

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (2026 ജൂലൈ - സെപ്റ്റംബര്‍) ശക്തമായ സാമ്പത്തിക തിരിച്ചു വരവ് നടത്തി തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് (ESAF SFB). കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 115.81 കോടി രൂപയുടെ അറ്റനഷ്ടത്തില്‍ നിന്ന് ഇത്തവണ 160.17 കോടി രൂപയുടെ അറ്റലാഭത്തിലേക്കാണ് ബാങ്ക് തിരിച്ചെത്തിയത്. മുന്‍ പാദത്തിലെ (Q1 FY27) 80.08 കോടി രൂപ അറ്റലാഭത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്.
വായ്പാ ഗുണനിലവാരത്തിലുണ്ടായ മുന്നേറ്റവും കിട്ടാക്കടം കൈകാര്യം ചെയ്യാന്‍ നീക്കി വയ്ക്കേണ്ടി വന്ന തുകയിലുണ്ടായ കുറവുമാണ് ബാങ്കിന്റെ ഈ സാമ്പത്തിക പ്രകടനത്തിന് പിന്തുണയേകിയത്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 964.98 കോടി രൂപയില്‍ നിന്ന് ബാങ്കിന്റെ മൊത്തം വരുമാനം 43.8 ശതമാനം വര്‍ധിച്ച് 1,388.04 കോടി രൂപയിലെത്തി. പലിശ വരുമാനം 819.82 കോടി രൂപയില്‍ നിന്ന് 1,174.71 കോടി രൂപയായി ഉയര്‍ന്നു.
പലിശ വരുമാനവും പലിശച്ചെലവും തമ്മിലുള്ള വ്യത്യാസമായ അറ്റ പലിശ വരുമാനം (NII) 73 ശതമാനം വര്‍ധിച്ച് 643.25 കോടി രൂപയായി (മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 371.79 കോടി രൂപ). അറ്റ പലിശ മാര്‍ജിന്‍ (NIM) 5.9 ശതമാനത്തില്‍ നിന്ന് 8.2 ശതമാനത്തിലേക്ക് വര്‍ധിച്ചു. പ്രൊവിഷനുകള്‍ക്ക് മുന്‍പുള്ള പ്രവര്‍ത്തന ലാഭം (PPOP) 93.25 കോടി രൂപയില്‍ നിന്ന് 288.6 ശതമാനം ഉയര്‍ന്ന് 362.39 കോടി രൂപയിലെത്തി.
സൂക്ഷ്മ വായ്പാ രംഗത്ത് (Microfinance) നിന്ന് ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ബാങ്കിന്റെ അസറ്റ് ക്വാളിറ്റിയില്‍ വലിയ മുന്നേറ്റമുണ്ട്.
മൊത്തം കിട്ടാക്കടം (Gross NPA) കഴിഞ്ഞ വര്‍ഷത്തെ 8.54 ശതമാനത്തില്‍ (1,634.57 കോടി രൂപ) നിന്ന് 2.84 ശതമാനമായി (678.58 കോടി രൂപ) താഴ്ന്നു. അറ്റ കിട്ടാക്കടം (Net NPA) 3.83 ശതമാനത്തില്‍ നിന്ന് 0.34 ശതമാനത്തിലേക്ക് കുറഞ്ഞു. കിട്ടാക്കടങ്ങള്‍ക്കായി മാറ്റിവെക്കുന്ന പ്രൊവിഷന്‍ തുക കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 248.67 കോടി രൂപയില്‍ നിന്ന് 147.89 കോടി രൂപയായി കുറഞ്ഞു. ബാങ്കിന്റെ പ്രൊവിഷന്‍ കവറേജ് റേഷ്യോ (PCR) 94.0 ശതമാനമായി ഉയര്‍ന്നത് കൂടുതല്‍ സുരക്ഷിതത്വം നല്കുന്നു.
ബാങ്കിന്റെ മൊത്തം വായ്പകള്‍ 25 ശതമാനം വര്‍ധിച്ച് 23,934 കോടി രൂപയിലെത്തി. ഇതില്‍ ഈടുള്ള വായ്പകള്‍ (Secured Advances) 32 ശതമാനം വര്‍ധിച്ച് 15,377 കോടി രൂപയായി. മൊത്തം വായ്പാ പോര്‍ട്ട്ഫോളിയോയുടെ 64 ശതമാനവും ഇത്തരം സുരക്ഷിത വായ്പകളാണ്. സ്വര്‍ണപ്പണയ വായ്പകള്‍ 39 ശതമാനം വര്‍ധിച്ച് 10,456 കോടി രൂപ കടന്നു.
ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 24 ശതമാനം ഉയര്‍ന്ന് 28,466 കോടി രൂപയായി. റീറ്റൈയ്ല്‍ നിക്ഷേപങ്ങള്‍ 25,475 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് (CASA) അനുപാതം 23.3 ശതമാനമാണ്.
ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 24.14 ശതമാനം എന്ന ശക്തമായ നിലയിലാണ്. റിട്ടേണ്‍ ഓണ്‍ അസറ്റ്സ് (RoA) 1.5 ശതമാനവും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (RoE) 26.5 ശതമാനവുമാണ്.
ESAF SFB reports strong financial recovery in Q2 FY27, backed by robust asset quality, declining provisions, and high growth in secured loans.
Read DhanamOnline in English
Subscribe to Dhanam Magazine