

എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിചുമതലയേല്‍ക്കാനൊരുങ്ങുന്ന അനുപ് ബഗ്ചിക്ക് പ്രതിവര്‍ഷം ലഭിക്കുന്ന വേതനം എത്രയാണെന്ന് അറിയാമോ? 35.89 കോടി രൂപ! പെര്‍ഫോമന്‍സ് അധിഷ്ഠിത വേരിയബിള്‍ പേയും ഷെയര്‍ അധിഷ്ഠിത ആനുകൂല്യങ്ങളും ഉള്‍പ്പെടെയാണിത്. ഇതിനുപുറമെ, ബാങ്കില്‍ ചേരുന്നതിന്റെ ഭാഗമായി ഒറ്റത്തവണയായി 7.35 കോടി രൂപയുടെ ജോയിനിംഗ് ബോണസിനും അദ്ദേഹം അര്‍ഹനാകും.
2026 ഒക്ടോബര്‍ 27 മുതല്‍ 2029 ഒക്ടോബര്‍ 26 വരെയുള്ള മൂന്ന് വര്‍ഷത്തെ കാലാവധിയിലേക്കാണ് അനുപ് ബഗ്ചിയുടെ നിയമനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടുള്ളത്. നിലവിലെ എംഡിയും സിഇഒയുമായ സശീധര്‍ ജഗ്ദീശന്‍ ഒക്ടോബര്‍ 26-ന് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണിത്.
അനുപ് ബഗ്ചിയുടെ വാര്‍ഷിക പ്രതിഫല പാക്കേജില്‍ 8.97 കോടി രൂപ സ്ഥിര ശമ്പളവും 202627 സാമ്പത്തിക വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 26.92 കോടി രൂപ വരെ വേരിയബിള്‍ പേയും ഉള്‍പ്പെടുന്നു.
ഇതില്‍ അടിസ്ഥാന ശമ്പളമായി 3.32 കോടി രൂപയും വീട്ടുവാടക ആനുകൂല്യമായി 1.66 കോടി രൂപയും മറ്റ് അലവന്‍സുകളായി 1.09 കോടി രൂപയും ലഭിക്കും. കൂടാതെ, പ്രൊവിഡന്റ് ഫണ്ട് (₹39.82 ലക്ഷം), ഗ്രാറ്റുവിറ്റി (₹21.38 ലക്ഷം), നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (₹46.46 ലക്ഷം), സൂപ്പര്‍ആനുവേഷന്‍ ആനുകൂല്യങ്ങള്‍ (₹49.78 ലക്ഷം), ലീവ് ട്രാവല്‍ അലവന്‍സ് (₹55.31 ലക്ഷം), വാഹന ആവശ്യങ്ങള്‍ക്കുള്ള അലവന്‍സ് (₹54 ലക്ഷം) എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വേരിയബിള്‍ പേയില്‍ 8.88 കോടി രൂപ കാഷ് പെയ്മെന്റും 18.04 കോടി രൂപ മൂല്യമുള്ള എംപ്ലോയി സ്റ്റോക്ക് ഓപ്ഷനുകളുമാണ് ഉള്ളത്. കാഷ് തുകയുടെ 50% ഉടന്‍ നല്‍കുകയും ബാക്കി 50% അടുത്ത മൂന്ന് വര്‍ഷങ്ങളിലായി വിതരണം ചെയ്യാനുമാണ് ബാങ്കിന്റെ നിര്‍ദ്ദേശം. ഓഹരി ആനുകൂല്യങ്ങള്‍ നാല് വര്‍ഷം കൊണ്ടാണ് പൂര്‍ണ്ണമായി ലഭ്യമാകുക.
ബാങ്കില്‍ ചുമതലയേല്‍ക്കുന്ന വേളയില്‍ ഒരു തവണയായി 3.19 കോടി രൂപ മൂല്യമുള്ള റെസ്ട്രിക്റ്റഡ് സ്റ്റോക്ക് യൂണിറ്റുകളും 4.16 കോടി രൂപ മൂല്യമുള്ള എംപ്ലോയി സ്റ്റോക്ക് ഓപ്ഷനുകളും ഉള്‍പ്പെടെ ആകെ 7.35 കോടി രൂപയുടെ പ്രത്യേക ആനുകൂല്യവും അനുപ് ബഗ്ചിക്ക് ലഭിക്കും. ഇത് നാല് വര്‍ഷത്തെ കാലയളവിലാണ് കൈമാറുന്നത്.
ബാങ്കിംഗ് മേഖലയിലെ മറ്റു പ്രമുഖ മേധാവിമാരുടെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന പാക്കേജാണ് അനുപ് ബഗ്ചിക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക് സിഇഒ അശോക് വസ്വാനിക്ക് എഥ26ല്‍ ലഭിച്ചത് 17.23 കോടി രൂപയാണ്.ആക്‌സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരിയുടെ 2026 സാമ്പത്തിക വര്‍ഷത്തിലെ ശമ്പളം 10.30 കോടി രൂപയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിലവിലെ സിഇഒ ആയ സശീധര്‍ ജഗ്ദീശന്‍ സ്റ്റോക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടെ 2026സാമ്പത്തിക വര്‍ഷത്തില്‍ 28.65 കോടി രൂപയാണ് വാങ്ങിയത്.
നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഈ വേരിയബിള്‍ പേ ബാങ്കിന്റെ ഗവേണന്‍സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി, ഡയറക്ടര്‍ ബോര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തിനും ബാങ്കിന്റെ പ്രകടന വിലയിരുത്തലിനും വിധേയമായിരിക്കും. ബാങ്ക് ഓഹരി ഉടമകളുടെ അംഗീകാരത്തിനായി തപാല്‍ വോട്ടെടുപ്പ് (Postal Ballot) നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 8-ന് ആരംഭിച്ച വോട്ടെടുപ്പ് നവംബര്‍ 6-ന് അവസാനിക്കും.
1992-ല്‍ ഐസിഐസിഐ ഗ്രൂപ്പില്‍ കരിയര്‍ ആരംഭിച്ച അനുപ് ബഗ്ചി, നിലവില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ്. അതിനുമുമ്പ്, 2017 മുതല്‍ 2023 വരെ ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഐസിഐസിഐ സെക്യൂരിറ്റീസ് തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐഐടി കാണ്‍പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും ഐഐഎം ബാംഗ്ലൂരില്‍ നിന്ന് മാനേജ്മെന്റ് ബിരുദവും നേടിയ അദ്ദേഹം ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ ആനുവലൈസ്ഡ് പ്രീമിയം ഇക്വലന്റ് ആദ്യമായി 10,000 കോടി രൂപ കടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 40 ശതമാനം വര്‍ധിച്ച് 1,189 കോടി രൂപയായി ഉയര്‍ന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
SBI Chairman C S Setty states that banks are unlikely to raise fixed deposit interest rates immediately due to surplus liquidity in the financial system.
Read DhanamOnline in English
Subscribe to Dhanam Magazine