ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ അപേക്ഷകള്‍ കൂടുതലായി നിരസിക്കുന്നത് എന്തുകൊണ്ട്? റീജയണല്‍ ഓഫീസുകളോട് വിശദീകരണം തേടി ഇ.പി.എഫ്.ഒ

മാര്‍ച്ച് 31 വരെ 3.68 ലക്ഷം ഡിമാന്‍ഡ് ഓര്‍ഡറുകളാണ് ഇ.പി.ഒ ഇഷ്യു ചെയ്തത്‌
ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ അപേക്ഷകള്‍ കൂടുതലായി നിരസിക്കുന്നത് എന്തുകൊണ്ട്? റീജയണല്‍ ഓഫീസുകളോട് വിശദീകരണം തേടി ഇ.പി.എഫ്.ഒ
Published on

ഹയര്‍ പെന്‍ഷന്‍ ഓപ്ഷന്‍ അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് ഗണ്യമായി ഉയര്‍ന്നതിനെ തുടര്‍ന്ന് റീജിയണല്‍ ഓഫീസുകളോട് വിശദീകരണം ചോദിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO). ഹയര്‍ പെന്‍ഷന്‍ അപേക്ഷകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതേ കുറിച്ച് അന്വേഷിക്കാന്‍ തൊഴില്‍ മന്ത്രാലയം ഇ.പി.എഫ്.ഒയ്ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് നീക്കം.

പെന്‍ഷന്‍കാര്‍ക്കും മെമ്പര്‍മാര്‍ക്കും ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാനായി പ്രത്യേക വിന്‍ഡോ തുറന്നുകൊടുക്കണമെന്ന് സുപ്രീം കോടതി ഇ.പി.എഫ്.ഒയോട് ആവശ്യപ്പെട്ടതിനു ശേഷം മാര്‍ച്ച് 31 വരെ 17.49 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1.02 ലക്ഷം അപേക്ഷകള്‍ വിവരങ്ങള്‍ പൂര്‍ത്തിയാക്കാനായി തൊഴിലുടമകള്‍ക്ക് തിരിച്ചയിച്ചിട്ടുണ്ട്. കൂടാതെ 3.68 ലക്ഷം അപേക്ഷകരോട് ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ പ്രകാരം അടയ്‌ക്കേണ്ട അധിക തുക ആവശ്യപ്പെട്ട് നോട്ടീസും അയച്ചു.

ഒരു ലക്ഷത്തിലധികം പേര്‍ ഇ.പി.എഫ്.ഒ ആവശ്യപ്പെട്ട അധിക തുക അടച്ചു. നിലവില്‍ സര്‍വീസിലുള്ള 47,000 അംഗങ്ങളും ഉയര്‍ന്ന തുക അടച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇ.പി.എഫ്.ഒ 34,500 പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറുകളാണ് അയച്ചത്. ഇതില്‍ 19,000 എണ്ണം പ്രോസസിംഗിലാണെന്നും ഇ.പി.എഫ്.ഒ പറയുന്നു.

പരാതികളുയര്‍ന്നു

ഹയര്‍ ഓപ്ഷനുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അംഗങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് ഇ.പി.എഫ്.ഒ അയച്ച കത്തില്‍ പറയുന്നത്. ഇതില്‍ പലതും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളോ ഇല്ലാതിരുന്നതുകൊണ്ടാണെന്നാണ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മിക്ക ഇ.പി.എഫ്.ഒ ഓഫീസുകളും വ്യക്തമായ കാരണങ്ങളില്ലാതെയാണ് അപേക്ഷ നിരസിക്കുന്നത്, ഇത് നിരവധി പരാതികള്‍ക്കും ഇടയക്കി, ഹെഡ് ഓഫീസിനെ സംബന്ധിച്ച് ഈ സാഹചര്യം ശരിയായ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലുമാക്കി. ഹെഡ് ഓഫീസില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു. അപേക്ഷ നിരസിക്കുന്നതിന് ന്യായമായ കാരണമുണ്ടാകണം. ചെറിയ പിഴവുകളും പോരായ്മകളും പരിഹരിക്കാന്‍ അപേക്ഷകര്‍ക്ക് മതിയായ അവസരം നല്‍കണം. അപേക്ഷകള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിന് തൊഴിലുടമകളും തൊഴിലാളികളും പൂര്‍ണമായും നിബന്ധനകള്‍ പാലിക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2014 സെപ്റ്റംബര്‍ ഒന്ന് വരെ അംഗങ്ങളായവര്‍ക്ക്‌

