പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില്‍പ്പനാ നടപടിക്കു വേഗത പോരെന്നു പരാതി

പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില്‍പ്പനാ നടപടിക്കു വേഗത പോരെന്നു പരാതി
Published on

നാല് പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വിഹിതം വെട്ടിക്കുറയ്ക്കാനുളള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആവശ്യപ്പെട്ടു.നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതായി രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് -19 പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നികുതി പിരിവ് കുറയുന്നതിനിടയില്‍ ബജറ്റ് ചെലവുകള്‍ക്കായുളള ധനസമാഹരണത്തിനായി ബാങ്കുകളുടെയും മറ്റ് സര്‍ക്കാര്‍ കമ്പനികളുടെയും സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇവയില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യക്ഷവും പരോക്ഷവുമായ നിക്ഷേപങ്ങളിലൂടെ ഭൂരിപക്ഷ ഓഹരി വിഹിതമുണ്ട്.

പൊതുമേഖല ബാങ്കിംഗ് വ്യവസായത്തിന്റെ പുന:സംഘടനയുടെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ എണ്ണം നാലോ അഞ്ചോ ആയി കുറച്ചേക്കുമെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഡിബിഐക്ക് പുറമേ ഇന്ത്യയില്‍ നിലവില്‍ ഒരു ഡസന്‍ പൊതുമേഖലാ ബാങ്കുകളുണ്ട്. ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിന് 47.11 ശതമാനവും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് 51 ശതമാനം ഓഹരി വിഹിതവുമാണുളളത്.

ഇതിനിടെ, കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉടന്‍  കേന്ദ്ര മന്ത്രിസഭയുടെ മുമ്പാകെ സമര്‍പ്പിക്കുമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി  വിമാനത്താവളങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലൂടെ സ്വകാര്യവല്‍ക്കരിക്കാന്‍ 2019 ഫെബ്രുവരിയില്‍ അനുമതി നല്‍കിയതിനു പിന്നാലെ അമൃത്സര്‍, വാരണാസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പൂര്‍, ട്രിച്ചി വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 2019 സെപ്റ്റംബറില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

2030 വരെ നിര്‍മ്മിക്കുന്ന 100 പുതിയ വിമാനത്താവളങ്ങളുടെ കാര്യവും പരഗണനയിലാണെന്ന് ഹര്‍ദീപ് പുരി പറഞ്ഞു.2019 ഫെബ്രുവരിയില്‍ മത്സര ബിഡ്ഡിംഗ് പ്രക്രിയയ്ക്ക് ശേഷം ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി എന്നീ ആറ് വിമാനത്താവളങ്ങള്‍ നടത്താനുള്ള അവകാശം അദാനി എന്റര്‍പ്രൈസസ് നേടിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com