

അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടിയില്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കാരം കൊണ്ടുവന്നിരുന്നു. ഒട്ടുമിക്ക സാധനങ്ങളുടെയും വില കുറയുന്ന രീതിയില്‍ മാറ്റം വരുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇന്‍ഷുറന്‍സ് മേഖലയ്ക്ക് വലിയ ആശ്വാസമാണ് ജിഎസ്ടിയിലെ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 18 ശതമാനമായിരുന്ന ജിഎസ്ടി പൂര്‍ണമായും എടുത്തു കളഞ്ഞതോടെ ഇന്‍ഷുറന്‍സ് രംഗത്ത് വലിയ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.
ജിഎസ്ടി ഒഴിവാക്കിയത് ഹെല്‍ത്ത് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നവര്‍ക്ക് എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം. ഉദാഹരണത്തിന്, 20,000 രൂപ വാര്‍ഷിക പ്രീമിയമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിങ്ങള്‍ക്കുണ്ടെന്ന് കരുതുക. 18 ശതമാനമാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള ജിഎസ്ടി. മുമ്പ് ജിഎസ്ടി ഇനത്തില്‍ 3,600 രൂപ പോളിസിക്കൊപ്പം ഉപയോക്താവ് അടയ്ക്കണമായിരുന്നു. പ്രീമിയവും ജിഎസ്ടിയും ചേരുമ്പോള്‍ 23,600 രൂപ. എന്നാല്‍ സെപ്റ്റംബര്‍ 22ന് ശേഷം 20,000 മാത്രം അടച്ചാല്‍ മതിയാകും.
അതേസമയം, ജിഎസ്ടി ഒഴിവാക്കിയതിന്റെ പൂര്‍ണമായ നേട്ടം ഉപയോക്താക്കള്‍ക്ക് കിട്ടണമെന്ന് നിര്‍ബന്ധമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോ കമ്പനികളും ഇക്കാര്യത്തില്‍ വ്യത്യസ്ത തീരുമാനം എടുത്തേക്കാം. ഏജന്റുമാരുടെ കമ്മീഷന്‍, മറ്റ് ചെലവുകള്‍ എല്ലാം നികുതിയുടെ പരിധിയില്‍ വരുന്നതാണ്. ഇതിന്റെ ഒരുഭാഗം ഉപയോക്താക്കളില്‍ നിന്ന് ഈടാക്കണോ വേണ്ടയോ എന്നകാര്യം ഇന്‍ഷുറന്‍സ് കമ്പനികളാണ് തീരുമാനിക്കേണ്ടത്. എന്നിരുന്നാലും ഏറ്റവും കുറഞ്ഞത് 15 ശതമാനമെങ്കിലും നേട്ടം ഉപയോക്താക്കളിലേക്ക് എത്തും.
കൂടുതല്‍ ജനകീയമാകും
ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് നിലവില്‍ 18% വരെ ജിഎസ്ടി ചാര്‍ജുണ്ട്. ഇത് ഒഴിവാക്കിയാല്‍ പോളിസി പ്രീമിയങ്ങള്‍ നേരിട്ട് കുറയും. സാധാരണക്കാരും മധ്യവര്‍ഗവും ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് ഇന്‍ഷുറന്‍സ് എത്തിച്ചേരാന്‍ ഇത് സഹായിക്കും.
ഇന്‍ഷുറന്‍സ് കവറേജ് വര്‍ധിക്കും
പോളിസിയെടുക്കാനുള്ള ചെലവ് കുറയുന്നത് കൂടുതല്‍ പേരെ ഇന്‍ഷുറന്‍സ് എടുക്കുന്നതിനായി പ്രേരിപ്പിക്കും. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് സാന്ദ്രത ഇപ്പോഴും ആഗോള ശരാശരിയേക്കാള്‍ തീരെ കുറവാണ്.
ആരോഗ്യ സുരക്ഷയ്ക്ക് വലിയ സഹായം
ആശുപത്രി ചെലവുകള്‍ ഓരോ വര്‍ഷവും ഉയരുകയാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രി ചെലവുകള്‍ മൂലം കടത്തിലേക്ക് നിപതിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഓരോ വര്‍ഷവും ഉയരുകയാണ്. ഇതിനൊരു പരിഹാരം കാണാന്‍ ജിഎസ്ടി കുറച്ചതിലൂടെ സാധിക്കും.
ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ച
ഡിമാന്‍ഡ് കൂടുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനം വര്‍ധിക്കും. പുതിയ സേവനങ്ങള്‍ പുറത്തിറക്കാനും ഇന്‍ഷുറന്‍സ് രംഗത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കും.
കേരളം ആരോഗ്യ സേവന രംഗത്ത് മുന്നിലാണെങ്കിലും സ്വകാര്യ ആശുപത്രി ചെലവുകള്‍ വളരെ കൂടുതലാണ്. ചെറിയ രോഗത്തിനുപോലും വലിയ ചെലവുകള്‍ വരുന്ന സാഹചര്യമാണുള്ളത്. ഉയര്‍ന്ന പ്രീമിയം മൂലം പലരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാതെ വിട്ടുനില്‍ക്കുകയാണ്. ഇതിനൊരു മാറ്റം വരുത്താന്‍ ജിഎസ്ടി ഒഴിവാക്കല്‍ വഴിയൊരുക്കും.
ഏജന്റുമാര്‍ക്കും ഗുണകരം
കേരളത്തില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വളരയെധികമാണ്. പ്രത്യേകിച്ച് ഏജന്റുമാര്‍. പ്രീമിയം കുറയുന്നതോടെ കൂടുതല്‍ പോളിസികള്‍ വിറ്റഴിക്കാനുള്ള സാധ്യത ഉണ്ടാകും. അത് തൊഴിലവസരവും വരുമാനവും ഉയര്‍ത്തും.
Read DhanamOnline in English
Subscribe to Dhanam Magazine