
സ്വര്‍ണ നിക്ഷേപകര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിക്ക് തിരശീല വീഴുന്നു. 2025 മാര്‍ച്ച് 26 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, ഇടത്തരം, ദീര്‍ഘകാല ഗോള്‍ഡ് മോണറ്റൈസേഷന്‍ പദ്ധതി (Gold Monetisation Scheme /GMS) നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളുടെയും പദ്ധതിയുടെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ജിഎംഎസിന് കീഴിലുള്ള ഹ്രസ്വകാല ബാങ്ക് നിക്ഷേപങ്ങള്‍ തുടരാനുള്ള തീരുമാനം കൈക്കാള്ളാനുള്ള അവകാശം ബാങ്കുകള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.
2015 സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് ജി.എം.എസ്. വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം സമാഹരിച്ച് ഉത്പാദനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുക, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി കൊണ്ടു വന്നത്. മുന്‍പുണ്ടായിരുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയും സ്വര്‍ണ മെറ്റല്‍ വായ്പ പദ്ധതികളും നവീകരിച്ചും സംയോജിപ്പിച്ചുമാണ് പദ്ധതി അവതരിപ്പിച്ചത്.
ബാറുകള്‍, കോയിനുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ 30,000 ടണ്ണിന്റെ സ്വര്‍ണം ഇന്ത്യന്‍ വീടുകളിലുണ്ടെന്നാണ് കണക്കാക്കുന്നത്. വെറുതെ ഇരിക്കുന്ന ഈ സ്വര്‍ണത്തെ പ്രയോജനപ്പെടുത്തുകയും ആളുകള്‍ക്ക് വരുമാനം നല്‍കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഒരു വ്യക്തിക്ക് 30 ഗ്രാം സ്വര്‍ണമാണ് കുറഞ്ഞത് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചിരുന്നത്. പരമാവധി നിക്ഷേപത്തിന് പരിധിയുണ്ടായിരുന്നില്ല. ഹ്രസ്വകാലത്തേക്കും (ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ) ഇടക്കാലത്തേക്കും (5 മുതല്‍ 7 വര്‍ഷം വരെ,) ദീര്‍ഘകാലേേത്തക്കും (12 മുതല്‍ 15 വര്‍ഷം വരെ) നിക്ഷേപം സ്വീകരിച്ചിരുന്നു. തിരഞ്ഞെടുത്ത ബാങ്കുകള്‍ക്കായിരുന്നു പദ്ധതിയുടെ ചുമതല.
ജി.എം.എസ് വഴി എത്തുന്ന ആഭരണമായോ മറ്റ് രൂപത്തിലുള്ളതോ ആയ സ്വര്‍ണം ഉരുക്കി കളക്ഷന്‍ ആന്‍ഡ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്റര്‍ വഴി മൂല്യം നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം ഈ സ്വര്‍ണം ബാറുകളാക്കി മാറ്റും. അതിന്റെ മൂല്യമാണ് നിക്ഷേപകരുടെ ഗോള്‍ഡ് അക്കൗണ്ടില്‍ വരവ് വയ്ക്കുന്നത്.
നിക്ഷേപ കാലാവധി അവസാനിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് അവരുടെ സ്വര്‍ണം ബാറുകളുടെയോ നാണയങ്ങളുടെയോ രൂപത്തില്‍ തിരികെ നല്‍കും. മൂല്യത്തില്‍ വരുന്ന ചെറിയ കുറവ് പണമായും തിരിച്ചു നല്‍കും. ലോക്കര്‍ ചാര്‍ജ് ലാഭിക്കാനും വെറുതെ ഇരിക്കുന്ന സ്വര്‍ണത്തിന് മൂല്യവര്‍ധന നേടാനും പദ്ധതി അവസരം നല്‍കി.
പദ്ധതിയുടെ ലക്ഷ്യം നല്ലതായിരുന്നങ്കിലും വിവിധ വെല്ലുവിളികള്‍ മൂലം പരിമിതമായ പങ്കാളിത്തമാണ് പദ്ധതിക്ക് ലഭിച്ചത്. സ്വര്‍ണത്തോട് പലര്‍ക്കും വൈകാരിക അടുപ്പമാണുള്ളത്. അതുകൊണ്ട് തന്നെ പരമ്പരാഗതമായി കൈമാറി കിട്ടിയ സ്വര്‍ണവും ആഗ്രഹിച്ചു വാങ്ങിയ ആഭരണവുമൊന്നും ഉരുക്കി മാറ്റാന്‍ ആളുകള്‍ താത്പര്യം കാണിച്ചില്ല എന്നതാണ് പദ്ധതിക്ക് പ്രധാന തടസമായത്. ഒപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന നീണ്ട കാലയളവും നടപടിക്രമങ്ങളും പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണത്തിലുള്ള കുറവും അസൗകര്യം സൃഷ്ടിച്ചു.
നിക്ഷേപകര്‍ക്ക് അവരുടെ കൈയിലുള്ള സ്വര്‍ണത്തിന്റെ അളവ് പുറത്തുവിട്ടാലാണ് പലിശ നേടാനാകുന്നത്. പലിശയ്ക്കാണെങ്കിലും നികുതിയും നല്‍കേണ്ടി വന്നു. ഇത് പങ്കാളിത്തം കുറയാന്‍ മറ്റൊരു കാരണമായി.
പദ്ധതിക്ക് വേണ്ടത്ര പ്രചാരണം നല്‍കാത്തതും ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള സഹകരണം കുറഞ്ഞതും മൂലം നിക്ഷേപകരിലേക്ക് പദ്ധതി വേണ്ടത്ര എത്തിക്കാനും സാധിച്ചില്ല എന്നതും പോരായ്മയായി.
സാമ്പത്തിക വ്യവസ്ഥയിലേക്ക് സ്വര്‍ണം കൊണ്ടുവരിക എന്നതാണ് ജിഎംഎസ് ലക്ഷ്യമിട്ടതെങ്കിലും ഈ തടസങ്ങള്‍ ആത്യന്തികമായി അതിന്റെ വിജയത്തെ പരിമിതപ്പെടുത്തി. ഇതാണ് ഇപ്പോള്‍ പദ്ധതിക്ക് കീഴിലുള്ള ഇടത്തരം, ദീര്‍ഘകാല നിക്ഷേപങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine