

ഡോ. വി. ജിതിന്‍ കുമാര്‍
മസിലുപിടിത്തം വേണ്ട, ജെന്‍സി വരട്ടെയെന്ന് ഏവരും പറയുന്ന കാലമാണിത്. ഇന്ത്യന്‍ ബാങ്കിങ് മേഖലയെ എടുത്താല്‍ അവിടെയുള്ള ജീവനക്കാര്‍ പ്രായം കുറഞ്ഞവരാകുന്നു എന്നത് മാത്രമല്ല മാറ്റം. തൊഴിലിടത്തിന്റെ സ്വഭാവം തന്നെ മാറുകയാണ്. അച്ചടക്കം, ഉപഭോക്തൃവിശ്വാസം, സേവനമൂല്യങ്ങള്‍ എന്നിവയുടെ പ്രസക്തി കുറഞ്ഞിട്ടില്ല. പക്ഷേ വിപ്ലവകരമായ മാറ്റങ്ങള്‍ ബാങ്കെന്ന വര്‍ക്ക്‌പ്ലേസില്‍ നടക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബാങ്കിങ് ഒരു തലമുറമാറ്റത്തിന്റെ പടിവാതിലിലാണ്. രണ്ട് സമാന്തര മാറ്റങ്ങളാണ് പ്രധാനമായും നടക്കുന്നത്.
ഒന്ന്: ഡിജിറ്റല്‍ ബാങ്കിങ്ങും എഐയും അതിവേഗത്തില്‍ ഈ രംഗത്തേക്ക് വരുന്നു.
രണ്ട്: ജീവനക്കാരായി പുതുതലമുറ കടന്നുവരുന്നു. ഇന്ന് ബാങ്കുകളില്‍ ചെന്നാല്‍ കാണാനാകും, ശാഖകളിലെ വലിയൊരു വിഭാഗവും യുവസമൂഹമാണ്. അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ ഇവരാകും ഇന്ത്യന്‍ ബാങ്കിങ് മേഖലക്ക് നേതൃത്വം നല്‍കാന്‍ പോകുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ നിന്ന് ഇന്നത്തെ ഈ ജെന്‍സികളെ മാറ്റിനിര്‍ത്താനാകില്ല.
ജെന്‍സികള്‍ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളല്ല പ്രധാനമായും പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പഠിക്കാനും കൂടുതല്‍ സംഭാവന നല്‍കാനും സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത്തില്‍ വളരാനും കഴിയുന്ന ഒരു ജോലി സ്ഥലമാണ് അവര്‍ അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ പ്രതീക്ഷകളെ പലപ്പോഴും തെറ്റായി വായിക്കപ്പെടുന്നു. മുമ്പ് ഒരു ജീവനക്കാരന്‍ എങ്ങനെ സ്ഥാപനവുമായി പൊരുത്തപ്പെടുമെന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നതെങ്കില്‍, ഇന്നത് സ്ഥാപനം പുതിയ തലമുറയുടെ ശക്തിയെ എങ്ങനെ പ്രയോജനപ്പെടുത്തും എന്നതായി മാറിയിരിക്കുന്നു.
ജെന്‍സി തൊഴിലിടങ്ങളില്‍ പരിഹരിക്കേണ്ടത് പ്രശ്‌നമല്ല, മറിച്ച് അവരെ മനസിലാക്കുകയാണ് വേണ്ടത്. ഇത് ബാങ്കിങ് മേഖലയില്‍ മാത്രമുള്ള കാര്യമല്ല.
ജോലി മാത്രമല്ല, ജീവിതശൈലിയും ജെന്‍സികള്‍ പരിഗണിക്കുന്നുണ്ട്. മുമ്പ് ഒരു ജീവനക്കാരനെ മറ്റൊരിട ത്തേക്ക് സ്ഥലം മാറ്റുമ്പോഴുണ്ടാകുന്ന പ്രധാന ചോദ്യങ്ങള്‍ താമസം, യാത്രാസൗകര്യം, കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവയായിരുന്നു.
ഇന്ന് ജെന്‍സികളുടെ ചോദ്യങ്ങള്‍ വേറെയാണ്. ജിം ഉണ്ടോ? സ്വിഗ്ഗി അല്ലെങ്കില്‍ സൊമാറ്റോ ഡെലിവറിയുണ്ടാവുമോ? ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്ലതായിരിക്കുമോ?
ലൈഫ്സ്‌റ്റൈല്‍ എങ്ങനെയാകും? എന്നൊക്കെയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഈ ചോദ്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നുണ്ട്. ഈ ചോദ്യങ്ങള്‍ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ജെന്‍സികള്‍ ജോലിയും ജീവിതവും വേര്‍തിരിച്ച് കാണാതെ, വര്‍ക്ക് - ലൈഫ് ഇന്റഗ്രേഷന്‍ സമീപനമാണ് അവരുടേത്.
