

രമേഷ് കൃഷ്ണന്‍
പസഫിക് മഹാസമുദ്രത്തില്‍ ചൂട് കൂടുമ്പോള്‍ ഇന്ത്യയിലെ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റും വിയര്‍ക്കുന്നു. സമുദ്രത്തിന് ചൂട് കൂടുമ്പോള്‍ ആഗോളതലത്തില്‍ കാലാവസ്ഥ വ്യതിയാനം സംഭവിക്കും. പസഫിക്കിലെ ചൂട് കൂടുന്നത് മൂലമുള്ള എല്‍നിനോ പ്രതിഭാസം തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുകയും മഴക്കുറവ് അനുഭവപ്പെടുകയും ചെയ്യും. രാജ്യത്ത് മഴ കുറഞ്ഞാല്‍ ബാങ്കുകളുടെ ലാഭ-നഷ്ട കണക്കില്‍ അത് പ്രതിഫലിക്കും.
സാധാരണ നിലയിലുള്ള മണ്‍സൂണ്‍ എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടെങ്കിലും മഴക്കുറവ് സംഭവിച്ചാല്‍ കാര്‍ഷിക മേഖലയില്‍ ഗണ്യമായ സ്വാധീനം അത് ചെലുത്തും. കാരണം രാജ്യത്തെ കാര്‍ഷിക മേഖല വലിയ തോതില്‍ മഴയെ ആശ്രയിച്ചാണിരിക്കുന്നത്.
മഴയുടെ അളവില്‍ വരുന്ന വ്യത്യാസം വിളവിനെയും ഗ്രാമീണ മേഖലയിലെ വരുമാനത്തെയുമെല്ലാം ബാധിക്കും. കൃഷിയിടത്തിന് വേണ്ട ഉപകരണങ്ങള്‍, വിത്തുകള്‍ എന്നുവേണ്ട ഗാര്‍ഹിക ഉപകരണങ്ങള്‍, വീട്ടുസാധനങ്ങള്‍ എന്നിവയുടെയെല്ലാം വില്‍പനയില്‍ ഇടിവ് സംഭവിക്കും.
ബാങ്കിങ് മേഖലയെ സംബന്ധിച്ചിടത്തോളം, ഈ കാലാവസ്ഥ അപകട സാധ്യതയില്‍ നിന്ന് സാമ്പത്തിക അപകട സാധ്യതയിലേക്ക് മാറുന്നത് ക്രമേണയാണെങ്കിലും വ്യാപകമായിരിക്കും. കാര്‍ഷിക വായ്പകളെയാകും ഇത് ആദ്യം ബാധിക്കുക. വിളവെടുപ്പ് മോശമാകുന്നത് കര്‍ഷകരുടെ തിരിച്ചടവ് ശേഷിയെ ദുര്‍ബലപ്പെടുത്തുകയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പോര്‍ട്ട്ഫോളിയോകളുടെ ആസ്തി നിലവാരത്തിന് ഭീഷണിയാകുകയും ചെയ്യും.
വായ്പ തിരിച്ചടവുകള്‍ തകരാറിലാകുമ്പോള്‍, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളില്‍ (എന്‍പിഎ) കുതിച്ചുചാട്ടമുണ്ടാകും. ഇതോടെ ലാഭക്ഷമത കുറക്കുന്ന ഉയര്‍ന്ന പ്രൊവിഷനിങ്ങിന് ബാങ്കുകള്‍ നിര്‍ബന്ധിതരാകും.
കൃഷിക്കപ്പുറം ഈ പ്രത്യാഘാതങ്ങള്‍ വ്യാപിക്കും. ഗ്രാമീണ വ്യാപാരികള്‍, കാര്‍ഷിക-ഇന്‍പുട്ട് ഡീലര്‍മാര്‍, ഗതാഗത ഓപറേറ്റര്‍മാര്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവ പലപ്പോഴും മികച്ചൊരു കാര്‍ഷിക സീസണ്‍ സൃഷ്ടിക്കുന്ന ചെലവഴിക്കല്‍ ശക്തിയെ ആശ്രയിച്ചിരിക്കുന്നു. ഗ്രാമീണ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ഏത് മാന്ദ്യവും വായ്പകളുടെ ഡിമാന്‍ഡ് കുറക്കുകയും അനുബന്ധമായ മറ്റ് മേഖലകളിലുടനീളമുള്ള റീപേയ്‌മെന്റുകളെ ബാധിക്കുകയും ചെയ്യും.മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ദുര്‍ബലരാകാം.
