
ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തേക്ക് കടന്നു വരാനുള്ള യുഎഇ ബാങ്കിന്റെ നീക്കം സജീവമായി. പ്രമുഖ ബാങ്കായ ആര്‍.ബി.എലിന്റെ (രത്‌നാകര്‍ ബാങ്ക് ലിമിറ്റഡ്) ഓഹരികള്‍ എമിറേറ്റ്‌സ് എന്‍.ബി.ഡി (നാഷണല്‍ ബാങ്ക് ഓഫ് ദുബൈ) വാങ്ങുന്നതിനുള്ള നടപടികള്‍ മുന്നേറുകയാണ്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് എമിറേറ്റിസ് എന്‍.ബി.ഡിക്ക് റിസര്‍വ് ബാങ്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ദുബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് എമിറേറ്റ്‌സ് എന്‍.ബി.ഡി. ആര്‍.ബി.എല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുമുണ്ട്.
എന്‍.ബി.ഡി ബാങ്ക് ആര്‍.ബി.എലില്‍ 317 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് സൂചന. നിലവിലുള്ള ഓഹരി വിലയില്‍ തന്നെയാകും ഇടപാടുകള്‍. 100 ശതമാനം പബ്ലിക് ഓഹരികളുള്ള ബാങ്കില്‍ വിദേശ ഫണ്ടുകളും നിക്ഷേപിക്കുന്നുണ്ട്. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് അടുത്തിടെയാണ് 3.82 ശതമാനം ഓഹരികള്‍ വിറ്റത്. ആര്‍.ബി.എല്‍ ഓഹരികള്‍ കഴിഞ്ഞ മാസം 21 ശതമാനം ഉയര്‍ന്നിരുന്നു. ഇന്നത്തെ ട്രേഡിംഗില്‍ നാല് ശതമാനം ഇടിഞ്ഞ് 249 രൂപയിലാണ് ക്ലോസ് ചെയ്തത്.
2007 ലാണ് എമിറേറ്റിസ് എന്‍.ബി.ഡി ബാങ്ക് നിലവില്‍ വന്നത്. നേരത്തെയുണ്ടായിരുന്ന എമിറേറ്റ്‌സ് ബാങ്ക് ഇന്റര്‍നാഷണലും നാഷണല്‍ ബാങ്ക് ഓഫ് ദുബൈയും ലയിച്ചായിരുന്നു എമിറേറ്റ്‌സ് എന്‍.ബി.ഡിയുടെ രൂപീകരണം. 1943 ല്‍ മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ ആര്‍.ബി.എല്‍ പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine