

സ്വന്തമായി ഒരു വീട്... മിക്ക കുടുംബങ്ങളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. വര്‍ഷങ്ങളായുള്ള സമ്പാദ്യം, ലോണ്‍, സ്വര്‍ണ പണയം,
സേവിങ്സ് -എല്ലാം ചേര്‍ത്താണ് പലരും ഒരു വീട് സ്വന്തമാക്കുന്നത്. പക്ഷേ വീട് വാങ്ങുന്ന ആവേശത്തിനിടെ ചില സാമ്പത്തിക കാര്യങ്ങള്‍ ശരിയായി പ്ലാന്‍ ചെയ്യാത്തത് പിന്നീട് വലിയ സമ്മര്‍ദമായി മാറാറുണ്ട്.
ഇ.എം.ഐ കാരണം മാസാവസാനം പണമില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളും അപ്രതീക്ഷിത ചെലവുകള്‍ വന്നപ്പോള്‍ ലോണ്‍ അടയ്ക്കാന്‍ പറ്റാതെ വിഷമിക്കുന്നവരും ഇന്നും ഏറെയാണ്. അപ്പോള്‍, വീട് വാങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പലരും ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് ഇത്. ബാങ്ക് 80 ലക്ഷം രൂപ വരെ ലോണ്‍ അനുവദിച്ചാല്‍, അതുകൊണ്ട് വലിയ വീട് വാങ്ങാം എന്ന ചിന്ത വരും. പക്ഷേ ബാങ്ക് നിങ്ങള്‍ക്ക് ലോണ്‍ തരുന്നത് നിങ്ങളുടെ ശമ്പളവും വരുമാനവും കണക്കാക്കിയാണ്. അതുകൊണ്ട് ആ തുക നിങ്ങള്‍ക്ക് കൂളായി തിരിച്ചടക്കാന്‍ കഴിയണമെന്നില്ല.
ഇ.എം.ഐ അടച്ചതിന് ശേഷം വാടക, കുട്ടികളുടെ പഠനം, ചികിത്സ, യാത്ര, ഭക്ഷണം, ഇന്‍ഷുറന്‍സ്, മറ്റു കുടുംബച്ചെലവുകള്‍ എല്ലാം മാനേജ് ചെയ്യാനാകണം. സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്, പ്രതിമാസ വരുമാനത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ മാത്രമേ ഇ.എം.ഐ വരാന്‍ പാടുള്ളൂ എന്നാണ്. കാരണം, പലിശനിരക്ക് ഉയരാം. ജോലി മാറാം. ബോണസ് കുറയാം. ബിസിനസ് മന്ദഗതിയിലാകാം. ഇത്തരം സാഹചര്യങ്ങളിലും ലോണ്‍ തിരിച്ചടവ് ബുദ്ധിമുട്ടാകരുത്.
പലരും പരസ്യത്തില്‍ കാണുന്ന വില മാത്രം കണക്കാക്കും. ഉദാഹരണത്തിന് 'ഫ്ളാറ്റ് വില 50 ലക്ഷം'. പക്ഷേ യഥാര്‍ഥ ചെലവ് അതിലും കൂടുതലായിരിക്കും. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, നിയമപരമായ പരിശോധന ചെലവ്, ഇന്റീരിയര്‍, ഫര്‍ണിച്ചര്‍, കിച്ചന്‍ വര്‍ക്ക്, കാര്‍ പാര്‍ക്കിങ്, മെയ്ന്റനന്‍സ് ഡെപ്പോസിറ്റ്,
ജി.എസ്.ടി... ഇതെല്ലാം ചേര്‍ന്നാല്‍ ചെലവ് പലപ്പോഴും അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ കൂടാം. അതുകൊണ്ട് ''വീടിന്റെ വില'' മാത്രമല്ല ''ആകെ ചെലവ്'' ആണ് ആദ്യം കണക്കാക്കേണ്ടത്.
വീട് വാങ്ങിയ ശേഷം പല കുടുംബങ്ങളും ചെയ്യുന്ന മറ്റൊരു വലിയ തെറ്റാണ് മുഴുവന്‍ സേവിങ്സും ഉപയോഗിക്കുന്നത്. അത് അപകടകരമാണ്. കാരണം ജീവിതത്തില്‍ ഏത് സമയത്തും അപ്രതീക്ഷിത സാഹചര്യം വരാം. ജോലി നഷ്ടപ്പെടാം. ആരോഗ്യപ്രശ്നങ്ങള്‍ വരാം. ബിസിനസ് നഷ്ടത്തിലാകാം. കുടുംബത്തില്‍ അടിയന്തര ചെലവുകള്‍ വരാം. അത്തരം സമയങ്ങളില്‍ ഇ.എം.ഐ അടയ്ക്കാന്‍ പണമില്ലെങ്കില്‍ വലിയ മാനസിക സമ്മര്‍ദമാകും. അതുകൊണ്ട് കുറഞ്ഞത് മൂന്ന് മുതല്‍ ആറു മാസം വരെ കുടുംബച്ചെലവും ഇ.എം.ഐയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു എമര്‍ജന്‍സി ഫണ്ട് വേണം.
ഭാര്യയെയോ കുടുംബാംഗങ്ങളെയോ കോ-ബോറോവറാക്കുന്നത് പലരും സാധാരണ കാര്യമായി കാണും. പക്ഷേ അത് വെറും പേരില്‍ ചേര്‍ക്കുന്ന കാര്യമല്ല. അവരുടെ ക്രെഡിറ്റ് സ്‌കോര്‍, വരുമാന സ്ഥിരത, മുന്‍പത്തെ വായ്പ തിരിച്ചടവ് ചരിത്രം ഇവയെല്ലാം ബാങ്ക് പരിശോധിക്കും. നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ ലഭിക്കാനും സാധ്യത കൂടും. അതേസമയം മോശം ക്രെഡിറ്റ് ചരിത്രമുണ്ടെങ്കില്‍ ലോണ്‍ വൈകാനും പലിശ കൂടാനും സാധ്യതയുണ്ട്.
''ഇവിടെ പലിശ കുറവാണ്'' എന്ന് മാത്രം കേട്ട് ലോണ്‍ എടുക്കുന്നവരുണ്ട്. പക്ഷേ പിന്നീട് ഒളിഞ്ഞ ചെലവുകള്‍ വന്ന് ഞെട്ടിക്കും. പ്രോസസിങ് ഫീസ്, നിയമപരമായ പരിശോധനകള്‍ക്കുള്ള ചെലവ്, ടെക്നിക്കല്‍ പരിശോധന, ഇന്‍ഷുറന്‍സ്, ഫയല്‍ ചാര്‍ജ് എന്നിങ്ങനെ പല തരത്തിലുള്ള ചെലവുകള്‍ ഉണ്ടാകാം. ചില ബാങ്കുകള്‍ നിര്‍ബന്ധമില്ലാത്ത ഇന്‍ഷുറന്‍സ് പോളിസികളും ലോണിനൊപ്പം ചേര്‍ക്കാറുണ്ട്. അതുകൊണ്ട് മുഴുവന്‍ ചെലവും ചോദിച്ചറിഞ്ഞ ശേഷമേ തീരുമാനം എടുക്കാവൂ.
പലരും കുറഞ്ഞ ഇ.എം.ഐ കണ്ടാണ് ഫ്ളോട്ടിങ് പലിശ നിരക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷേ റിസര്‍വ് ബാങ്ക് പലിശ കൂട്ടിയാല്‍ നിങ്ങളുടെ ഇ.എം.ഐയും കൂടാം. ചിലപ്പോള്‍ ലോണ്‍ കാലാവധിയും വര്‍ഷങ്ങളോളം നീളാം. അതുകൊണ്ട് ''ഇപ്പോഴത്തെ ഇ.എം.ഐ എത്ര?'' എന്നതിലുപരി ''ഭാവിയില്‍ പലിശ കൂടിയാല്‍ എത്രയാകും?'' എന്നതും കണക്കാക്കണം.
കുടുംബമായാലും സുഹൃത്തായാലും വാക്ക് മാത്രം വിശ്വസിച്ച് തീരുമാനമെടുക്കരുത്. വീട് ആരുടെ പേരിലാണ്, ഭാവിയില്‍ വില്‍ക്കുമ്പോള്‍ അവകാശം ആര്‍ക്കാണ്, ഇ.എം.ഐ ആരാണ് അടയ്ക്കുന്നത്, സഹ ഉടമസ്ഥാവകാശമുണ്ടോ, ഇതെല്ലാം രേഖകളില്‍ വ്യക്തമാകണം. ഇല്ലെങ്കില്‍ പിന്നീട് വലിയ കുടുംബ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്
നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റ് അല്ലെങ്കില്‍ വില്ല പദ്ധതികളില്‍ വീട് വാങ്ങുമ്പോള്‍ ആര്‍.ഇ.ആര്‍.എ രജിസ്ട്രേഷന്‍ ഉണ്ടോ എന്ന് ഉറപ്പാക്കണം. അതല്ലെങ്കില്‍ പദ്ധതി വൈകാനും നിയമപ്രശ്നങ്ങള്‍ വരാനും സാധ്യതയുണ്ട്. ഓക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീട് ഏറ്റെടുക്കുന്നതും അപകടകരമാണ്.
ഇപ്പോള്‍ രണ്ട് പേര്‍ക്കുള്ള വീട് മതി എന്ന് തോന്നാം. പക്ഷേ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ താമസം, വര്‍ക്ക് ഫ്രം ഹോം, യാത്രാ സൗകര്യം, സ്‌കൂള്‍, ആശുപത്രി ഇവയെല്ലാം പ്രധാനമാകും. അതുകൊണ്ട് ഇന്നത്തെ ആവശ്യങ്ങള്‍ മാത്രം നോക്കാതെ ഭാവിയും കണക്കാക്കണം
വീട് വാങ്ങുന്നത് വികാരപരമായ തീരുമാനമായിരിക്കാം. പക്ഷേ ഹോം ലോണ്‍ പൂര്‍ണമായും സാമ്പത്തിക തീരുമാനമാണ്. ആവേശം കൊണ്ടല്ല, ദീര്‍ഘകാല സാമ്പത്തിക പ്ലാനിങ്ങോടെയാണ് വീട് വാങ്ങേണ്ടത്. അല്ലെങ്കില്‍ സ്വപ്നവീട് തന്നെ പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയായി മാറാം.
Read DhanamOnline in English
Subscribe to Dhanam Magazine