കേരളത്തിലെ ബാങ്കുകള്‍ ഫസ്റ്റ് അബുദാബി ബാങ്കിന്റെ റഡാറില്‍? 51% ഓഹരി വാങ്ങാന്‍ നീക്കം?

ഇന്ത്യയിലെ ഇടത്തരം സ്വകാര്യ ബാങ്കിനെ ഏറ്റെടുത്ത് സാന്നിധ്യം വിപുലീകരിക്കാനാണ് ഫസ്റ്റ് അബുദാബി ബാങ്കിന്റെ ശ്രമം. കേരളം ആസ്ഥാനമായുള്ള ഒരു ബാങ്കുമായി ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ട്
കേരളത്തിലെ ബാങ്കുകള്‍ ഫസ്റ്റ് അബുദാബി ബാങ്കിന്റെ റഡാറില്‍? 51% ഓഹരി വാങ്ങാന്‍ നീക്കം?
Published on: 

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ വമ്പന്‍ ഏറ്റെടുക്കലിനൊരുങ്ങി യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്ക് (FAB). ഇന്ത്യയിലെ പ്രമുഖ ഇടത്തരം സ്വകാര്യ ബാങ്കുകളെ ഏറ്റെടുത്ത് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള സാധ്യതകളാണ് യുഎഇ ബാങ്ക് നോക്കുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ ഭാഗമായി കേരളം ആസ്ഥാനമായുള്ള ഒരു പ്രമുഖ ബാങ്കുമായും ബന്ധന്‍ ബാങ്കുമായും എഫ്എബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകളുടെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കി മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാനാണ് ഫസ്റ്റ് അബുദാബി ബാങ്കിന് താല്പര്യം.

ലിസ്റ്റില്‍ രണ്ട് കേരള ബാങ്കുകളോ?

കേരളത്തിലെ ഏത് ബാങ്കുമായാണ് ചര്‍ച്ച നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ബന്ധന്‍ ബാങ്ക് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. ബന്ധന്‍ ബാങ്ക് അടുത്തിടെ അബുദാബിയില്‍ ഓഫീസ് തുറന്നിരുന്നു.

കേരളം ആസ്ഥാനമായുള്ള രണ്ട് ബാങ്കുകളുടെ പേരുകള്‍ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഈ രണ്ട് ബാങ്കുകളെയും ഏറ്റെടുക്കാന്‍ ഫസ്റ്റ് അബുദാബി ബാങ്ക് നേരിട്ട് ചര്‍ച്ച നടത്തിയോ എന്നത് വാര്‍ത്തയില്‍ സ്ഥിരീകരിക്കുന്നില്ല.

എന്തുകൊണ്ട് ഇന്ത്യ?

ഇന്ത്യന്‍ ബാങ്കിംഗ് രംഗം വലിയ പരിഷ്‌കാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വലിയ വളര്‍ച്ചാസാധ്യതയുള്ള വിപണിയെന്നതും സാമ്പത്തികരംഗത്തെ ഇന്ത്യന്‍ വളര്‍ച്ചയുമാണ് ഫസ്റ്റ് അബുദാബി ബാങ്കിനെ ആകര്‍ഷിക്കുന്നത്.

നിലവില്‍ മുംബൈയിലും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുമായി രണ്ട് ശാഖകളാണ് ഫസ്റ്റ് അദുബാബി ബാങ്കിനുണ്ട്. മിഡില്‍ ഈസ്റ്റിന് പുറത്തുള്ള അതിവേഗം വളരുന്ന വിപണികളില്‍ സാന്നിധ്യം ശക്തമാക്കുകയെന്ന ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം.

യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക് ഇന്ത്യയിലെ ആര്‍ബിഎല്‍ ബാങ്കില്‍ അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു. ആര്‍ബിഎല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്.

യുഎഇ വിപണിയില്‍ പരസ്പരം മത്സരിക്കുന്ന ബാങ്കുകളാണ് എമിറേറ്റ്‌സ് എന്‍ബിഡിയും ഫസ്റ്റ് അബുദാബി ബാങ്കും. അതിനാല്‍ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താനുള്ള നീക്കങ്ങള്‍ക്ക് മത്സരത്തിന്റേതായ സ്വഭാവമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com