ഗ്രാമീണ, അര്‍ധ-നഗര പ്രദേശങ്ങളിലെ പല വായ്പക്കാരും കാര്‍ഷിക വരുമാനത്തെ നേരിട്ടോ, അല്ലാതെയോ ആശ്രയിക്കുന്നു. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മഴക്കുറവ് ഗാര്‍ഹിക പണമൊഴുക്കുകളെയും തിരിച്ചടവ് ശേഷിയെയും സ്വാധീനിക്കും. എന്നിരുന്നാലും, ഇന്ന് ഇന്ത്യ മുന്‍ ദശകങ്ങളെ അപേക്ഷിച്ച് തിരിച്ചടികള്‍ നേരിടാന്‍ കുറച്ചുകൂടി കരുത്താര്‍ജിച്ചിട്ടുണ്ട്. ജലസേചന സൗകര്യം വര്‍ധിപ്പിച്ചു. വിള വൈവിധ്യവല്‍ക്കരണം സാധ്യമാക്കി. കാലാവസ്ഥ പ്രവചനങ്ങളും ആധുനികവല്‍ക്കരിച്ചു.
പ്രകൃതിദുരന്തങ്ങള്‍ ഔദ്യോഗികമായി ബാധിച്ച പ്രദേശങ്ങളിലെ വായ്പകളുടെ പുനഃസംഘടനയും പുനഃക്രമീകരണവും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ നടപടികള്‍ക്ക് നിയമ ചട്ടക്കൂടുകളും ഇപ്പോഴുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ നിന്ന് ഉണ്ടാകുന്ന വരുമാന നഷ്ടത്തിനെതിരെ വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒരു അധിക സംരക്ഷണം നല്‍കുന്നു.
അരിയും ഗോതമ്പും ഗണ്യമായ തോതില്‍ സര്‍ക്കാര്‍ സംഭരിച്ചുവെച്ചിരിക്കുന്നതിനാല്‍ വിതരണ തടസങ്ങള്‍ കുറയും. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ഭക്ഷ്യോല്‍പന്നങ്ങളുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം നിയന്ത്രിക്കാനും ഇത് സഹായിക്കും.
ഭക്ഷ്യ നാണ്യപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നത് മൂലം റിസര്‍വ് ബാങ്കിന് പലിശ നിരക്ക് കൂടുതല്‍ കാലം ഉയര്‍ത്തിനിര്‍ത്തേണ്ടതായും വരും. ബാങ്കുകളുടെ ഫണ്ടിങ് ചെലവ് കൂടും. കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള എക്‌സ്‌പോഷര്‍ കുറവുള്ള ബാങ്കുകളുടെ പോലും ട്രഷറി പോര്‍ട്ട്‌ഫോളിയോകളില്‍ ഇത് സമ്മര്‍ദ്ദം ചെലുത്തും.
ഇന്ത്യന്‍ ബാങ്കുകളെ സംബന്ധിച്ചിടത്തോളം മണ്‍സൂണ്‍ പ്രവചനങ്ങള്‍ വെറും കാലാവസ്ഥ ബുള്ളറ്റിനുകള്‍ മാത്രമല്ല. ഗ്രാമീണ മേഖലയിലെ അഭിവൃദ്ധി, നാണ്യപ്പെരുപ്പത്തിന്റെ തോത്, സാമ്പത്തിക മേഖലയുടെ പ്രതിരോധ ശേഷി എന്നിവയെല്ലാം വെളിപ്പെടുത്തുന്ന ആദ്യഘട്ടത്തിലുള്ള സൂചന കൂടിയാണ്.
ബാങ്ക് വായ്പകളുടെ പത്തില്‍ ഒരുഭാഗം മാത്രമാണ് കാര്‍ഷിക വായ്പകള്‍. പക്ഷേ അതിനപ്പുറമാണ് അതുണ്ടാക്കുന്ന സ്വാധീനം. ദുര്‍ബലമായ മണ്‍സൂണ്‍ ഗ്രാമീണ മേഖലയിലെ ഉപഭോഗം കുറക്കും. സൂക്ഷ്മ സംരംഭങ്ങളെയും മൈക്രോ ഫിനാന്‍സുകളെയും പ്രതികൂലമായി ബാധിക്കും. ബാങ്കുകള്‍ക്ക് ഉയര്‍ന്ന പ്രൊവിഷനിങ് വേണ്ടി വരുന്നതിനാല്‍ ലാഭക്ഷമത കുറയും. എന്നിരുന്നാലും മൂല്യധന പര്യാപ്തത കരുത്തോടെ തുടരുമെന്നാണ് പ്രതീക്ഷ.
(പ്രമുഖ ബാങ്കിങ്, ധനകാര്യ വിദഗ്ധനും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ Xenturion Fintechല്‍ ബോര്‍ഡ് തല ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരികയാണ്)
Read DhanamOnline in English
Subscribe to Dhanam Magazine