2 ലക്ഷം വരെ ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്; ധനമന്ത്രാലയത്തിന്റെ നിര്‍ദേശം റിസര്‍വ് ബാങ്ക് പരിഗണനയില്‍; ചട്ടങ്ങളില്‍ ഇളവ് വന്നേക്കും

പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുടെ ഓഹരി വില കുതിച്ചു
Image courtesy: canva
Image courtesy: canva
Published on

സ്വര്‍ണപണയ വായ്പകളില്‍ റിസര്‍വ് ബാങ്ക് കൊണ്ടു വരുന്ന കര്‍ശന നിബന്ധനകളില്‍ ചെറുകിട വായ്പക്കാര്‍ക്ക് അനുകൂലമായ തിരുത്തുകള്‍ വരാന്‍ സാധ്യത. 2 ലക്ഷം രൂപ വരെയുള്ള ഗോള്‍ഡ് ലോണുകള്‍ക്ക് നിബന്ധനകളില്‍ ഇളവ് നല്‍കുന്ന കാര്യം റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്. കേന്ദ്ര ധനമന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദേശം റിസര്‍വ് ബാങ്കിന് നല്‍കിയത്. സാധാരണക്കാരായ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ചട്ടമെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

ഫിനാന്‍സ് കമ്പനികള്‍ക്ക് നേട്ടം

ചട്ടങ്ങളില്‍ ഇളവ് വരുത്താനുള്ള നീക്കം കേരളത്തിലെ പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുടെ ഓഹരി വില കൂട്ടി. വെള്ളിയാഴ്ചത്തെ ട്രേഡിംഗില്‍ മൂത്തറ്റ് ഫിനാന്‍സ് ഓഹരികള്‍ എട്ടു ശതമാനം വരെ ഉയര്‍ന്ന് 2,243 രൂപ വരെയെത്തി. മണപ്പുറം ഫിനാന്‍സിന് നാലു ശതമാനം വരെ ഉയര്‍ന്ന് 240.40 രൂപയിലും ഐ.ഐ.എഫ്.എല്‍ ഓഹരികള്‍ 2 ശതമാനം വര്‍ധിച്ച് 438.75 രൂപയിലും ട്രേഡിംഗ് നടത്തി.

റിസര്‍വ് ബാങ്ക് നീക്കം വിപണിക്ക് ഗുണകരമാകുമെന്ന് മുത്തൂറ്റ് ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് ചെറുകിട ലോണുകളില്‍ നിയന്ത്രണം കുറക്കുന്നതും ചട്ടം നടപ്പാക്കാന്‍ സമയം അനുവദിക്കുന്നതും സ്വാഗതാര്‍ഹമാണ്. വായ്പകളില്‍ സുതാര്യതയും ഈടിന്റെ സംരക്ഷണവും പ്രധാനമാണ്. ഇടപാടുകാരുടെ താല്‍പര്യങ്ങളെ സംരക്ഷിച്ചും റിസര്‍ബ് ബാങ്കിന്റെ നിയമങ്ങളെ അനുശാസിച്ചുമാണ് മുത്തൂറ്റ് ഫിനാന്‍സ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തൂറ്റ് ഫിനാന്‍സില്‍ 70 ശതമാനം ഗോള്‍ഡ് ലോണുകളും 2 ലക്ഷത്തില്‍ താഴെയുള്ളതാണ്. ശരാശരി വായ്പാ തുക 88,000 രൂപയാണ്.

കരട് നിയമത്തിലെ നൂലാമാലകള്‍

സ്വര്‍ണ പണയ വായ്പകളില്‍ നിയന്ത്രണം നിര്‍ദേശിക്കുന്ന റിസര്‍വ് ബാങ്കിന്റെ കരട് ചട്ടം ഏപ്രില്‍ ഒമ്പതിനാണ് പുറത്തിറങ്ങിയത്. ഗോള്‍ഡ് ലോണുകളെ നിരുല്‍സാഹപ്പെടുത്തുന്നതാണ് ചട്ടം. സ്വര്‍ണ വിലയുടെ 75 ശതമാനത്തില്‍ കൂടുതല്‍ വായ്പ നല്‍കാന്‍ പാടില്ല. സ്വര്‍ണം, വെള്ളി, അവ പണയപ്പെടുത്തിയുള്ള സ്വത്തുക്കള്‍, ഇടിഎഫ്, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ തുടങ്ങിയവ പണയപ്പെടുത്തിയുള്ള വായ്പകള്‍ക്കെല്ലാം ഈ നിയന്ത്രണങ്ങളുണ്ട്. വരുമാനം വര്‍ധിപ്പിക്കാനുള്ള ആവശ്യങ്ങള്‍ക്കായി ഗോള്‍ഡ് ലോണുകള്‍ അനുവദിക്കരുത്. വസ്തുപണയപ്പെടുത്തിയുള്ള വായ്പകളില്‍, ഉടമസ്ഥാവകാശം സംശയിക്കുന്നുണ്ടെങ്കില്‍ വായ്പ അനുവദിക്കരുതെന്നും കരട് ചട്ടത്തില്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ കൂടുതലുള്ള കണ്‍സംപ്ഷന്‍ ലോണുകള്‍ക്കും നിയന്ത്രണങ്ങളുണ്ട്.

സ്വര്‍ണപണയ വായ്പകളുടെ തോത് കൂടിയതോടെ കിട്ടാക്കടം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ ചട്ടം തയ്യാറാക്കിയത്. കഴിഞ്ഞ ഡിസംബര്‍ വരെ രാജ്യത്ത് ബാങ്കുകളുടെയും ബാങ്കിതര സ്ഥാപനങ്ങളുടെയും സ്വര്‍ണപണയ കിട്ടാക്കടം 11,11,398 കോടി രൂപയാണ്. ബാങ്ക് ഇതര സ്ഥാപനങ്ങളുടെ കിട്ടാക്കടം കഴിഞ്ഞ വര്‍ഷം 76.9 ശതമാനം വര്‍ധിച്ച് 1.78 ലക്ഷം കോടിയിലെത്തി. ബാങ്കുകളുടേത് 9.23 ലക്ഷം കോടിയുമാണ്.

ധന മന്ത്രാലയത്തിന്റെ ശുപാര്‍ശ

രണ്ട് ലക്ഷം രൂപക്ക് താഴെ സ്വര്‍ണ പണയവായ്പ എടുക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കാമെന്നാണ് കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ച് വരികയാണെന്നും ആവശ്യമായ മാറ്റങ്ങളോടെ അടുത്ത വര്‍ഷം ജനുവരി ഒന്നിനായിരിക്കും നടപ്പാക്കുകയെന്നും ധന മന്ത്രാലയം വ്യക്തമാക്കി.

സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് ചട്ടങ്ങളെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എക്‌സ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. ജീവിത പ്രതിസന്ധിയില്‍ ആളുകള്‍ക്ക് ആശ്വാസമാകുന്നതാണ് ഗോള്‍ഡ് ലോണുകള്‍. അതില്‍ കടുത്ത നിയന്ത്രണം കൊണ്ടു വരുന്നത് അവരുടെ അന്തസിനെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്നതാണ്. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com