പേയ്‌മെന്റ് ഗേറ്റ് വേ ലൈസന്‍സ് നേടി മലയാളി കമ്പനിയായ ഓപ്പണ്‍

ഇന്ത്യയില്‍ നിന്ന് പേയ്‌മെന്റ് ഗേറ്റ്‌വേ ലൈസന്‍സ് നേടുന്ന ആദ്യ നിയോ ബാങ്കാണ് ഓപ്പണ്‍
neobank platform open keralas first unicorn indias 100th unicorn
Published on

മലയാളികളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ മണിക്ക് (open.money) റിസര്‍വ് ബാങ്കില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍-പേയ്‌മെന്റ് ഗേറ്റ്‌വേ (PA/PG) ലൈസന്‍സ് ലഭിച്ചു.

ചെറുകിട-വ്യാപാര സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സില്ലാതെ ടെക്‌നോളജിയുടെ സഹായത്താല്‍ ബാങ്കുകളുമായി സഹകരിച്ച് ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് (നിയോ ബാങ്ക്) ഓപ്പണ്‍.

ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ലൈസന്‍സ് ലഭിച്ചതോടെ സാധിക്കുമെന്ന് ഓപ്പണിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അനിഷ് അച്യുതന്‍ പറഞ്ഞു.

ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍

ആര്‍.ബി.ഐയുടെ ലൈസന്‍സുള്ള മറ്റ് ബാങ്കുകളുമായി ചേര്‍ന്നാണ് നിയോബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കിവരുന്നത്. ബാങ്കുകളുടെ പേമെന്റ് ഗേറ്റ്‌വേകള്‍ നിയോ ബാങ്കുകളുടെ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി 2020 മാര്‍ച്ചിലാണ് ആര്‍.ബി.ഐ പേമെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് അവതരിപ്പിച്ചത്.

132 ഓളം കമ്പനികള്‍ ഇത്തരത്തില്‍ ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും ഓപ്പണ്‍ ഉള്‍പ്പെടെ 32 കമ്പനികള്‍ക്കാണ് 2022 നവംബര്‍ 14ന് ആര്‍.ബി.ഐയില്‍ നിന്ന് തത്വത്തില്‍ അനുമതി ലഭിച്ചത്. തുടര്‍ന്ന് സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ട്, സി.എ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള പ്രക്രിയകളും കൂടി പൂര്‍ത്തിയേക്കേണ്ടതുണ്ടായിരുന്നു. ഇതെല്ലാം ഉറപ്പു വരുത്തിയാണ് ഇപ്പോള്‍ ഓപ്പണ്‍ ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്ക് ആദ്യ ഘട്ടത്തില്‍ പി.എ/പി.ജി ലൈസന്‍സ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്. റേസര്‍ പേ, ക്യാഷ്ഫ്രീ, എന്‍കാഷ്, ഗൂഗ്ള്‍ പേ തുടങ്ങിയവയാണ് മറ്റു കമ്പനികള്‍.

അതേസമയം, മുന്‍നിര പേയ്‌മെന്റ് കമ്പനികളായ പേടിഎം, പേയു എന്നിവയ്ക്ക് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചിട്ടില്ല.

പേയ്‌മെന്റ് അഗ്രഗേറ്റര്‍

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് സ്വന്തമായി പേയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ ഉപയോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കി നല്‍കുന്ന പ്ലാറ്റ്‌ഫോമുകളാണ് പേയ്‌മെന്റ് അഗ്രഗേറ്റര്‍. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പണം നിശ്ചിത സമയത്തിനുള്ളില്‍ ഇവര്‍ വ്യാപാരികള്‍ക്ക് കൈമാറും. ആര്‍.ബി.ഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഇവയുടെ പ്രവര്‍ത്തനം.

കേരളത്തിൽ നിന്നുള്ള യൂണികോണ്‍ കമ്പനി

പെരിന്തല്‍മണ്ണ സ്വദേശിയായ അനീഷ് അച്യുതന്‍, ഭാര്യ മേബിള്‍ ചാക്കോ, അനീഷിന്റെ സഹാദോരന്‍ അജീഷ് അച്യുതന്‍, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017ലാണ് ഏഷ്യയിലെ ആദ്യ നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഓപ്പണിന് തുടക്കം കുറിക്കുന്നത്.

നിലവില്‍ 40 ലക്ഷത്തോളം എസ്.എം.ഇകള്‍ക്ക് ഓപ്പണ്‍ സേവനങ്ങള്‍ നല്‍കി വരുന്നു. ബാങ്കിംഗ്, ഓട്ടോമേറ്റഡ് അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എക്‌സ്‌പെന്‍സ് മാനേജ്‌മെന്റ്, കംപ്ലയന്‍സ്, പേറോള്‍ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ചെറുകിട ബിസിനസുകള്‍ക്ക് ഓപ്പണ്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുന്നുണ്ട്. 100 കോടി ഡോളര്‍ മൂല്യം നേടിയ (യൂണികോണ്‍) കേരളത്തില്‍ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനികളില്‍ ഒന്നാണ് ഓപ്പൺ. ബംഗളൂരു ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനമെങ്കിലും കേരളത്തിലും രജിസ്റ്റേര്‍ഡ് ഓഫീസുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com