

ഭരണ സമിതി അംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വില കൂടിയ കാര്‍ വാങ്ങരുത്; ഉപഹാരങ്ങള്‍ വാങ്ങുമ്പോള്‍ ഇ-ടെന്‍ഡര്‍ നിര്‍ബന്ധം. സഹകരണ സ്ഥാപനങ്ങളുടെ വഴിവിട്ട പോക്കിന് കടിഞ്ഞാണിടുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഭരണ സമിതി മേധാവികള്‍ വിലകൂടിയ വാഹനങ്ങള്‍ വാങ്ങുന്നത് വിലക്കി കൊണ്ട് ഗുജറാത്ത് സഹകരണ വകുപ്പാണ് ഉത്തരവിറക്കിയത്.
ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള സൊസൈറ്റികളുടെ പണം വിനിയോഗിക്കുന്നതില്‍ ഭരണ സമിതികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് പുതിയ ഉത്തരവിലുള്ളത്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ചരിത്രം ഗുജറാത്ത് സര്‍ക്കാരിന് പാഠമാകുകയാണോ?
ഗുജറാത്തിലെ ബാങ്കിംഗ്, ഡയറി, കൃഷി തുടങ്ങി എല്ലാ മേഖലകളിലുമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാകും. സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാര്‍ക്കായി വാങ്ങാവുന്ന കാറിന്റെ പരമാവധി വില 30 ലക്ഷം രൂപയാണ്. 22.5 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വില വരുന്ന ഇന്നോവ ക്രിസ്റ്റ വിഭാഗത്തിലുള്ള വാഹനങ്ങള്‍ വാങ്ങാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
'' കൂടുതല്‍ ആസ്തിയുള്ള സഹകരണ സ്ഥാപനത്തിന്റെ ചെയര്‍മാന് വേണ്ടിയാണെങ്കില്‍ ഇന്നോവ ക്രിസ്റ്റയുടെ ഉയര്‍ന്ന മോഡല്‍ വരെ വാങ്ങാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിധിക്കനുസരിച്ചാണ് ഇത് നിര്‍ണയിച്ചിരിക്കുന്നത്. ഗുജറാത്തില്‍ 89,000 ചെറുതും വലുതമായ സഹകരണ സ്ഥാപനങ്ങള്‍ ഉണ്ട്. സാധാരണക്കാരായ മെമ്പര്‍മാരുടെ നേട്ടത്തിന് വേണ്ടിയാണ് ഇത്തരം അനാവശ്യ ചെലവുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.'' ഗുജറാത്ത് സഹകരണ വകുപ്പ് മന്ത്രി ജഗദീഷ് പഞ്ചാല്‍ പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളിലെ സാധാരണ അംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ക്കായി ചെലവിടുന്ന പണത്തിന്റെ പരിധി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങളില്‍ നല്‍കുന്ന ഉപഹാരങ്ങള്‍ക്കുള്ള അലവന്‍സ് 150 ശതമാനം വര്‍ധിപ്പിച്ചു. 1,250 രൂപ വരെ വില വരുന്ന ഉപഹാരങ്ങള്‍ നല്‍കാമെന്നാണ് പുതിയ നിര്‍ദേശം. അതേസമയം, ഇത്തരം ഉപഹാരങ്ങള്‍ വാങ്ങുന്നത് ഇ-ടെന്‍ഡറിലൂടെയാകണമെന്നും ഭരണസമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കി. സഹകാരികള്‍ക്കിടയിലുള്ള സഹകരണം എന്ന പേരിലുള്ള പദ്ധതി പ്രകാരം എല്ലാ സഹകരണ സ്ഥാപനങ്ങളും പരസ്പരം ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കും. ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും കേന്ദ്രീകൃതമാക്കാനും സഹകരണ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് ഗുജറാത്തിലെ സര്‍ക്കാര്‍ അവിടെ അച്ചടക്കത്തിന്റെ വാള്‍ വീശുന്നത്. ഭരണസമിതി അംഗങ്ങളുടെ ധൂര്‍ത്ത്, സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കമില്ലായ്മ, സുതാര്യത കുറവ് തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിലെ നിരവധി സഹകരണ ബാങ്കുകളെ വെട്ടിലാക്കിയിട്ടുണ്ട്. ക്രമക്കേടുകളില്‍ റിസര്‍വ് ബാങ്ക് ആശങ്ക അറിയിച്ചിരുന്നു. ഏതാനും ബാങ്കുകളിലെ ക്രമക്കേടുകളെ കുറിച്ച് ഇ.ഡി അന്വേഷണം നടന്നു വരികയുമാണ്. 2021 നും 2024 നുമിടയില്‍ സംസ്ഥാനത്തെ 282 സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ക്രമേക്കേടുകളുടെ പേരില്‍ നടപടികള്‍ എടുത്തത്.
Read DhanamOnline in English
Subscribe to Dhanam Magazine