സ്വര്‍ണ വായ്പകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണപൂട്ട്, പുതിയ നിര്‍ദേശങ്ങള്‍ വായ്പക്കാരെയും ധനകാര്യ സ്ഥാപനങ്ങളെയും ബാധിക്കുന്നതെങ്ങനെ

സ്വര്‍ണവായ്പ രംഗം കൂടുതല്‍ സുതാര്യമാക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സഹായിക്കുമെങ്കിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് ശ്രമകരമാകും
Gold Loan
Image by Canva
Published on

സ്വര്‍ണത്തിന്റെ വില ദീര്‍ഘകാലാടിസ്ഥാനത്തില്‍ 10-12 ശതമാനം വര്‍ദ്ധിക്കുന്നു. എന്നാല്‍ രാജ്യത്തും രാജ്യാന്തരതലത്തിലും സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് സ്വര്‍ണവിലയില്‍ താല്‍ക്കാലികമായ ഏറ്റക്കുറച്ചിലുകള്‍ കാണാം. ഈ കഴിഞ്ഞ ഒരു വര്‍ഷം, റഷ്യ - യുക്രൈന്‍ യുദ്ധം, അമേരിക്കന്‍ നിരക്ക് വര്‍ദ്ധന, നാണ്യപ്പെരുപ്പം തുടങ്ങി വിവിധ കാരണങ്ങളാല്‍, സ്വര്‍ണത്തിന്റെ വിലയില്‍ 30 ശതമാനം വരെ ഉയര്‍ച്ചയുണ്ടായി. ഉയര്‍ച്ച മാത്രമല്ല, അപ്രതീക്ഷിതമായ താഴ്ചയും സ്വര്‍ണ വിലയില്‍ ഉണ്ടാകാറുണ്ട്. 2012 - 2015 ല്‍ 15 ശതമാനം വില കുറഞ്ഞത് സ്വര്‍ണ വിപണിയില്‍ വലിയ ആഘാതമുണ്ടാക്കി.

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍

സ്വര്‍ണത്തിന്റെ വിലയില്‍ വരുന്ന ഈ ചാഞ്ചാട്ടം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവരില്‍ മാത്രമല്ല, സ്വര്‍ണം പണയം വെച്ച ഇടപാടുകാരിലും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുന്ന അവസരത്തില്‍ ആ വിലയ്ക്കനുസരിച്ച് സ്വര്‍ണ വായ്പ എടുത്തിരിക്കുന്ന ഇടപാടുകാര്‍ക്ക് സ്വര്‍ണ വില കുറയുമ്പോള്‍ വായ്പയുടെ പലിശയും മുതലും മറ്റും അടച്ച് സ്വര്‍ണം തിരിച്ചെടുക്കാന്‍ കഴിയാത്ത സാഹചര്യം വരുന്നു. വായ്പയുടെ കാലാവധി കഴിയുമ്പോള്‍ മുതലും പലിശയും കൂടെ ഒരുമിച്ച് അടച്ചാല്‍ മതി എന്ന രീതിയില്‍ ഉള്ള (ബുള്ളറ്റ് പേയ്‌മെന്റ്) വായ്പയുടെ കാര്യത്തിലാണ് ഈ ബുദ്ധിമുട്ട് കൂടുതല്‍. എല്ലാ മാസവും പലിശ അടച്ചുപോകുന്ന രീതി ആണെങ്കിലോ, വായ്പ മാസതവണകളായി തിരിച്ചടക്കുന്ന രീതിയാണെങ്കിലോ സ്വര്‍ണത്തിന്റെ വിലയില്‍ വരുന്ന ഇടിവ് സ്വര്‍ണ പണയത്തിന്റെ കാര്യത്തില്‍ ഒരു പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ ഇന്ത്യയിലെ സ്വര്‍ണ പണയ വായ്പയില്‍ അധികവും ബുള്ളറ്റ് പേയ്മെന്റ് വായ്പകളാണ്.

സ്വര്‍ണ വായ്പ നല്‍കുന്ന ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഈ പ്രതിസന്ധി മറ്റൊരു രീതിയില്‍ നേരിടേണ്ടി വരുന്നുണ്ട്. സ്വര്‍ണത്തിന്റെ വിലയുടെ ഒരു നിശ്ചിത ശതമാനം തുകയാണ് സ്ഥാപനങ്ങള്‍ വായ്പയായി നല്‍കുന്നത്. ബുള്ളറ്റ് പേയ്‌മെന്റ് വായ്പകളില്‍ പലിശയും മുതലും കാലാവധി കഴിയുന്ന സമയത്താണ് തിരിച്ചു കിട്ടുക. ഈ സമയത്ത് സ്വര്‍ണത്തിന്റെ വില ഇടിയുകയാണെങ്കില്‍, മുതലും പലിശയും സഹിതം വായ്പ തിരിച്ചടക്കുവാന്‍ വേണ്ട തുകയേക്കാള്‍ സ്വര്‍ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യം ഉണ്ടാകും. 2014-15 കാലത്ത് ഈ അവസ്ഥയാണ് ഉണ്ടായത്. ഇങ്ങനെ, ഈട് സ്വര്‍ണത്തിന്റെ വില ബാങ്കിന് കിട്ടാനുള്ള തുകയേക്കാള്‍ കുറഞ്ഞിരിക്കുന്ന സാഹചര്യം വന്നാല്‍, ഈ വായ്പക്ക് ബാങ്കുകള്‍ കൂടുതല്‍ പ്രൊവിഷന്‍ നീക്കി വെക്കേണ്ടതുണ്ട്. മാത്രമല്ല, കാലാവധി കഴിഞ്ഞിട്ടും വായ്പ തിരിച്ചടക്കുവാന്‍ ഇടപാടുകാര്‍ക്ക് കഴിയാത്ത നില വരും. ഇത്, സ്വര്‍ണ വായ്പയില്‍ കിട്ടാക്കടം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇടപാടുകാര്‍ക്ക് വായ്പ തിരിച്ചടക്കാനും വായ്പ അവസാനിപ്പിക്കാനും കഴിയാതെ വന്നാല്‍ സ്ഥാപനങ്ങള്‍ ഈട് സ്വര്‍ണം ലേലത്തില്‍ വില്‍ക്കും. എന്നിട്ടും വായ്പ തുക മുഴുവനും തീര്‍ക്കാന്‍ കഴിയാതെ വന്നാല്‍ ബാക്കി തുക ഇടപാടുകാര്‍ അടക്കണം. അങ്ങനെ അടക്കാതെ വന്നാല്‍, ഇടപാടുകാരുടെ പേരില്‍ കേസ് കൊടുക്കുകയും അവരുടെ മറ്റു സ്വത്തുക്കളിലും ഭൂമി അടക്കമുള്ള മറ്റു വസ്തുക്കളിന്മേലും നടപടികള്‍ എടുക്കും.

2014-15 ലെ നിര്‍ദ്ദേശങ്ങള്‍

ഇങ്ങനെയൊരു സാഹചര്യം ഭാവിയില്‍ ഒഴിവാക്കാന്‍ വേണ്ടി സ്വര്‍ണ വായ്പയുടെ കാര്യത്തില്‍ 2014-15 വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ചില നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നു. സ്വര്‍ണ വിലയുടെ നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ വായ്പ നല്‍കുവാന്‍ പാടില്ല (ലോണ്‍ ടു വാല്യൂ - LTV) എന്ന് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചു. ഇത് പുതിയ വായ്പകളുടെ കാര്യത്തില്‍ മാത്രമല്ല. നിലവിലുള്ള വായ്പകള്‍ മുതലും പലിശയും അടക്കം കണക്കാക്കി ഈ പരിധിക്കുള്ളില്‍ എല്ലാക്കാലത്തും നിലനിര്‍ത്തണം എന്ന നിര്‍ദ്ദേശവും ഉണ്ടായി. LTV യില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ മറികടന്ന് ഇടപാടുകാര്‍ക്ക് കൂടുതല്‍ വായ്പ നല്‍കാന്‍ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പക്ക് പുറമെ ഇതേ സ്വര്‍ണത്തിന്റെ തന്നെ പിന്‍ബലത്തില്‍ കുറച്ചു തുക പേഴ്‌സണല്‍ ലോണായും മറ്റും നല്‍കാന്‍ തുടങ്ങി. ഇത് LTV പാലിക്കുന്നതില്‍ വന്ന നിയന്ത്രണങ്ങള്‍ മറികടക്കാന്‍ വേണ്ടി കണ്ടെത്തിയ മാര്‍ഗ്ഗമെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്വര്‍ണ വായ്പ വര്‍ദ്ധിക്കുന്നു

ലളിതമായ നടപടിക്രമങ്ങളും കുറഞ്ഞ പ്രവര്‍ത്തന ചെലവും കുറഞ്ഞ ക്രെഡിറ്റ് റിസ്‌കും താരതമ്യേന മെച്ചപ്പെട്ട ആദായവും മൂലം സ്വര്‍ണപ്പണയം ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രിയതരമാക്കി. ചില സ്വകാര്യ ബാങ്കുകള്‍, സ്വര്‍ണ പണയ വായ്പകള്‍ ഏജന്‍സികളുമായുള്ള പങ്കാളിത്തത്തോടെ വിപുലമാക്കി. ഇതിന്റെയെല്ലാം ഫലമായി സ്വര്‍ണപ്പണയ വായ്പയില്‍ വലിയ കുതിച്ചു ചാട്ടം കാണാന്‍ കഴിഞ്ഞു. 2020-25 കാലയളവില്‍ ബാങ്കുകളിലെ സ്വര്‍ണ വായ്പ (CAGR) 39 വളര്‍ന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ ഇക്കാലയളവില്‍ 27 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് 3.2 ലക്ഷം കോടിയാണ് ഇന്ത്യയിലെ സ്വര്‍ണ വായ്പ.

സ്വര്‍ണ വായ്പ രംഗത്ത് കൂടുതല്‍ ശ്രദ്ധവേണം

സ്വര്‍ണ വായ്പയുടെ ഈ രീതിയിലുള്ള വളര്‍ച്ച നല്ലതെന്ന് കാണുമ്പോഴും, ആവശ്യമായ ശ്രദ്ധയും മുന്‍കരുതലും ഈ രംഗത്ത് വേണം എന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു പറയുന്നു. ഇക്കാര്യം പലപ്പോഴായി സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ആണ് ഇപ്പോള്‍ സ്വര്‍ണപ്പണയം സംബന്ധിച്ച ക്രോഡീകരിച്ച നിര്‍ദ്ദേശങ്ങള്‍ (കരട്) റിസര്‍വ് ബാങ്ക് കൊണ്ടുവന്നിരിക്കുന്നത്.

പുതിയ കരട് നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്

സ്വര്‍ണപ്പണയ വായ്പകള്‍ രണ്ടു തരത്തില്‍ തരം തിരിച്ചിരിക്കുന്നു. ഒന്ന്, ഉപഭോഗ ആവശ്യത്തിനുള്ളത് (consumption loan). മറ്റൊന്ന്, ബിസിനസ് ആവശ്യത്തിനുള്ളത്. ഉപഭോഗ ആവശ്യത്തിന് നല്‍കുന്ന വായ്പയുടെ പരമാവധി കാലാവധി 12 മാസമാണ്.

പരമാവധി വായ്പ തുക (LTV) സ്വര്‍ണ വിലയുടെ 75 ശതമാനമാണ്. ബുള്ളറ്റ് പേയ്‌മെന്റ് വായ്പയാണെങ്കില്‍ 75 ശതമാനം കണക്കുകൂട്ടുന്നത്, വായ്പ നല്‍കുന്ന തുക നോക്കിയല്ല; വായ്പയുടെ കാലാവധി കഴിയുമ്പോള്‍ മുതലും പലിശയും അടക്കം എത്ര വരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

സ്വര്‍ണപ്പണയം നിലനില്‍ക്കുന്ന എല്ലാസമയവും വായ്പത്തുക മുതലും പലിശയും സഹിതം 75 ശതമാനം LTV പാലിക്കണം.

വായ്പ തുക എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കുകയും അതിന് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഉപഭോഗ ആവശ്യത്തിനുള്ള വായ്പയാണെങ്കില്‍ കുറഞ്ഞ വായ്പകളുടെ കാര്യത്തില്‍ ഇതില്‍ ചില ഇളവുകള്‍ ആകാം.

ഒരാള്‍ക്ക് എത്ര തുക വരെ വായ്പ നല്‍കാം എന്ന് ഓരോ സ്ഥാപനത്തിനും നിശ്ചയിക്കാം. എന്നാല്‍, ബുള്ളറ്റ് പേയ്‌മെന്റ് വായ്പയാണെങ്കില്‍, സഹകരണ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഒരാള്‍ക്ക് പരമാവധി 5 ലക്ഷം രൂപയേ നല്‍കാവൂ.

ഒരാളുടെ കൈയ്യില്‍ നിന്ന് പണയമായി സ്വീകരിക്കാവുന്ന പരമാവധി സ്വര്‍ണം ഒരു കിലോ ആണ്. പണയം വെച്ച ആഭരണങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അത് റിപ്പയര്‍ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്തം സ്ഥാപനത്തിനുണ്ട്. സ്വര്‍ണം സ്ഥാപനത്തിന്റെ കൈവശത്തിലിരിക്കെ കാണാതായാല്‍, അതിന് തക്കതായ കോമ്പന്‍സേഷന്‍ കൊടുക്കണം.

പണയം വെക്കുന്നയാളിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ തുകയെ വായ്പയായി നല്‍കാവൂ.

ബുള്ളറ്റ് വായ്പയാണെങ്കില്‍ പലിശ അടച്ചതിന് ശേഷം മാത്രമേ വായ്പ പുതുക്കുകയോ പുതിയ വായ്പ നല്‍കുകയോ ചെയ്യാവൂ.

ഒരു സ്ഥാപനത്തില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണത്തിന്മേല്‍ മറ്റൊരു സ്ഥാപനം സ്വര്‍ണ വായ്പ (re -pledge) നല്‍കാന്‍ പാടില്ല.

വായ്പ നല്‍കുന്ന സമയം ആഭരണത്തിന്റെ തൂക്കം, ശുദ്ധി എന്നിവ തുടങ്ങി എല്ലാ കാര്യങ്ങളും അടങ്ങിയ ഒരു സര്‍ട്ടിഫിക്കറ്റ് തയാറാക്കി ഒരു കോപ്പി വായ്പയുടെ രേഖകളോടുകൂടെ വെക്കണം. ഇതിന്റെ കോപ്പി ഇടപാടുകാരന് നല്‍കണം. ആഭരണത്തിന്റെ ഫോട്ടോയും ഇതോടുകൂടെ നല്‍കണം.

വായ്പ അടച്ചുതീര്‍ത്താല്‍ ഏഴു ദിവസത്തിനുള്ളില്‍ സ്വര്‍ണം തിരിച്ചു നല്‍കണം. ഇതില്‍ കാലതാമസം വന്നാല്‍, അതിന് കാരണം സ്ഥാപനത്തിന്റേതെങ്കില്‍, ഏഴ് ദിവസം കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം.

ലേലത്തിന് വെക്കുന്ന സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയുടെ കുറഞ്ഞത് 90 ശതമാനം എങ്കിലും റിസര്‍വ് വിലയായി നിശ്ചയിക്കണം.

വായ്പ തുക നേരിട്ട് ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് നല്‍കേണ്ടത്. 20,000 രൂപയ്ക്ക് താഴെയുള്ള വായ്പയാണെങ്കില്‍ മാത്രമേ തുക ക്യാഷ് ആയി നല്‍കുവാന്‍ പാടുള്ളൂ.

ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍

ഈ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്കെന്നവിധം ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്. സ്വര്‍ണ പണയ വായ്പ രംഗത്ത് പൊതുവായ നയങ്ങളും രീതികളും കൊണ്ടുവരാനും സ്വര്‍ണപ്പണയ വായ്പയില്‍ വന്നേക്കാവുന്ന ക്രെഡിറ്റ് റിസ്‌കുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ മെച്ചപ്പെട്ട മാനേജ്‌മെന്റും നിയന്ത്രണങ്ങളും കൊണ്ടുവരാനും ഉദ്ദേശിച്ചുകൊണ്ടാണ് റിസര്‍വ് ബാങ്ക് പുതുക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ലഭിക്കുന്ന അഭിപ്രായങ്ങള്‍ കൂടെ പരിശോധിച്ച് ഉടനെ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ നിബന്ധനകളായി വരും.

റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വര്‍ണ പ്രണയത്തിന്റെ കാര്യത്തില്‍ സാരൂപ്യം കൊണ്ട് വരുമെങ്കിലും സ്വര്‍ണ വായ്പയുടെ വളര്‍ച്ച തല്‍ക്കാലത്തേക്കെങ്കിലും മന്ദഗതിയിലാക്കും. ബുള്ളറ്റ് വായ്പകള്‍ കാലാവധി കഴിയുന്ന സമയത്ത് മുതലും പലിശയും ചേര്‍ത്തുള്ള LTV 75 ശതമാനത്തില്‍ ആയിരിക്കണമെന്നും, സ്വര്‍ണാഭരങ്ങളുടെ ചിത്രം അടക്കമുള്ള സര്‍ട്ടിഫിക്കറ്റ് വായ്പ നല്‍കുന്ന സമയം ഇടപാടുകാര്‍ക്ക് നല്‍കണമെന്നും വായ്പ തുകയുടെ ഉപയോഗം മറ്റു വായ്പകള്‍ എന്നവിധം ട്രാക്ക് ചെയ്ത് ഉറപ്പുവരുത്തണമെന്നും വായ്പ നിലനില്‍ക്കുന്ന കാലമത്രയും LTV 75 ശതമാനത്തില്‍ ആയിരിക്കണമെന്നും വായ്പ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കണമെന്നും ലേലത്തില്‍ വെക്കുമ്പോള്‍ സ്വര്‍ണവിലയുടെ കുറഞ്ഞത് 90 ശതമാനം റിസര്‍വ് വില നിശ്ചയിക്കണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ സ്വര്‍ണ വായ്പയുടെ മാനേജ്മന്റ് കൂടുതല്‍ ശ്രമകരമാക്കും. ബാങ്കുകള്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ കുറെയൊക്കെ പാലിച്ചു പോരുന്നുണ്ട് എന്നുള്ളതുകൊണ്ട്, പുതിയ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകളെ വലിയ രീതിയില്‍ ബാധിക്കില്ല. എന്നാല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്താനിടയുണ്ട്. വര്‍ദ്ധിച്ച പ്രവര്‍ത്തന ചെലവ് സ്വര്‍ണ വായ്പയുടെ പലിശ നിരക്ക് കൂടുവാന്‍ ഇടയാക്കും. LTV യിലുള്ള നിയന്ത്രണങ്ങള്‍ സ്വര്‍ണത്തിന്റെ തൂക്കത്തിന് നേരത്തെ ലഭിച്ചിരുന്ന തുക കുറയ്ക്കും (Per Gram rate).

ഇന്ത്യയിലെ സ്വര്‍ണപ്പണയ വായ്പയില്‍ പകുതിയോളം കൈകാര്യം ചെയ്യുന്നത് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളാണ് (NBFC). ഇതില്‍ വലിയ രണ്ടു സ്ഥാപനങ്ങള്‍ കേരളത്തിലാണ്. ഇവയുടെ വരുമാനത്തില്‍ വലിയ ഭാഗം സ്വര്‍ണപണയ ബിസിനസില്‍ നിന്നാണ്. വായ്പ ലഭിക്കാനുള്ള എളുപ്പം കൊണ്ടും മറ്റും സാധാരണക്കാര്‍, ബാങ്കുകളേക്കാള്‍ ഒരുപക്ഷെ ആശ്രയിക്കുന്നത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയാണ്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക കൂടുതല്‍ ശ്രമകരമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com