2022 നവംബറിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എംപ്ലോയീസ് പെന്‍ഷന്‍ അമെന്‍ഡ്‌മെന്റ് സ്‌കീം 2014 ഭേഗദതിചെയ്ത് 2014 സെപ്റ്റംബര്‍ ഒന്ന് വരെ ഇ.പി.എസ് അംഗങ്ങളായിട്ടുള്ളവര്‍ക്ക് അവരുടെ യഥാര്‍ത്ഥ ശമ്പളത്തിന്റെ 8.33 ശതമാനം വരെ വിഹിതമായി അടയ്ക്കാന്‍ അവസരം നല്‍കിയിത്. നേരത്തെയും ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനമായിരുന്നു പെന്‍ഷന്‍ സ്‌കീമില്‍ അടയ്ക്കാനായിരുന്നതെങ്കിലും പ്രതിമാസം 15,000 രൂപയായി നിജപ്പെടുത്തിയിരുന്നു. പുതിയ ഭേദഗതി വന്നതോടെ ജീവനക്കാര്‍ക്ക് ശമ്പളം എത്രയായാലും പരിധിയിയില്ലാതെ ഇതിന്റെ 8.33 ശതമാനം ഇ.പി.എസിലേക്ക് അടയ്ക്കാം. അതായത് വിരമിക്കുമ്പോള്‍ കൂടുതല്‍ തുക പെന്‍ഷനായി നേടാനാകും.

പരിധി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്ക് അധിക വിഹിതം അടച്ച് പെന്‍ഷന്‍ ഉയര്‍ത്താനുള്ള സാഹചര്യമുണ്ടായെങ്കിലും അപേക്ഷകളിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഇത് നിരസിക്കുന്ന സാഹചര്യം വന്നതോടെയാണ് തൊഴില്‍ മന്ത്രാലയും ഇ.പി.എഫ്.ഒയ്ക്ക് കത്തയച്ചത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനു കീഴില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ പാനലുണ്ടാക്കി ഓഡിറ്റ് നടത്താനായിരുന്നു ആവശ്യം. ഇതുകൂടാതെ ഇ.പിഎഫ്.ഒ സ്വന്തം നിലയ്ക്കും നിരസിക്കപ്പെട്ട കേസുകള്‍ അന്വേഷിച്ചു.

തുടര്‍ച്ചയായി സര്‍ക്കുലറുകള്‍ അയച്ചിട്ടും അപേക്ഷകളില്‍ പുരോഗതിയുണ്ടാകുന്നില്ലെന്ന് കാണിച്ച് ഈവര്‍ഷം ജനുവരി ആദ്യം റീജിയണല്‍ ഓഫീസുകള്‍ക്ക് ഇ.പി.എഫ്.ഒ വീണ്ടും കത്ത് അയച്ചിരുന്നു. പിന്നീട് ജനുവരി 24, ഫെബ്രുവരി ഏഴ് എന്നിങ്ങനെ പെന്‍ഷന്‍ അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ സമയപരിധിയും നിശ്ചയിച്ചിരുന്നു. മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച് 3.68 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. പേയ്‌മെന്റ് ഓര്‍ഡര്‍ ലഭിക്കാതെ 34,500 അപേക്ഷകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com