

ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് വഴിതുറന്നുകൊണ്ട് ഐഡിബിഐ ബാങ്ക് (IDBI Bank) കനേഡിയന്‍ നിക്ഷേപകനായ പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഹോള്‍ഡിംഗ്‌സ് (Fairfax Holdings) സ്വന്തമാക്കുന്നു. പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെയും (LIC) നീക്കങ്ങളാണ് ഒടുവില്‍ ലക്ഷ്യത്തിലെത്തുന്നത്. ഏകദേശം 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 53,000 കോടി രൂപ) മൂല്യം കണക്കാക്കുന്ന ഈ ഇടപാട് രാജ്യത്തെ ഒരു ബാങ്കില്‍ നടക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമായി മാറും.
ധനമന്ത്രാലയത്തില്‍ നടന്ന നിര്‍ണായക യോഗങ്ങള്‍ക്ക് ശേഷമാണ് ഫെയര്‍ഫാക്‌സിന്റെ പുതുക്കിയ ഓഫര്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിമാരുടെ സമിതി പുതുക്കിയ ബിഡ് വിലയിരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
നിലവില്‍ ഐഡിബിഐ ബാങ്കിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായില്ല. ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ലേലം നടത്തുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇതിനായുള്ള ചര്‍ച്ചകളില്‍ ബാങ്കിന് നേരിട്ട് യാതൊരു പങ്കുമില്ലെന്നും ഐഡിബിഐ ബാങ്ക് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഹരി ഒന്നിന് 75 രൂപയാണ് ഫെയര്‍ഫാക്‌സ് വാഗ്ദാനം ചെയ്തിരുന്നതെങ്കില്‍, നിലവില്‍ ഇത് 81 രൂപയായി ഉയര്‍ത്തിയാണ് കമ്പനി ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്.
ബാങ്കില്‍ നിലവില്‍ 45.48 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ 30.48 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്‌സിന് കൈമാറുക. ഇതിലൂടെ ഖജനാവിലേക്ക് 26,620 കോടി രൂപ എത്തും.
ഐഡിബിഐ ബാങ്കില്‍ 50 ശതമാനത്തിനടുത്ത് ഓഹരി പങ്കാളിത്തമുള്ള എല്‍ഐസി 30.24 ശതമാനം ഓഹരികള്‍ വില്‍ക്കും. ഇതിലൂടെ എല്‍ഐസിക്ക് 26,440 കോടി രൂപ ലഭിക്കും. സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും ഓഹരികള്‍ ചേരുന്നതോടെ ഫെയര്‍ഫാക്‌സ് കൈക്കലാക്കുന്ന മൊത്തം ഓഹരി പങ്കാളിത്തം 60.72 ശതമാനമായി ഉയരും.
തുടര്‍ന്ന് പൊതു ഓഹരി ഉടമകള്‍ക്കായി ഓപ്പണ്‍ ഓഫര്‍ പുറപ്പെടുവിക്കാനും ഫെയര്‍ഫാക്‌സ് ബാധ്യസ്ഥരായിരിക്കും.
കേരളത്തിന്റെ ബാങ്കിംഗ് പാരമ്പര്യത്തില്‍ നിര്‍ണായക സ്ഥാനമുള്ള തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന്റെ (CSB Bank) സ്വതന്ത്ര അസ്തിത്വത്തെ ഈ മെഗാ ഇടപാട് എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചകള്‍ സാമ്പത്തിക ലോകത്ത് സജീവമായിക്കഴിഞ്ഞു. ആര്‍ബിഐ നിബന്ധനകള്‍ മറികടക്കാന്‍ പ്രധാനമായും രണ്ട് സാധ്യതകളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്:
ലയന സാധ്യത (Merger): വലിപ്പത്തില്‍ ഏറെ മുന്നിലുള്ള ഐഡിബിഐ ബാങ്കുമായി സിഎസ്ബി ബാങ്ക് ലയിക്കുകയാണെങ്കില്‍, മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT) എസ്ബിഐയില്‍ ലയിച്ചുപോയതുപോലെ കേരളത്തിന് മറ്റൊരു ബാങ്കിന്റെ ആസ്ഥാനം കൂടി നഷ്ടമായേക്കാം. ലയനത്തോടെ ബാങ്കിന്റെ ആസ്ഥാനം മുംബൈയിലേക്ക് മാറുന്നത് സംസ്ഥാനത്തെ കാര്‍ഷിക-ചെറുകിട വ്യവസായ മേഖലകള്‍ക്കുള്ള വായ്പാ മുന്‍ഗണനകളെയും ജീവനക്കാരുടെ പുനര്‍വിന്യാസത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഓഹരി വിറ്റഴിക്കല്‍ സാധ്യത (Divestment): എന്നാല്‍ ലയനത്തിന് പകരം, സിഎസ്ബി ബാങ്കില്‍ തങ്ങള്‍ക്കുള്ള 40 ശതമാനം ഓഹരികള്‍ ഘട്ടഘട്ടമായി വിറ്റൊഴിഞ്ഞ് പൂര്‍ണ്ണമായും ഐഡിബിഐ ബാങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും ഫെയര്‍ഫാക്‌സ് ശ്രമിച്ചേക്കുകയെന്നും ശക്തമായ സൂചനകളുണ്ട്. നിലവില്‍ മികച്ച സാമ്പത്തിക അടിത്തറയുള്ള സിഎസ്ബി ബാങ്കിലെ ഓഹരികള്‍ വില്‍ക്കുന്നത് വഴി വന്‍ ലാഭം കൊയ്യാന്‍ ഫെയര്‍ഫാക്‌സിന് സാധിക്കും. പുതിയൊരു ഇന്ത്യന്‍ പ്രൊമോട്ടറോ ആഗോള നിക്ഷേപകരോ ഈ ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ട് വരികയാണെങ്കില്‍ സിഎസ്ബി ബാങ്കിന് കേരളം ആസ്ഥാനമായിത്തന്നെ സ്വതന്ത്രമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞേക്കും.
2019-ല്‍ ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തികള്‍ (NPA) കാരണം പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കിനെ എല്‍ഐസി 21,624 കോടി രൂപ നിക്ഷേപിച്ച് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഐഡിബിഐ ബാങ്കിനെ പൊതുമേഖല ബാങ്കുകളുടെ ഗണത്തില്‍ നിന്നു മാറ്റി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ റിസര്‍വ് വിലയേക്കാള്‍ കുറഞ്ഞ ബിഡുകള്‍ വന്നതിനെ തുടര്‍ന്ന് ഓഹരി വില്പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചകളിലൂടെ ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
2025-ല്‍ ആര്‍ബിഎല്‍ ബാങ്കിന്റെ (RBL Bank) 60 ശതമാനം ഓഹരികള്‍ എമിറേറ്റ്‌സ് എന്‍ബിഡി (Emirates NBD) 2.75 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയിരുന്നു. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ ഫെയര്‍ഫാക്‌സ് തിരുത്തിക്കുറിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അസറ്റ് മോണിറ്റൈസേഷനിലൂടെ 80,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന് ഈ ഇടപാട് വലിയ ആശ്വാസമാകും. ഇനി കോംപറ്റീഷന്‍ കമ്മീഷന്റെയും (CCI) ആര്‍ബിഐയുടെയും 'ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍' (Fit & Proper) പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകും.
ഇടപാട് വാര്‍ത്ത പുറത്തുവന്നതോടെ ഐഡിബിഐ ബാങ്ക് ഓഹരികള്‍ എന്‍എസ്ഇയില്‍ (NSE) 3 ശതമാനം ഉയര്‍ന്ന് 87 രൂപയിലാണ് വ്യാപാരം. ബിഡ് നല്‍കിയിരിക്കുന്നത് 81 രൂപയിലായിട്ടും ഓഹരി മുന്നേറുകയാണുണ്ടായത്.
ഐഡിബിഐ ബാങ്ക് ഓഹരികള്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ 10 ശതമാനവും ഒരു മാസത്തിനിടെ 15 ശതമാനവും നേട്ടമുണ്ടാക്കി. എന്നാല്‍, ഈ വര്‍ഷം (2026) ഇതുവരെ 15 ശതമാനത്തിലധികവും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 ശതമാനവും ഇടിവാണ് ഓഹരി വിലയിലുണ്ടായത്.
അതേസമയം, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ബാങ്ക് നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 53 ശതമാനവും അഞ്ച് വര്‍ഷത്തിനിടെ 132 ശതമാനവും റിട്ടേണ്‍ നല്‍കാന്‍ ഈ ഓഹരിക്കായിട്ടുണ്ട്.
Prem Watsa's Fairfax Holdings prepares to acquire a majority stake in IDBI Bank for $5.5 billion (approx. ₹53,000 crore), marking India's largest-ever foreign bank investment.
Read DhanamOnline in English
Subscribe to Dhanam Magazine