

ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം റെക്കോഡ് ഇടിവിലേക്ക് (96–97 നിലവാരത്തിലേക്ക്) നീങ്ങിയ പശ്ചാത്തലത്തിലാണ് 2026 ജൂൺ 8-ന് റിസർവ് ബാങ്ക് (ആർ.ബി.ഐ) പ്രത്യേക എഫ്.സി.എൻ.ആർ-(ബി) സ്വാപ്പ് (Foreign Currency Non-Resident Bank Swap) സൗകര്യം പ്രഖ്യാപിച്ചത്. 2026 സെപ്റ്റംബർ 30 വരെ മാത്രം അപേക്ഷിക്കാവുന്ന ഈ പദ്ധതിയിലൂടെ, പ്രവാസി നിക്ഷേപകർക്ക് ഡോളർ നിക്ഷേപത്തിന്മേൽ 6 ശതമാനം മുതൽ 7.1 ശതമാനം വരെ നികുതിരഹിത ആദായമാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. ഇത്തവണത്തെ എഫ്.സി.എൻ.ആർ സ്വാപ്പ് പദ്ധതി വഴി 5,000 കോടി മുതൽ 7,000 കോടി ഡോളർ വരെ ഇന്ത്യൻ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയേക്കാം എന്നാണ് ആർ.ബി.ഐയുടെ കണക്കുകൂട്ടൽ.
അതേസമയം എഫ്.സി.എൻ.ആർ സ്വാപ്പ് പദ്ധതിയുടെ പ്രധാന കറൻസി റിസ്ക് അഥവാ രൂപയുടെ വിനിമയ നിരക്കിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് നേരിടാവുന്ന നഷ്ട സാധ്യത പ്രതിരോധിക്കാനുള്ള ചെലവ് (Hedging Cost) പൂർണമായും വഹിക്കുന്നത് ആർ.ബി.ഐ ആണ്. സാധാരണയായി 280 മുതൽ 300 ബേസിസ് പോയിന്റ് (2.80 - 3.0%) വരുന്ന ഈ ഹെഡ്ജിംഗ് ചെലവ് ഇത്തവണ ആർ.ബി.ഐ ഏറ്റെടുത്തതിനാലാണ് ബാങ്കുകൾക്ക് 5 ശതമാനത്തിന് മുകളിലുള്ള ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാൻ സാധിക്കുന്നത്. എന്നാൽ എഫ്.സി.എൻ.ആർ സ്വാപ്പ് പദ്ധതിയിലേക്ക് വരുന്ന ഭൂരിഭാഗം നിക്ഷേപവും സാധാരണ പ്രവാസികളുടെ സമ്പാദ്യമല്ല, മറിച്ച് വിദേശ ബാങ്ക് ശാഖകൾ മുഖേന ഘടന (leveraged FCNR deposit) മാറ്റിയെത്തുന്ന വൻകിട പ്രവാസി നിക്ഷേപകരുടെ ഫണ്ടുകളാണെന്നും അതുവഴി ഈ സബ്‌സിഡിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ വലിയ നിക്ഷേപകരാണെന്നുള്ള വിമർശനം ശക്തമാണ്.
എഫ്.സി.എൻ.ആർ സ്വാപ്പ് പദ്ധതിയിലൂടെ നടത്തുന്ന നിക്ഷേപങ്ങളുടെ കറൻസി റിസ്ക് കുറയ്ക്കുന്നതിനായി ബാങ്കുകൾ നടത്തുന്ന ഹെഡ്ജിംഗ് ട്രേഡുകൾക്ക് വേണ്ടിയുള്ള ചെലവ് ആർ.ബി.ഐ ഏറ്റെടുക്കുന്നതിന് പകരം അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യ നേരിട്ട് ഒരു 'ഡോളർ ബോണ്ട്' ഇറക്കിയിരുന്നെങ്കിൽ ഈ സബ്‌സിഡി ചെലവ് ഇതിലും കുറയ്ക്കാമായിരുന്നു എന്നൊരുവാദം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
എന്നാൽ ഡോളർ ബോണ്ടുകൾ നേരിട്ട് ഇറക്കിയിരുന്നെങ്കിൽ ഉയർന്ന പലിശച്ചെലവ് ആർ.ബി.ഐ നേരിട്ട് വഹിക്കേണ്ടി വരുമായിരുന്നു. എഫ്.സി.എൻ.ആർ-(ബി) നിക്ഷേപ വഴിയിലൂടെ കൂടുതൽ വിദേശനാണ്യം ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കുന്നത്, ആർ.ബി.ഐയുടെ നേരിട്ടുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുന്നു എന്നതാണ് ഈ നീക്കത്തിന്റെ യുക്തിയെന്ന് ഹാർനെസ് ഫിൻ വെൽത്തിലെ ചീഫ് സ്ട്രാറ്റജിസ്റ്റും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ അനീഷ് ചന്ദ്രൻ സി.വി. പറഞ്ഞു.
സാധാരണയായി ഒരു നിക്ഷേപം വരുമ്പോൾ അതിന്റെ ഒരു ഭാഗം നിയമപരമായ കരുതൽ ധന നിബന്ധനകൾ (Reserve Requirements) പാലിക്കുന്നതിനായി ബാങ്കുകൾക്ക് മാറ്റി വെക്കേണ്ടി വരുന്നുണ്ട്. ഇത് ബാങ്കുകൾക്ക് വായ്പ നൽകാൻ കഴിയുന്ന പണത്തിന്റെ അളവ് കുറയ്ക്കുന്നു. എന്നാൽ പുതിയ എഫ്.സി.എൻ.ആർ-(ബി) നിക്ഷേപങ്ങൾക്കുള്ള സി.ആർ.ആർ (Cash Reserve Ratio), എസ്.എൽ.ആർ (Statutory Liquidity Ratio) നിബന്ധനകൾ ആർ.ബി.ഐ ഒഴിവാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ, ബോണ്ടിന് പകരം ബാങ്ക് നിക്ഷേപ വഴി തിരഞ്ഞെടുത്തതിലൂടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ തോതിൽ മൂലധന സമാഹരണം (Capital Mobilization) നടത്താനാണ് ആർ.ബി.ഐ ശ്രമിക്കുന്നത്. അതുപോലെ എഫ്.സി.എൻ.ആർ-(ബി) നിക്ഷേപങ്ങളിന്മേൽ നിയമപരമായ കരുതൽ ധന നിബന്ധനകൾ ഒഴിവാക്കിയതിനാൽ ബാങ്കുകൾക്ക് ഈ പണം ഉപയോഗിച്ച് കൂടുതൽ വായ്പകൾ നൽകാനും (Credit Creation) സാധിക്കുമെന്ന് അനീഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine