ചിട്ടി: മികച്ച നിക്ഷേപവും വായ്പയുമാകുന്നതെങ്ങനെ?

ചിട്ടി: മികച്ച നിക്ഷേപവും  വായ്പയുമാകുന്നതെങ്ങനെ?
Published on

ഡോ. ബിനീസ് ജോസഫ്

ചിട്ടി നമ്മള്‍ മലയാളികള്‍ക്ക് ഒരു സാമ്പത്തിക സംസ്‌കാരമാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ ആവശ്യങ്ങളെ അതിജീവിക്കാന്‍ നമ്മള്‍ കണ്ടെത്തിയ ഒരുമയുടെ സാമ്പത്തിക ശീലമാണ് ചിട്ടി.

സാമ്പത്തിക പ്രതിസന്ധികളെ/ആവശ്യങ്ങളെ അതിജീവിക്കാന്‍ നമുക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഷെയര്‍ മാര്‍ക്കറ്റ് മുതലായവയാണ്. അതെല്ലാം തന്നെ പാശ്ചാത്യര്‍ കണ്ടെത്തിയതും വളര്‍ത്തിയതുമാണ്. എന്നാല്‍ ചിട്ടി എന്ന സാമ്പത്തിക വ്യവസായം/സംസ്‌കാരം പ്രചീന ഭാരതമാണ് ലോകത്തിന് സംഭാവനയായി നല്‍കിയത്.

ഏതാണ്ട് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യയിലുള്ള ദ്രവീഡിയന്‍ സംസ്‌കാരമാണ് ഒരുമയിലൂടെയും പരസ്പര സഹകരണത്തോടെയും മാനവികതയുടെ പ്രതിസന്ധികളെ അതിജീവിക്കാന്‍ വഴി കണ്ടെത്തിയതും, അത് ശീലമാക്കിയതും. എന്നാല്‍ ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സംവിധാനം നിലവില്‍ വരുന്നതിനു മുമ്പേ ഉള്ള ഒരു ധനകാര്യ സംസ്‌കാരമാണ് ചിട്ടി.

യുഗങ്ങള്‍ പഴക്കമുള്ള ഈ സാമ്പത്തിക സംസ്‌കാരത്തിന് രൂപവും ഭംഗിയും സ്വീകാര്യതയും നല്‍കി ലോകത്തിന് മികച്ച ഒരു സാമ്പത്തിക ഉല്‍പ്പന്നമായി നല്‍കിയത് നമ്മുടെ കേരളമാണെന്നോര്‍ത്ത് അഭിമാനിക്കാം. യുഗാന്തരങ്ങളില്‍ നിലനിന്ന ശീലങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കുകയും പിന്നീട് ലോകത്തില്‍ ആദ്യമായി നിയമമായി കൊണ്ടുവന്നതും നമ്മുടെ സംസ്ഥാനമാണ്.

1932 ല്‍ കൊച്ചിന്‍ മഹാരാജാവ് നടപ്പിലാക്കിയ കൊച്ചിന്‍ കുറീസ് ആക്ട് ആണ് ഏറ്റവും പ്രഥമമായ നിയമ സംവിധാനം. പിന്നീട് ഈ നിയമം മറ്റ് സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനും നിയമ നിര്‍മാണത്തിന് ഒരു മാര്‍ഗ രേഖയാവുകയും, നല്ല ഒരു ധനകാര്യ വ്യവസായം പടുത്തുയര്‍ത്തുവാനും സാധിച്ചു. അതുവഴി ഇന്ത്യയിലെ മനുഷ്യ കുലത്തിന്റെ സാമ്പത്തിക സാമൂഹിക പ്രതിസന്ധിക്ക് പരിഹാരമാകാന്‍ ചിട്ടി വ്യവസായത്തിന് സാധിച്ചു.

ചിട്ടി ഇന്ത്യന്‍ ധനകാര്യ സംസ്‌കാരമാണെങ്കിലും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിവിധ രൂപങ്ങളിലും പേരുകളിലും നടന്നുവരുന്നു. മെക്‌സിക്കോയില്‍ ടാന്‍ഡ (Tanda), ഘാനയില്‍ സുസു (Susu), സൗത്ത് ആഫ്രിക്കയില്‍ സ്റ്റാക്‌വെല്‍ (Stockwel), കാമകണില്‍ ടോണ്‍ന്റിന്‍ (Tontine) എന്നുമൊക്കെ അറിയപ്പെടുന്നു.

ഏറ്റവും മികച്ച വായ്പ സംവിധാനം

നിശ്ചിത ആള്‍ക്കാര്‍ നിശ്ചിത തുകവീതം നിശ്ചിത സമയത്ത് കൊണ്ടുവരികയും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ ക്കനുസരിച്ച് പണം ലേലം വിളിച്ചെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് ചിട്ടി. ഈ സംവിധാനം ഏറ്റവും ലളിതവും, സുതാര്യവും, പരസ്പരം അറിയാവുന്നവര്‍ പങ്കെടുത്ത് നടത്തിക്കൊണ്ട് പോകുന്നതുമായ സാമ്പത്തിക സംസ്‌കാരമായത് കൊണ്ട് പലിശയോ, രണ്ടാമത്തെ ആളുടെ സാമ്പത്തിക ചൂഷണത്തിനോ സാധ്യതയില്ല. പണം വായ്പയായി ആവശ്യമുള്ളവര്‍ക്ക് ഹ്രസ്വ കാല ചിട്ടികളെക്കാള്‍ ഉത്തമം

മധ്യ, ദീര്‍ഘ കാല ചിട്ടികളാണ്.

