

തൃശൂർ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വർഷം രണ്ടാം പാദത്തില്‍ 140.12 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 57.58 കോടി രൂപയില്‍ നിന്ന് 143 ശതമാനമാണ് വര്‍ധന.
ബാങ്കിന്റെ മൊത്തം ബിസിനസ് 32.81 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 26,284 കോടി രൂപയിൽ നിന്ന് ഇത്തവണ 34,906 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭത്തിലും മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. മുന്‍ വര്‍ഷത്തെ 210.83 കോടി രൂപയില്‍ നിന്ന് 37.39 ശതമാനം വര്‍ധനയോടെ 289.65 കോടി രൂപയിലെത്തി.
നിക്ഷേപവും വായ്പയും
ബാങ്കിന്റെ നിക്ഷേപങ്ങള്‍ 28.82 ശതമാനം വര്‍ധിച്ച് 17,416 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 13,520 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യത്തില്‍ രണ്ടാം പാദത്തില്‍ 37.03 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം 12,764 കോടി രൂപയായിരുന്ന വായ്പകള്‍ 17,490 കോടി രൂപയിലെത്തി.
നിഷ്‌ക്രിയ ആസ്തി കുറഞ്ഞു
ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തുന്നതിലും ബാങ്ക് മുന്നേറ്റം കാഴ്ചവച്ചു. മുന്‍ വര്‍ഷം 8.11 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) അനുപാതം 2.64 ശതമാനമായും 4.34 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) അനുപാതം 1.19 ശതമാനമായും കുറഞ്ഞു. 20.57 ശതമാനമാണ് മൂല്യധന പര്യാപ്തതാ അനുപാതം.
ആദ്യ പകുതിയിൽ മികച്ച ലാഭം
സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു പാദങ്ങളിലായി ബാങ്ക് 270.08 കോടി രൂപ ലാഭം നേടി. 65.14 ശതമാനമാണ് വര്‍ധന. അര്‍ധവാര്‍ഷിക പ്രവര്‍ത്തന ലാഭം 35.36 ശതമാനം വര്‍ധിച്ച് 590.32 കോടി രൂപയിലുമെത്തി.
2023 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് മൊത്തം 700 ശാഖകളും 579 എ.ടി.എമ്മുകളും ഉണ്ട്.
ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സുസ്ഥിര മാതൃകയുമാണ് ബാങ്കിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു.
ഇസാഫ് ഓഹരി
നവംബർ 10നാണ് ഇസാഫ് ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. ആദ്യ ദിനം ഐ.പി.ഒ വിലയേക്കാൾ 20 ശതമാനത്തോളം ഉയർന്ന ഓഹരി 0.72% നേരിയ തോതിൽ കുറഞ്ഞ് 68.85 രൂപയിലാണ് ബി.എസ്.ഇ യിൽ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് . നിലവിലെ ഓഹരി വില പ്രകാരം 3,544.77 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
Read DhanamOnline in English
Subscribe to Dhanam Magazine