉപയോഗങ്ങള്‍ക്കു വേണ്ടി (റീറ്റെയ്ല്‍) സി.ബി.ഡി.സി-ആര്‍, ധനകാര്യ സ്ഥാപനങ്ങളും മറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കായി സിബിഡിസി-ഡബ്യൂ (ഹോള്‍സെയില്‍) എന്നിങ്ങനെ രണ്ടു തരത്തിലാണ് സിബിഡിസി എത്തിയത്. സി.ബി.ഡി.സി-ഡബ്യൂ പരീക്ഷണാടിസ്ഥാനത്തില്‍ 2022 നവംബര്‍ 1 ന് ആരംഭിച്ചു.സി.ബി.ഡി.സി-ആര്‍ 2022 ഡിസംബര്‍ 1 നും.

ഈ ബാങ്കുകളിലേക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, എച്ച്.എസ്.ബി.സി എന്നിവയുള്‍പ്പെടെ ഒമ്പത് ബാങ്കുകള്‍ സി.ബി.ഡി.സി-ഡബ്യൂവിന്റെ പൈലറ്റില്‍ പങ്കാളികളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നിവയുള്‍പ്പെടെ നാല് ബാങ്കുകളിലാണ് റീറ്റെയ്ല്‍ ഇ-രൂപയുടെ പൈലറ്റ് ആരംഭിച്ചത്.

നാല് ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ പിന്നീട് അതില്‍ ചേര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുള്‍പ്പെടെ അഞ്ച് ബാങ്കുകള്‍ കൂടി പരീക്ഷണാടിസ്ഥാനത്തില്‍ ചേരാനുള്ള ശ്രമത്തിലാണ്. റീറ്റെയ്ല്‍ ഇ-രൂപയുടെ പൈലറ്റ് മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നിവിടങ്ങളിലും ആരംഭിച്ചു.  കൊച്ചി, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലും ഘട്ടം ഘട്ടമായി നടപ്പാക്കുന്നുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട ചില ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ആവശ്യങ്ങള്‍ക്കു മാത്രമായാണ് ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. സാധ്യതകള്‍ കൂടുതല്‍ മനസ്സിലാക്കിയ ശേഷം ഇത് വിപുലീകരിക്കുമെന്ന് സര്‍ക്കാര്‍ മുമ്പ് അറിയിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com