വ്യത്യസ്ത വിഭാഗങ്ങളില്‍ പുത്തന്‍ ഇന്‍ഷുറന്‍സ് പദ്ധതികളുമായി ഐസിഐസിഐ ലോംബാര്‍ഡ്

ആരോഗ്യ, മോട്ടോര്‍, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി 14 പുതിയ ഇന്‍ഷുറന്‍സ് പദ്ധതികളാണ് ഐസിഐസിഐ ലോംബാര്‍ഡ് അവതരിപ്പിച്ചത്
വ്യത്യസ്ത വിഭാഗങ്ങളില്‍ പുത്തന്‍ ഇന്‍ഷുറന്‍സ് പദ്ധതികളുമായി ഐസിഐസിഐ ലോംബാര്‍ഡ്
Published on

കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ഡാറ്റ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട് പല അപകടസാധ്യതകളാണ് ഇക്കാലത്ത് ഉയര്‍ന്നുവരുന്നത്. ഇവയെല്ലാം കണക്കിലെടുത്ത് പുതിയ ഇന്‍ഷുറന്‍സ് പദ്ധതികളുമായി എത്തിയിരിക്കുകയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലോംബാര്‍ഡ്. ആരോഗ്യ, മോട്ടോര്‍, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി 14 പുതിയ ഇന്‍ഷുറന്‍സ് പദ്ധതികളാണ് ഐസിഐസിഐ ലോംബാര്‍ഡ് അവതരിപ്പിച്ചത്.

ആരോഗ്യ വിഭാഗം

വാര്‍ദ്ധക്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗത്തില്‍ കമ്പനി ഗോള്‍ഡന്‍ ഷീല്‍ഡ് അവതരിപ്പിച്ചു. ഗോള്‍ഡന്‍ ഷീല്‍ഡിന് പോളിസി ലഭിക്കുന്നതിന് പ്രായപരിധിയില്ല. കൂടാതെ മുറി വാടക, ഐസിയു, ഡോക്ടര്‍ ഫീസ്, അനസ്‌തേഷ്യ, രക്തം, ഓക്‌സിജന്‍, മരുന്നുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിലവുകള്‍ ഉള്‍ക്കൊള്ളുന്നു. മുതിര്‍ന്ന വ്യക്തിയെ സഹായിക്കുന്ന ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിന്റെ സേവനവും ഇത് നല്‍കുന്നു.

ലോകമെമ്പാടും അന്തര്‍ദ്ദേശീയ പരിരക്ഷ നല്‍കുന്ന ഹെല്‍ത്ത് അഡ്വന്റ് എഡ്ജ്, ചുമ, ജലദോഷം അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശം ആവശ്യമില്ലാത്ത ചെറിയ പരിക്കുകള്‍ പോലുള്ള സാധാരണ അസുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന പണരഹിത ഒപിഡി പോളിസി നല്‍കുന്ന 'ബിഫിറ്റ്' എന്നിവ ഉള്‍പ്പെടുന്നു. പോളിസി ഉടമകള്‍ക്ക് സഹായത്തിനായി ഡോക്ടര്‍മാരോട് സംസാരിക്കാന്‍ അനുവദിക്കുന്ന ഐഎല്‍ ടേക്ക് കെയര്‍ ആപ്പും കമ്പനിക്കുണ്ട്.

മോട്ടോര്‍ വിഭാഗം

മോട്ടോര്‍ വിഭാഗത്തില്‍ ഒറ്റത്തവണ പുതുക്കാവുന്ന തീയതിയും പ്രീമിയവും ഉള്ള പോളിസിയായ മോട്ടോര്‍ ഫ്‌ലോട്ടര്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. അടിസ്ഥാന മോട്ടോര്‍ ഉല്‍പ്പന്നത്തെ 'അസറ്റ് കം യൂസേജ്' അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നമാക്കി മാറ്റുന്ന ഒരു ടെലിമാറ്റിക്‌സ് ആഡ്-ഓണും ഇത് അനുവദിക്കുന്നു. അതില്‍ ഇന്‍ഷുറന്‍സിനായി ഈടാക്കുന്ന പ്രീമിയം ഉപയോഗത്തെ ആശ്രയിച്ചിരിക്കും.

പേ-ആസ്-യൂ-യൂസ് എന്ന പ്ലാനില്‍ പോളിസിയുടെ പ്രീമിയം വാഹനം ഉപയോഗിക്കുന്നതോ, അത് ഉപയോഗിക്കുമെന്ന് കണക്കാക്കുന്നതോ ആയ പരിധിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം, പേ-ഹൗ-യൂ-യൂസ് പ്ലാനില്‍ നല്ല ഡ്രൈവിംഗ് സ്വഭാവമുള്ള ഒരു ഉപഭോക്താവിന് പോളിസിയുടെ അടിസ്ഥാന പ്രീമിയത്തേക്കാള്‍ ആകര്‍ഷകമായ കിഴിവുകള്‍ ലഭിക്കും.

കോര്‍പ്പറേറ്റ് വിഭാഗം

കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ക്ലബ് റോയല്‍ ഹോം ഇന്‍ഷുറന്‍സാണ് അവതരിപ്പിച്ചത്. കുറഞ്ഞത് 30 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള അതിസമ്പന്നര്‍ക്കാണ് (Ultra high net-worth individuals) ഇത് വാഗ്ദാനം ചെയ്യുന്നത്. ഇത് അവരുടെ കുടുംബത്തെയും വളര്‍ത്തുമൃഗങ്ങളെയും നിയമിച്ച സ്റ്റാഫിനെയും ഉള്‍പ്പടെ ഒരേ പോളിസിയില്‍ ഒന്നിലധികം പ്രോപ്പര്‍ട്ടികള്‍ക്കും ലൊക്കേഷനുകള്‍ക്കും പരിരക്ഷ നല്‍കുന്നു.

വോയേജര്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് ഒരു വര്‍ഷം വരെയുള്ള ആഭ്യന്തര, വിദേശ യാത്രകളില്‍ പരിരക്ഷിക്കുന്നു. ഡ്രോണ്‍ ഇന്‍ഷുറന്‍സ് ഡ്രോണ്‍ നിര്‍മ്മാതാക്കള്‍, ഓപ്പറേറ്റര്‍മാര്‍, അല്ലെങ്കില്‍ ലോജിസ്റ്റിക് കമ്പനികള്‍ എന്നിവയെ പരിപാലിക്കുന്നു. കൂടാതെ മോഷണം, നഷ്ടം അല്ലെങ്കില്‍ ഡ്രോണ്‍ നാശനഷ്ടങ്ങള്‍ എന്നിവയ്ക്കെതിരെ സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com