വായ്പയും നിക്ഷേപവും കൂടി, റെക്കോഡ് നേട്ടത്തിൽ ഫെഡറല്‍ ബാങ്ക് ഓഹരി

കാസാ നിക്ഷേപങ്ങളിലും വര്‍ധന
Rupee Sack, Federal Bank Logo
Image : Canva and Federal Bank
Published on

ആലുവ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഓഹരികളിന്ന് നാല് ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ പ്രവര്‍ത്തന കണക്കുകള്‍ ബാങ്ക് പുറത്തുവിട്ടതാണ് ഓഹരികളില്‍ കുതിപ്പുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില 4.68 ശതമാനം ഉയര്‍ന്ന് 183.25 രൂപയിലെത്തി.

ഫെഡറല്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ ആദ്യ പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 1.86 ലക്ഷം കോടി രൂപയില്‍ നിന്ന് 2.24 ലക്ഷം കോടി രൂപയായി. 20 ശതമാനമാണ് വര്‍ധന. ബാങ്കിന്റെ റീറ്റെയ്ല്‍ വായ്പകള്‍ 25 ശതമാനവും ഹോള്‍സെയില്‍ വായ്പകള്‍ 14 ശതമാനവും ഉയര്‍ന്നു. റീറ്റെയ്ല്‍ ഹോള്‍സെയില്‍ വായ്പാ അനുപാതം 56:44 ആയതായി ഫെഡറല്‍ ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ പറയുന്നു.

നിക്ഷേപത്തിൽ 20% വർധന 

ബാങ്കിന്റെ മൊത്തം നിക്ഷേപം ഒന്നാം പാദത്തില്‍ 2.66 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലിത് 2.22 ലക്ഷം കോടി രൂപയായിരുന്നു. 20 ശതമാനം വളര്‍ച്ചയുണ്ട്. ഇന്റര്‍ ബാങ്ക് നിക്ഷേപങ്ങളും സര്‍ട്ടിഫിക്കറ്റ്‌സ് ഓഫ് ഡെപ്പോസിറ്റ്‌സും ഒഴികെയുള്ള ബാങ്കിന്റെ കസ്റ്റമര്‍ ഡെപ്പോസിറ്റ് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20 ശതമാനം ഉയര്‍ന്ന് 2.51 ലക്ഷം കോടി രൂപയായി.

കാസാ നിക്ഷേപങ്ങള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 9.9 ശതമാനവും മുന്‍ പാദത്തെ അപേക്ഷിച്ച് 5 ശതമാനവും വര്‍ധിച്ചത് ബാങ്കിനെ സംബന്ധിച്ച് ഗുണകരമാണ്. കാസാ റേഷ്യോ മുന്‍ വര്‍ഷത്തെ 31.85 ശതമാനത്തില്‍ നിന്ന് 29.28 ശതമാനമായി. മാര്‍ച്ച് പാദത്തിലിത് 29.38 ശതമാനമായിരുന്നു.

റെക്കോഡിൽ  ബാങ്ക് നിഫ്റ്റി

ഇന്ന് 53,250 പോയിന്റെന്ന സര്‍വകാല റെക്കോഡ് തൊട്ട ബാങ്ക് നിഫ്റ്റി സൂചികയിലെ എല്ലാ ഓഹരികളും നേട്ടത്തിലായിരുന്നു. ബാങ്ക് നിഫ്റ്റിയില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികളിലൊന്നാണ് ഫെഡറല്‍ ബാങ്ക്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഫെഡറല്‍ ബാങ്ക് ഓഹരി 10 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ഈ വര്‍ഷം ഇതു വരെ 16 ശതമാനം നേട്ടവും നല്‍കിയിട്ടുണ്ട്. നിലവില്‍ 3.66 ശതമാനം ഉയര്‍ന്ന് 181.42 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com