പട്ടികയില്‍ കൊടുത്തിരിക്കുന്ന വിശദീകരണം ചിട്ടി നിയമത്തില്‍ 40 ശതമാനം വരെ ലേലകുറവില്‍ ലേലം വിളിക്കാമെന്ന അനുമാനത്തിലാണ്. ഏത് നിലവാരത്തിലുമുള്ള നാമ്പത്തിക ആവശ്യങ്ങള്‍ക്കും ചിട്ടിയെ ആശ്രയിക്കാം. 'കേരള മോഡല്‍' എന്ന വിഖ്യാതമായ കേരള സംസ്‌കാരത്തിന് ചിട്ടി ഒരു അടിസ്ഥാന ഘടകമായിരുന്നു. കേരളത്തിലുള്ള എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ചിട്ടി ഒരു കൈത്താങ്ങായിരുന്നു.

ഏറ്റവും മികച്ച നിക്ഷേപ സമ്പാദ്യ രീതി

ഗ്രാമീണ, നഗര, പട്ടണ പ്രദേശങ്ങളിലുള്ളവര്‍ക്ക് നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ക്കായ് അനവധി സംവിധാനങ്ങള്‍ ഉണ്ട.് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബാങ്കിംഗ് മേഖലയിലുള്ള റിക്കറിംഗ് ഡെപ്പോസിറ്റാണ്. നിങ്ങളുടെ സാമ്പത്തിക അഭിരുചികള്‍ക്ക നുസരിച്ച് പ്രതിമാസം 100 രൂപ മുതല്‍ ലക്ഷം വരെയുള്ള റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമില്‍ ചേര്‍ന്ന് സമ്പാദ്യ ശീലവും, സാമ്പത്തിക വളര്‍ച്ചയും ഉയര്‍ച്ചയും നേടാം. എന്നാല്‍ ചിട്ടിയും ഒരു നിക്ഷേപ സമ്പാദ്യ പദ്ധതിയായി കാണാം. ബാങ്കിംഗ് നിക്ഷേപങ്ങളുടെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തിയാല്‍ മൂന്നോ, നാലോ മടങ്ങ് അധിക സാമ്പത്തിക വളര്‍ച്ച ചിട്ടിയില്‍ ലഭ്യമാണ് എന്നത് ചിട്ടിയുടെ പ്രധാന്യം കൂട്ടുന്നു.

പരിരക്ഷ സര്‍ക്കാരില്‍ നിന്ന് ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നീ ധനകാര്യ മേഖലകളെ പോലെ ചിട്ടിയും, ഇടപാടുകളും പൂര്‍ണമായും സര്‍ക്കാരിന്റെ പരിരക്ഷയിലാണ്. 1982 ലെ കേന്ദ്ര ചിട്ടി നിയമം ഇടപാടുകാര്‍ക്ക് പരിപൂര്‍ണമായ സുരക്ഷ ഉറപ്പ് നല്‍കുന്നു എന്നത് സാധാരണക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 2012 ഏപ്രില്‍ 30 ന് ശേഷം സംസ്ഥാനത്ത് നടത്തപ്പെടുന്ന എല്ലാ സ്വകാര്യ മേഖലാ ചിട്ടികളും ഗടഎഋ പോലെ സര്‍ക്കാരിന്റെ പരിരക്ഷയിലുള്ളതാണ്. ഓരോ പ്രദേശത്തുള്ള ചിട്ടി ഇടപാടുകാരും അവരുടെ പാസ്സ്ബുക്കില്‍ അവിടുത്തെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌സിന്റെ ഒപ്പും സീലും ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. അനധികൃത ചിട്ടികളില്‍ ചേര്‍ന്ന് വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

സൗജന്യസേവനം

ബാങ്കിംഗ് മേഖലയില്‍ നിന്നും വിത്യസ്തമായി ചിട്ടിയില്‍ ചേര്‍ക്കാന്‍ ഏജന്റ് ഇടപാടുകാരെ സമീപിക്കുന്നതുമുതല്‍ എല്ലാ മാസവും, ദിവസവും കളക്ഷന്‍ എടുക്കുന്നതും ചിട്ടി വിളിച്ച ചിറ്റാളന്റെ വീട്ടുപടിക്കല്‍ പോയി ചിട്ടി പെയ്‌മെന്റ് ഡോക്യുമെന്റ് തയ്യാറാക്കലും തുടങ്ങി ഒരു വര്‍ഷത്തിലെ 365 ദിവസവും 24 മണിക്കൂറും ചെയ്ത് കൊടുക്കുന്ന ഏതൊരു സേവനത്തിനും മറ്റ് ഫീസുകള്‍ ഒന്നും തന്നെ വാങ്ങുന്നില്ല. 1932 ലെ ആദ്യ ചിട്ടി നിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചിട്ടിത്തുകയുടെ 5 ശതമാനം കമ്മീഷന്‍ തന്നെയാണ് ഇപ്പോഴുമെന്നത് ഈ പ്രസ്ഥാനത്തിന്റെ പ്രത്യേകതയാണ്

3000 വര്‍ഷം പഴക്കമുള്ള ഒരുമയിലൂടെയുള്ള അതിജീവനവും ചിട്ടിയിലൂടെയുള്ള സാമ്പത്തികവും സാമൂഹികപരമായ മാറ്റങ്ങള്‍ ഒരു നവസാമ്പത്തികകേരളം പടുത്തുയര്‍ത്തുന്നതിന് ഉപകരിക്കട്ടെ. ചിട്ടി സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരമായി കാണാം.

(കണ്ണൂര്‍ ഇരിട്ടി ആസ്ഥാനമായുള്ള നിരവത്ത് ജൂബിലി ചിറ്റ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമാണ് ലേഖകന്‍)

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com