ആരോഗ്യ സംരക്ഷണം, വ്യായാമം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഭക്ഷണസൗകര്യം, സാമൂഹിക ജീവിതം എന്നിവയെല്ലാം അവരുടെ തൊഴില്‍ ജീവിതത്തിന്റെ ഭാഗമായാണ് അവര്‍ കാണുന്നത്. അതുകൊണ്ട് ഒരു ജോലിസ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശമ്പളത്തിനൊപ്പം ജീവിതത്തിന്റെ ഗുണനിലവാരവും അവര്‍ വിലയിരുത്തുന്നു. ഇന്നലെ ജീവനക്കാര്‍ ജോലി തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് അവര്‍ ജോലി ചെയ്യാനുള്ള ജീവിത പരിസരവും തിരഞ്ഞെടുക്കുന്നു.
ഏതൊരു ബാങ്ക് ശാഖയില്‍ ചെന്നാലും പല തലമുറകളില്‍പ്പെട്ടവരെ അവിടെ കാണാം. പതിറ്റാണ്ടുകളുടെ ബാങ്കിങ് അനുഭവസമ്പത്തുള്ളവര്‍ കാണും. ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ വളര്‍ച്ചയില്‍ പങ്കാളികളായ മധ്യനിരയെ കാണും. എഐ യുഗത്തില്‍ ജോലിയില്‍ കയറിയ പുതുതലമുറയെയും കാണാനാകും. മുതിര്‍ന്ന തലമുറ കോര്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യുപിഐ എന്നിവയൊന്നും അവരുടെ കരിയറിന്റെ തുടക്കത്തില്‍ കണ്ടിട്ടില്ല. പക്ഷേ അവ വ്യാപകമായപ്പോള്‍ ആ കാലത്തിലേക്ക് കുടിയേറിയവരാണ്. അവരെ വിളിക്കുന്നതാണ് ഡിജിറ്റല്‍ ഇമിഗ്രന്റ്സ് എന്ന്. എന്നാല്‍ ജെന്‍സി ഈ ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ചുവീണവരായതിനാല്‍ അവര്‍ ഡിജിറ്റല്‍ നേറ്റീവ്‌സാണ്.
അവര്‍ വളരെ പെട്ടെന്ന് എഐ ടൂളുകള്‍ ഉപയോഗിക്കുന്നു. കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള സഹപ്രവര്‍ത്തകനായാണ് അവര്‍ എഐ ടൂളുകളെ കാണുന്നത്. പണ്ട് ബാങ്കിലെ മുതിര്‍ന്ന ജീവനക്കാര്‍ പുതുതായി വരുന്ന ജീവനക്കാരെ പഠിപ്പിക്കുമായിരുന്നു. ഇന്ന് അറിവിന്റെ ഒഴുക്ക് ഇതുപോലെ ഏകദിശയിലല്ല. അനുഭവസമ്പത്ത് മാത്രമല്ല, ഡിജിറ്റല്‍ പ്രാവീണ്യം കൂടിയാണ് ഇന്ന് അറിവിന്റെ ഉറവിടം. അതിനാല്‍ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും എന്നതിന്റെ അതിരുകള്‍ മാറിപ്പോയി. ജെന്‍സികളില്‍ നിന്ന് തിരിച്ച് മുതിര്‍ന്ന തലമുറ കാര്യങ്ങള്‍ പഠിക്കാന്‍ മനസുവെക്കണം.
എഐ, ഓട്ടോമേഷന്‍, ഡിജിറ്റല്‍ അനലിറ്റിക്‌സ്, ഡിജിറ്റല്‍ പ്രൊഡക്റ്റിവിറ്റി ടൂള്‍സ് എന്നിവയുടെ വരവോടെ തൊഴിലിടത്തിലെ പഠനം തന്നെ മാറി. മുന്‍ തലമുറക്ക് ഇവയില്‍ വലിയ പിടിപാടില്ല. പുതുതലമുറ ഇതില്‍ ജനിച്ചുവീണ് വളരുന്നവരാണ്. റിസ്‌ക് മാനേജ്‌മെന്റ്, ഉപഭോക്തൃബന്ധം, സ്ഥാപന സംസ്‌കാരം എന്നിവ മുതിര്‍ന്ന തലമുറ പുതിയ തലമുറയിലേക്ക് പകര്‍ന്നുകൊടുക്കണം. ഇക്കാര്യത്തില്‍ അവര്‍ മുന്നില്‍ നിന്ന് നയിക്കണം. അതേസമയം എഐ, ഡിജിറ്റല്‍ ടൂളുകള്‍, ഓട്ടോമേഷന്‍, പുതിയ ഉപഭോക്തൃ പെരുമാറ്റം എന്നിവയില്‍ മുതിര്‍ന്നവരുടെ പഠന പങ്കാളികളായി ജെന്‍സികള്‍ മാറണം. അധികാരത്തിന്റെ കൈമാറ്റമല്ല; അറിവിന്റെ കൈമാറ്റമാണ് ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ വേണ്ടത്.
എല്ലാ ബാങ്കുകളും 'എഐ റിവേഴ്‌സ് മെന്ററിങ് പ്രോഗ്രാം' പോലുള്ളവ തുടങ്ങിയാല്‍ തലമുറകളുടെ കൂട്ടായ ശക്തി ഉപയോഗപ്പെടുത്താനാകും. ഭാവിയിലെ മികച്ച മെന്റര്‍ എല്ലാം അറിയുന്ന വ്യക്തിയല്ല; മറ്റുള്ളവരില്‍ നിന്ന് പഠിക്കാനും തയാറുള്ള വ്യക്തിയാണ്. ബാങ്കിന്റെ ഭാവി 'Senior teaches Junior എന്നതിലല്ല. Senior and junior learn together എന്ന സംസ്‌കാരത്തിലാണ്.
ഇന്ത്യന്‍ ബാങ്കുകളുടെ പല ആനുകൂല്യങ്ങളും ഒരു പ്രത്യേക തലമുറയുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. അവയില്‍ പലതിനും
ഇപ്പോഴും പ്രസക്തിയുമുണ്ട്. പക്ഷേ ജെന്‍സികള്‍ക്ക് അതില്‍ പലതും വേണ്ടിവരില്ല. പുതിയ ജീവനക്കാര്‍ക്ക് പലപ്പോഴും ഭവനവായ്പ വേണ്ടി വരില്ല. അതിന് തത്തുല്ല്യ മൂല്യമുള്ള മറ്റൊരു ആനുകൂല്യമായി തിരഞ്ഞെടുക്കാന്‍ കഴിയുമോയെന്ന് അവര്‍ ചോദിക്കും.
പുതുതലമുറ അവരുടെ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ബഹുമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യാന്‍ കഴിയുന്ന തൊഴില്‍ പരിസരം ഇവര്‍ക്ക് പ്രധാനമാണ്. സൈക്കോളജിക്കല്‍ സേഫ്റ്റി ഒരു പ്രധാന ഘടകമാണ്. ബാങ്കിങ് പോലെ ഉയര്‍ന്ന ഉത്തരവാദിത്തമുള്ള മേഖലയിലെ ജോലി സമ്മര്‍ദ്ദം കണക്കിലെടുക്കുമ്പോള്‍ മെന്റല്‍ ഹെല്‍ത്ത് വ്യക്തിപരമായ വിഷയം മാത്രമല്ല. ബിസിനസ് പ്രകടനത്തെയും ജീവനക്കാരെ നിലനിര്‍ത്തുന്നതിനെയും നേരിട്ട് സ്വാധീനിക്കുന്ന ഘടകമാണ്.
ജീവനക്കാര്‍ സംസാരിക്കാന്‍ ഭയപ്പെടുന്ന സ്ഥാപനങ്ങള്‍ ജീവനക്കാരെ മാത്രമല്ല നഷ്ടപ്പെടുത്തുന്നത്; മികച്ച ആശയങ്ങള്‍ കൂടിയാണ്. അതുപോലെ മാനേജര്‍
മാരും മാറണം. സീനിയേഴ്‌സ് എല്ലാം അറിയുന്നവര്‍ എന്നതിന് പകരം, എല്ലാവരും ഒരുമിച്ച് പഠിക്കുന്നു എന്ന സംസ്‌കാരം വരണം. ഭാവിയിലെ മാനേജര്‍ ഒരു ബോസല്ല. ടീമിന്റെ വളര്‍ച്ച സാധ്യമാക്കുന്ന കോച്ചായിരിക്കണം. ജെന്‍സിയെ മാറ്റാന്‍ ശ്രമിക്കേണ്ടതില്ല. അവരെ മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. അവരെ ഉള്‍ക്കൊള്ളാന്‍ പഠിക്കുന്ന ബാങ്കുകളും സ്ഥാപനങ്ങളും ഭാവിയെ ഉള്‍ക്കൊള്ളാന്‍ സജ്ജമാകും.
(ബാങ്ക് ഓഫ് ബറോഡ മംഗളുരൂ സോണ്‍ ചീഫ് മാനേജര്‍ (എച്ച്ആര്‍) & സോണല്‍ എച്ച് ആര്‍ ഹെഡായ ലേഖകന്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ സ്‌കോളര്‍ കൂടിയാണ്)
Read DhanamOnline in English
Subscribe to Dhanam Magazine