

പൊതുമേഖല ബാങ്കുകളുടെ ലയനത്തിനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വലിയ വായ്പകള്‍ നല്കാന്‍ ശേഷിയുള്ള മെഗാ ബാങ്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ഇക്കാര്യം പരിഗണിക്കുന്നത്. സെപ്റ്റംബര്‍ 12-13 തീയതികളില്‍ നടക്കുന്ന പൊതുമേഖല ബാങ്കുകളുടെ സമ്മിറ്റായ പി.എസ്.ബി മന്ധനില്‍ (PSB Manthan) ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
2020ലാണ് ഇതിനു മുമ്പ് പൊതുമേഖല ബാങ്കുകളുടെ ലയനം നടന്നത്. അന്ന് പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12ലേക്ക് കുറച്ചിരുന്നു. ലയനത്തിനുശേഷം ബാങ്കുകളുടെ പ്രവര്‍ത്തനമികവ് വര്‍ധിച്ചിരുന്നു. സമീപകാലത്ത് പൊതുമേഖല ബാങ്കുകളുടെ വരുമാനവും ലാഭവും കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്.
ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള കൂടുതല്‍ ബാങ്കുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലയനത്തിനായി കേന്ദ്രം തയാറെടുക്കുന്നത്. നിലവില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), എച്ച്.ഡി.എഫ്.സി ബാങ്കുകള്‍ മാത്രമാണ് ആഗോള തലത്തില്‍ മികച്ച 100 വായ്പാദാതാക്കളില്‍ ഉള്‍പ്പെടുന്നത്. വലിയ വായ്പകള്‍ നല്കാന്‍ ബാങ്കുകളെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യം കേന്ദ്രത്തിനുണ്ട്.
2040 ആകുന്നതോടെ 4.5 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തിന് ആവശ്യമുണ്ട്. ഇത്തരത്തില്‍ വായ്പ നല്കാന്‍ പര്യാപ്തമായ കൂടുതല്‍ ബാങ്കുകളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത സമയത്ത് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 27 ആയിരുന്നു. 2017 ഏപ്രിലിലാണ് തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) അടക്കം 5 അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. 2019 ഏപ്രിലില്‍ ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചു.
2020 ഏപ്രില്‍ ഒന്നിന് 10 ബാങ്കുകളെയാണ് ലയിപ്പിച്ച് കേന്ദ്രം 4 വലിയ ബാങ്കുകളാക്കിയത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലുമാണ് ലയിച്ചത്. ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ യൂണിയന്‍ ബാങ്കിലും ലയിപ്പിച്ചു.
രാജ്യത്ത് 10ല്‍ താഴെ പൊതുമേഖല ബാങ്കുകള്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും വരുമാന വര്‍ധനയ്ക്കും ഇതുവഴി സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോഡ് വരുമാനമാണ് പൊതുമേഖല ബാങ്കുകള്‍ നേടിയത്.
2023 സാമ്പത്തികവര്‍ഷം പൊതുമേഖല ബാങ്കുകളുടെ ലാഭം 1.04 ലക്ഷം കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷമിത് 1.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine