'താലിമാല' പണയം വെയ്ക്കാന്‍ മത്‌സരമോ! ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടിയും കടന്ന് സ്വര്‍ണവായ്പ, മൊത്തം തുക എത്രയെന്ന് ഊഹിക്കാമോ?

2025 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം സ്വര്‍ണ വായ്പകള്‍ 2.94 ലക്ഷം കോടി രൂപയിലെത്തി
gold ornaments and currency
Canva/AdobeStocks
Published on

അടിയന്തര ആവശ്യങ്ങളില്‍ ഏറ്റവും അവസാനത്തെ ആശ്രയമായാണ് കുറച്ചു കാലം വരെ ആളുകള്‍ സ്വര്‍ണ വായ്പകളെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് പാടെ മാറിയെന്ന് കാണിക്കുകയാണ് പുതിയ കണക്കുകള്‍. 2025 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം സ്വര്‍ണ വായ്പകള്‍ 2.94 ലക്ഷം കോടി രൂപയിലെത്തി നില്‍ക്കുന്നു. 2024 ജൂലൈയില്‍ 1.32 ലക്ഷം കോടി മാത്രമായിരുന്നു ഇത്. അതായത് 122 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിലും സ്വര്‍ണ വായ്പകള്‍ തകര്‍ത്തു മുന്നേറിയിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിലെ ഒരു ലക്ഷം കോടി രൂപയില്‍ നിന്ന് 103 ശതമാനം ഉയര്‍ന്ന് 2.1 ലക്ഷം കോടി രൂപയായി. അതായത് 103 ശതമാനം വര്‍ധന. വ്യക്തിഗത വായ്പകളില്‍ 8 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകളില്‍ 6 ശതമാനവുമാണ് വാര്‍ഷിക വളര്‍ച്ച എന്നിരിക്കെയാണിത്.

ആവശ്യം കൂട്ടി വിലക്കുതിപ്പ്

സ്വര്‍ണ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് കൂടുതല്‍ ആളുകളെ സ്വര്‍ണ വായ്പകളിലേക്ക് ആകര്‍ഷിച്ചത്. കേരളത്തിലെ കാര്യമെടുത്താല്‍ 2025 ല്‍ ഇതു വരെ 44 ശതമാനം വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. 2024 ഡിസംബര്‍ 31 ന് പവന് 56,880 രൂപയായിരുന്നത് സെപ്റ്റംബര്‍ 16ന് 82.080 രൂപയിലെത്തി.

വില ഉയര്‍ന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ കൈയിലുള്ള സ്വര്‍ണത്തിനു മേല്‍ കൂടുതല്‍ തുക വായ്പ ലഭിക്കാന്‍ അവസരമൊരുങ്ങി. ഇതോടെ സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ ഏറ്റവും ആശ്രയിക്കാവുന്ന ഒരു മാര്‍ഗമായും സ്വര്‍ണ വായ്പകള്‍ മാറി.

ആര്‍.ബി.ഐ ഇടപെടലുകളും

ഇതിനിടെ റിസര്‍വ് ബാങ്കിന്റെ ചില ഇടപെടലുകളും സ്വര്‍ണ വായ്പകളുടെ ഡിമാന്‍ഡ് കൂടാന്‍ ഇടയാക്കി. സ്വര്‍ണം ഈടാക്കിയെടുക്കുന്ന വായ്പകളെ നേരത്തെ കാര്‍ഷിക വായ്പകളാക്കി കണക്കാക്കിയിരുന്നത് സ്വര്‍ണ വായ്പകള്‍ ആയി തരം തിരിച്ചതും എന്‍.ബി.എഫ്.സികളുടെ വായ്പാ നിബന്ധനകള്‍ കര്‍ക്കശമാക്കിയതും ലോണ്‍ ടു വാല്യു മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതുമൊക്കെ കൂടുതല്‍ പേര്‍ക്ക് വായ്പ ലഭ്യമാകാന്‍ സഹായിച്ചതായാണ് കണക്കാക്കുന്നത്.

2025 ജൂണിലാണ് എല്‍.ടി.വി സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. ഇതു പ്രകാരം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള സ്വര്‍ണ വായ്പകള്‍ക്ക് ലോണ്‍ ടു വാല്യു(LTV) സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 85 ശതമാനമാക്കി ഉയര്‍ത്തി. നേരത്തെ ഇത് 75 ശതമാനമായിരുന്നു. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് എല്‍.ടി.വി 80 ശതമാനമാണ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള വായ്പകളുടെ എല്‍.ടി.വി 75 ശതമാനമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

ചെറു തുകളുടെ വായ്പകളിലാണ് ഈ നീക്കം കൂടുതല്‍ ഗുണം ചെയ്തത്. ഗ്രാമങ്ങളില്‍ നിന്നും മറ്റുമള്ളവര്‍ക്ക് അവരുടെ കൈയിലുള്ള സ്വര്‍ണത്തിന് കൂടുതല്‍ തുക വായ്പയായി ലഭിക്കാന്‍ ഇത് കളമൊരുക്കി.

10 ഗ്രാം സ്വര്‍ണം കൈവശമുള്ള ഒരാള്‍ക്ക് മുന്‍പ് ലഭിച്ചതിനേക്കാള്‍ 10 ശതമാനം അധികം തുകയാണ് ഇത് വഴി നേടാനായത്. ഇത് കൂടുതല്‍ ആളുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു.

എളുപ്പത്തില്‍ വായ്പകള്‍

ബാങ്കുകളും ഫിന്‍ടെക് സ്ഥാപനങ്ങളുമെല്ലാം സ്വര്‍ണവായ്പ പോര്‍ട്ട്‌ഫോളിയോ വിപുലപ്പെടുത്തുകയും വായ്പകള്‍ നല്‍കുന്നത് സുഗമമാക്കുന്നതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും എ.ഐ അധിഷ്ഠിത മൂല്യനിര്‍ണയ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വലിയ നൂലാമാലകളില്ലാതെ എളുപ്പത്തില്‍ ലഭ്യമാക്കാമെന്നതാണ് സ്വര്‍ണ വായ്പകളെ ആകര്‍ഷകമാക്കുന്നത്. അതേപോലെ ക്രെഡിറ്റ് ഹിസ്റ്ററിയും ബാങ്ക് സേവനങ്ങളില്‍ പരിചയക്കുറവോ ഒന്നും ബാധിക്കാതെ വേഗത്തില്‍ ലഭ്യമാക്കാന്‍ ആകുന്നത് സുരക്ഷിതമല്ലാത്ത വായ്പകളില്‍ നിന്ന് സ്വര്‍ണ വായ്പകളിലേക്ക് തിരിയാന്‍ ഉപയോക്താക്കളെയും പ്രേരിപ്പിക്കുന്നുണ്ട്.

ആളുകളുടെ കൈയില്‍ പണമില്ലാത്ത അവസ്ഥയും വായ്പകള്‍ ഉയരാന്‍ കാരണമായി പറയാം. വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ കൈയിലുള്ള സ്വര്‍ണം പണയം വച്ച് നിത്യജീവിതം മുന്നോട്ട് കൊണ്ടു പോകാമെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്.

ആവശ്യങ്ങള്‍ മാറി

നേരത്തെ പറഞ്ഞതു പോലെ അടിയന്തര ആവശ്യങ്ങളില്‍ മാത്രമല്ല ഇപ്പോള്‍ സ്വര്‍ണ വായ്പകള്‍ ആളുകള്‍ പ്രയോജനപ്പെടുത്തുന്നത്. വിവാഹം, വിദ്യാഭ്യാസം, അസുഖങ്ങള്‍, ചെറു ബിസിനസുകള്‍, സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള മൂലധനം എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും സ്വര്‍ണ വായ്പയെടുക്കുന്നുണ്ട്. ഈടില്ലാത്ത വായ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണെന്ന പ്രത്യേകതയുമുണ്ട്. മിക്ക സ്ഥാപനങ്ങളും 8-12 ശതമാനമാണ് പലിശ ഈടാക്കുന്നത്.

അതേസമയം,സ്വര്‍ണ വായ്പകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നത് മൈക്രോഫിനാന്‍സ് വായ്പകളില്‍ 16.5 ശതമാനം വരെ ഇടിവുണ്ടാക്കിയിട്ടുണ്ടെന്ന് മൈക്രോ ഫിനാന്‍സ് ഇന്‍ഡസ്ട്രി നെറ്റ്‌വര്‍ക്ക് (MFIN) പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

Gold loans in India surged 122% YoY due to rising gold prices and RBI policy changes.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com