

ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവുണ്ടാകുമെന്ന് സൂചന. അടുത്ത മാസം നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനമാണ് ജി.എസ്.ടി. ഇത് 5 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് നീക്കം.
ഇന്‍ഷുറന്‍സ് കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം ഉപയോക്താക്കള്‍ക്കും ഈ നീക്കം ഗുണം ചെയ്യും. കൂടുതല്‍ പേരിലേക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തിക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ജി.എസ്.ടിയിലെ കുറവ് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
ഇന്‍ഷുറന്‍സിന് പൂര്‍ണമായി നികുതി ഇളവ് നല്‍കണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് അഞ്ചു ശതമാനത്തിലേക്ക് ജി.എസ്.ടി കുറയ്ക്കാന്‍ തത്വത്തില്‍ തീരുമാനമായിരിക്കുന്നത്. ഇന്‍ഷുറന്‍സിലെ നികുതി ഘടനയെക്കുറിച്ച് പഠിക്കുന്ന മന്ത്രിതല സംഘത്തിലെ ഭൂരിപക്ഷ അംഗങ്ങളും നികുതി കുറയ്ക്കലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇനി ഏപ്രിലില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഇത് പാസാകണം.
ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് പൂര്‍ണ നികുതി ഇളവ് നല്‍കണമെന്ന ആവശ്യം ഇടയ്ക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നികുതി ഒഴിവാക്കിയാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി)ആനുകൂല്യം നഷ്ടമാകുന്നതിലേക്ക് നയിക്കും. ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഐ.ടി.സി ആനുകൂല്യം ലഭ്യമല്ലെന്നതാണ് കാരണം. ഇന്‍ഷുറന്‍സ് കമ്പനികളുടെ ചെലവും പ്രീമിയം നിരക്കും ഉയരാന്‍ ഇത് ഇടയാക്കും.
ഇന്‍ഷുറന്‍സ് ജി.എസ്.ടിയില്‍ കുറവു വരുത്തുന്നത് വഴി സര്‍ക്കാരിന് വലിയ വരുമാന നഷ്ടമാണ് നേരിടേണ്ടി വരുന്നത്. 2023-24 സാമ്പത്തികവര്‍ഷം ഇന്‍ഷുറന്‍സ് ജി.എസ്.ടിയായി 16,000 കോടി രൂപ ലഭിച്ചിരുന്നു. ജി.എസ്.ടി കുറയ്ക്കുന്നതോടെ ഈ വരുമാനത്തില്‍ വന്‍ കുറവുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine