

അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ ലഭ്യമാക്കുന്ന 'ബുള്ളറ്റ് റീപേയ്‌മെന്റ് സ്വര്‍ണ വായ്പാ പദ്ധതി'യുടെ പരിധി 4 ലക്ഷമാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ഇന്ന് നടന്ന മോണിറ്ററി പോളിസി കമ്മറ്റി(MPC)യിലാണ് തീരുമാനം. നിലവില്‍ രണ്ട് ലക്ഷമാണ് വായ്പാ പരിധി. ചെറുകിട വായ്പക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ നീക്കം. ഏറെക്കാലമായി ഈ പരിധി ഉയര്‍ത്തിയിട്ടില്ല.
കൃഷി, ഭവനം, ചെറുകിട വായ്പാ എന്നീ മുന്‍ഗണന വായ്പകള്‍ നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ 2023 മാര്‍ച്ച് 31ഓടെ കൈവരിച്ച അര്‍ബന്‍ ബാങ്കുകള്‍ക്കാണ് കൂടുതല്‍ തുക വായ്പയായി നല്‍കാന്‍ കഴിയുക. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിപ്പിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
'ബുള്ളറ്റ് ലോണുകള്‍'
പ്രതിമാസ തിരിച്ചടവ് ആവശ്യമില്ലാത്ത സ്വര്‍ണ വായ്പകളാണ് ബുള്ളറ്റ് ലോണുകള്‍ അഥവാ ബുള്ളറ്റ് റീപേയ്‌മെന്റ് പദ്ധതി എന്നറിയപ്പെടുന്നത്. സ്വര്‍ണ വായ്പയുടെ പലിശ നിരക്ക് ഓരോ മാസവും കണക്കാക്കുമെങ്കിലും വായ്പാ തുകയും പലിശയും കാലാവധിയുടെ അവസാനം ഒറ്റത്തവണയായി അടച്ചാല്‍ മതി. ഒരു വര്‍ഷം കാലാവധിയിലാണ് ഇത്തരം വായ്പകള്‍ ബാങ്കുകള്‍ നല്‍കുന്നത്. സാധാരണ സ്വര്‍ണ വായ്പകള്‍ക്ക് മാസത്തിലോ ത്രൈമാസത്തിലേ പലിശയും മുതലും അടയ്‌ക്കേണ്ടതുണ്ട്. കാര്‍ഷിക വായ്പകളില്‍ ഇതില്‍ വ്യത്യാസമുണ്ട്.
2007ലാണ് ആദ്യമായി റിസര്‍വ് ബാങ്ക് ബുള്ളറ്റ് വായ്പകള്‍ക്ക് അനുമതി നല്‍കിയത്. അന്ന് ഒരു ലക്ഷമായിരുന്നു പരിധി. പിന്നീട് 2014ലാണ് പരിധി രണ്ട് ലക്ഷമാക്കിയത്.
Read DhanamOnline in English
Subscribe to Dhanam Magazine