ചിപ്പുള്ള ഡെബിറ്റ് കാര്‍ഡിലേക്ക് ഇനിയും മാറിയില്ലേ?

ചിപ്പുള്ള ഡെബിറ്റ് കാര്‍ഡിലേക്ക് ഇനിയും മാറിയില്ലേ?
Published on

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏറെക്കാലം മുമ്പേ തന്നെ ഉപഭോക്താക്കള്‍ ഇഎംവി ചിപ്പ് അടങ്ങിയ ഡെബിറ്റ് കാര്‍ഡിലേക്ക് മാറണം എന്ന ഉത്തരവ് ഇറക്കിയെങ്കിലും ലക്ഷക്കണക്കിന് കാര്‍ഡ് ഉടമകളുടെ പക്കലുള്ളത് പഴയ കാര്‍ഡ് ആണ്.

പഴയ മാഗ്ന്റ്റിക് സ്ട്രാപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് ജനുവരി ഒന്ന് മുതല്‍ ഇനി ഇടപാടുകള്‍ നടത്താനാകില്ല. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ലെ കണക്ക് അനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 99 കോടിയാണ്. എന്നാല്‍ ഇതില് 75 ശതമാനം പേര്‍ക്ക് മാത്രമേ പുതിയ ചിപ്പ് അധിഷ്ഠിത കാര്‍ഡ് ലഭിച്ചിട്ടുള്ളു എന്നാണ് കണക്ക്.

അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ബാങ്ക് ഉപഭോക്താക്കള്‍ക്ക് പണമിടപാടുകള്‍ മുടങ്ങിയേക്കാം. യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുടെ ചുരുക്കെഴുത്താണ് ഇ.എം.വി.

മാഗ്നറ്റിക് സ്ട്രിപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന പഴയ കാര്‍ഡുകള്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവാണ് പുതിയ കാര്‍ഡിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് ഉത്തരവ് ഇറക്കിയതിന് പിന്നില്‍. ക്ലോണിംഗ്, സ്‌കിമ്മിംഗ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടുകയാണ് പുതിയ കാര്‍ഡിലൂടെ ലക്ഷ്യം വെക്കുന്നത്. പുതിയ കാര്‍ഡ് വഴി ഓണ്‍ലൈന്‍ സെക്യൂരിറ്റി, കാര്‍ഡ് നഷ്ടപ്പെട്ടാലുള്ള സുരക്ഷിതത്വം എന്നിവ ഒരുപരിധി വരെ ഉറപ്പുവരുത്താനാകും.

ഇനിയും പുതിയ ഡെബിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ എത്രയും വേഗം ഓണ്‍ലൈനില്‍ അപേക്ഷിക്കുകയോ സ്വന്തം ബ്രാഞ്ചില്‍ സമീപിക്കുകയോ ചെയ്യണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ എസ്ബിഐ ഡെബിറ്റ് കാര്‍ഡിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണ്ട വിധം

1. ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യമുള്ളവര്‍ www.onlinesbi.com എന്ന വെബ്‌സൈറ്റില്‍ യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക.

2. അതിനുശേഷം 'ഇസര്‍വീസ്' എന്ന ടാബില്‍ എറ്റിഎം കാര്‍ഡ് സര്‍വീസസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

3. ലിസ്റ്റില്‍ നിന്ന് 'റിക്വസ്റ്റ് എറ്റിഎം/ഡെബിറ്റ് കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

4. പുതിയൊരു പേജ് തുറക്കും. അതില്‍ പുതിയ എറ്റിഎം കാര്‍ഡ് ലഭിക്കേണ്ട സേവിംഗ്‌സ് എക്കൗണ്ട് തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ലഭിക്കേണ്ട എറ്റിഎം കാര്‍ഡും തെരഞ്ഞെടുക്കുക.

5. സബ്മിറ്റ് ടാബില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ എറ്റിഎം കാര്‍ഡ് നിങ്ങളുടെ വീടിന്റെ അഡ്രസില്‍ ഏഴ് വര്‍ക്കിംഗ് ദിനത്തിനുള്ളില്‍ ലഭിക്കും. പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കില്‍ കൊടുത്തിരിക്കുന്ന നിങ്ങളുടെ അഡ്രസും ഫോണ്‍ നമ്പറും മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

6. ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെ മാത്രമേ ലഭ്യമാകൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com