

ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന 78,000 കോടിയിലധികം വരുന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ നോമിനിക്ക് തിരിച്ചു നല്‍കാന്‍ ലളിതമായ മാര്‍ഗം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. അവകാശികളില്ലാത്ത നിക്ഷേപങ്ങളും നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്കുമായുള്ള ആര്‍.ബി.ഐയുടെ പുതിയ മാര്‍ഗ നിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കുകള്‍ നടപ്പാക്കിതുടങ്ങും.
എല്ലാ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ വിവരങ്ങള്‍ ഇതിലുണ്ടാകും. കൂടാതെ പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കും.
നിശ്ചിത രൂപത്തിലുള്ള അപേക്ഷഫോമും സാക്ഷ്യപത്രവും ഇതിലുള്‍പ്പെടുത്തും. നിക്ഷേപം തിരിച്ച് പിടിക്കാന്‍ വേണ്ട രേഖകളുടെ വിവരങ്ങളും ഉണ്ടാകും. അപേക്ഷകര്‍ അവരുടെ പേരും, മൊബൈല്‍ നമ്പറും, മേല്‍വിലാസവും അടക്കമുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. അതത് ബാങ്കുകളുടെ ശാഖകള്‍ ഇത് വേരിഫൈ ചെയ്ത് അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് ചര്‍ച്ചകള്‍ക്ക് ശേഷം പൊതുമേഖല ബാങ്കുകളില്‍ നിന്നുള്ള സീനിയര്‍ ബാങ്കര്‍മാരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് ഉണ്ടാക്കിയത്. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 2026 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയി തന്നെ നിക്ഷേപം തിരിച്ചെടുക്കാനുള്ള സംവിധാനം നടപ്പാകുമെന്നാണ് സൂചന.
നിലവില്‍ ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഉദ്ഗം (UDGAM) പോര്‍ട്ടല്‍ വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങളെ കുറിച്ച് പരിശോധിക്കാന്‍ മാര്‍ഗമുണ്ട്. ഇതിനുശേഷം ബാങ്കുകളെ സമീപിച്ച് പണം തിരിച്ച് ആവശ്യപ്പെടാം.
10 വര്‍ഷത്തില്‍ കൂടുതലായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്റ് അവയര്‍നെസ് ഫണ്ടിലേക്ക് (DEAF) മാറ്റിയാണ് സൂക്ഷിക്കുന്നത്. 2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 78,213 കോടി രൂപയാണ് ഇതിലുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയുണ്ട്.
അവകാശികളില്ലാതെ ബാങ്കുകളിലും ഓഹരികളിലും മ്യൂച്വല്‍ഫണ്ടുകളിലും ഇന്‍ഷുറന്‍സികളിലുമൊക്കെ കിടക്കുന്ന തുക സെറ്റില്‍ചെയ്യാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ധനകാര്യ നിയന്ത്രണ ഏജന്‍സികളോട് നിര്‍ദേശിച്ചിരുന്നു.
ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും ഒരേസമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാന്‍ അവസരം നല്‍കാന്‍ ബാങ്കിംഗ് ഭേദഗതി ബില്‍ ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിട്ടുണ്ട്. രാഷ്ട്രപതി അനുമതി നല്‍കുന്നതോടെ ബില്‍ നിയമമാകും. അവകാശികളില്ലാതെ നിക്ഷേപങ്ങള്‍ പെരുകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്നാണ് വിലയിരുത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine