ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനെ ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്; നീക്കം അവസാന ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്

പ്രമോട്ടറുടെടെ കൈവശമുള്ള 16.9 ശതമാനം ഓഹരികളും ഫെഡറല്‍ ബാങ്ക് വാങ്ങുമെന്നാണ് സൂചന
Jana small finance bank & federal bank logo
Published on: 

കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക്, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (Jana SFB) നിയന്ത്രണ ഓഹരികള്‍ (Controlling stake) ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് നിലവിലുള്ള 16.9 ശതമാനം ഓഹരികളും ഫെഡറല്‍ ബാങ്ക് വാങ്ങുമെന്നാണ് സൂചന. നിലവിലെ വിപണി വിലയേക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ പ്രീമിയത്തിലായിരിക്കും ഈ കരാര്‍ ഉറപ്പിക്കുക.

ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ ജന SFB പ്രൊമോട്ടര്‍മാരുടെ കൈവശം 16.9 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (Q1) പ്രൊമോട്ടര്‍മാര്‍ 4.9 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ബാക്കി ഓഹരികള്‍ കൂടി വിറ്റഴിച്ച് വിഹിതം 9.99 ശതമാനത്തിന് താഴെയാകുന്നതോടെ പബ്ലിക് കാറ്റഗറിയിലേക്ക് മാറാനാണ് പ്രൊമോട്ടര്‍മാരുടെ നീക്കം.

കേരളത്തിലെ ബാങ്കിംഗ് മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ നീക്കം. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യന്‍ വിപണികളിലും സാന്നിധ്യം ശക്തമാക്കാന്‍ ഫെഡറല്‍ ബാങ്കിന് ഈ ഏറ്റെടുക്കല്‍ വഴി സാധിക്കും. റീറ്റൈയ്ല്‍, മൈക്രോഫിനാന്‍സ്, ചെറുകിട ബിസിനസ് വായ്പാ രംഗത്ത് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള ശക്തമായ ശൃംഖല ഫെഡറല്‍ ബാങ്കിന്റെ വളര്‍ച്ചയ്ക്ക് വലിയ അടിത്തറയാകും.

ബാങ്കിംഗ് ബിസിനസിന്റെ വിപുലീകരണത്തിനായുള്ള വിവിധ അവസരങ്ങള്‍ ബാങ്ക് നിരന്തരം പരിശോധിക്കാറുണ്ടെന്ന് ഫെഡറല്‍ ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ നീക്കത്തെക്കുറിച്ച് ബാങ്ക് പ്രതികരിച്ചിട്ടില്ല. അതേസമയം, സി.എന്‍.ബി.സിയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഫെഡറല്‍ ബാങ്കിനോട് പ്രതികരണം ആരാഞ്ഞിട്ടുണ്ട്.

Federal Bank is close to acquiring a controlling stake in Jana Small Finance Bank through a promoter stake deal at a premium.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com