

15 ലക്ഷം കോടി ക്ലബ്ബില്‍ പ്രവേശിച്ച എച്ച്ഡിഎഫ്‌സി ബാങ്ക് ആഘോഷങ്ങള്‍ക്കിടയിലും ആശങ്കപ്പെടേണ്ടതുണ്ട്. തൊട്ടു പിന്നില്‍ ഐസിഐസിഐ ബാങ്ക് കുതിച്ചു വരികയാണ്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ നായകനായി എച്ച്ഡിഎഫ്‌സി ബാങ്കിനെ വിശേഷിപ്പിക്കുമ്പോഴും അതിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനവുമായാണ് ഐസിഐസിഐ ബാങ്കിന്റെ കുതിച്ചു കയറ്റം. ബാങ്കിംഗ് മേഖലയിലെ നായക സ്ഥാനം ഐസിഐസിഐ കൊണ്ടു പോകുമോ എന്ന് വരെ സംശയമുയരുകയാണ്. സ്വകാര്യ ബാങ്കിംഗ് രംഗത്ത് പുതിയൊരു ട്രെന്‍ഡ് മാറ്റത്തിനും ഈ ബാങ്കുകളുടെ കിടമല്‍സരം വഴിവെക്കാം.
കണക്കുകള്‍ നോക്കുകയാണെങ്കില്‍ എച്ച്ഡിഎഫ്‌സി ബാങ്കിനേക്കാള്‍ ഒരു പടി മുന്നിലാണ് ഐസിഐസിഐ ബാങ്കിന്റെ നേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എച്ച്ഡിഎഫ്‌സിയുടെ ലാഭ വളര്‍ച്ച 11 ശതമാനമായിരുന്നെങ്കില്‍ ഐസിഐസിയുടേത് 15 ശതമാനമാണ്. അറ്റ പലിശ മാര്‍ജിന്‍ എച്ച്ഡിഎഫ്‌സിയുടേത് 3.65 ശതമാനമെങ്കില്‍ ഐസിഐസിഐയുടേത് 4.41 ശതമാനം. റിട്ടേണ്‍ അനുപാതങ്ങളിലും ഐസിഐസിഐക്ക് കൂടുതല്‍ നേട്ടമുണ്ട്. ഇക്വിറ്റിയില്‍ നിന്നുള്ള റിട്ടേണുകള്‍ 17.4 ശതമാനമാണ്. എച്ച്ഡിഎഫ്‌സിയുടേതാകട്ടെ 14.3 ശതമാനവും.
വായ്പാ വളര്‍ച്ചയിലും നിക്ഷേപങ്ങളുടെ തോതിലും എച്ച്ഡിഎഫ്‌സി ബാങ്ക് പുറകോട്ട് പോകുകയാണെന്നും കണക്കുകള്‍ പറയുന്നു. ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വര്‍ഷം വായ്പകളിലും നിക്ഷേപങ്ങളിലും 14 ശതമാനം വളര്‍ച്ചയുണ്ടാക്കി. എന്നാല്‍ എച്ച്ഡിഎഫ്‌സിയിലെ വായ്പകള്‍ നിക്ഷേപങ്ങളുടെ പകുതി നിരക്കില്‍ മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്.
എച്ച്ഡിഎഫ്‌സിയുമായുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലയനം വായ്പകളില്‍ വര്‍ധന വരുത്തിയിരുന്നു. ലയനത്തിന് ശേഷം വായ്പ-നിക്ഷേപ അനുപാതം (എല്‍ഡിആര്‍) 100 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 96.5 ശതമാനമായി കുറച്ചെങ്കിലും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല. ഐസിഐസിഐ ബാങ്കിന്റെ വായ്പ-നിക്ഷേപ അനുപാതം 82.4 ശതമാനമാണ്.
ഒരു ബാങ്കിലെ നിക്ഷേപം മുഴുവന്‍ വായ്പയായി നല്‍കിയാല്‍, നിക്ഷേപകര്‍ പണം പിന്‍വലിക്കുമ്പോള്‍ വലിയ ലിക്യുഡിറ്റ് പ്രശ്നങ്ങള്‍ നേരിടാം. ലയനത്തിന് ശേഷമുള്ള എല്‍ഡിആര്‍ ലെവലുകള്‍ എച്ച്ഡിഎഫിസിക്ക് അത്ര മെച്ചപ്പെട്ടതല്ല. 2027 നുള്ളില്‍ ബാങ്കിന്റെ എല്‍ഡിആര്‍ 85-90 ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ വിലയിരുത്തുന്നത്.
പ്രവര്‍ത്തന ക്ഷമതയിലും റിസ്‌ക് മാനേജ്‌മെന്റിലും ഐസിഐസിഐ ബാങ്കിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നഷ്ടങ്ങള്‍ കുറക്കുന്നതിന് ആവശ്യമായ മൂലധനത്തെ സൂചിപ്പിക്കുന്ന റിസ്‌ക്-വെയ്റ്റഡ് ആസ്തികള്‍ ഐസിഐസിഐ ബാങ്കിന്റേത് 76 ശതമാനമാണ്. എച്ച്ഡിഎഫ്‌സി ബാങ്കിനാകട്ടെ 68 ശതമാനവും. അപകട സാധ്യതയുള്ള ആസ്തികള്‍ ഏറ്റെടുത്തിട്ടും ഐസിഐസിഐക്ക് ക്രെഡിറ്റ് ചെലവുകള്‍ 35 ബേസ് പോയിന്റുകളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു.
ലയനം വരെ എച്ച്ഡിഎഫ്‌സി ബാങ്കും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും പിന്നീട് ഉയര്‍ന്ന ചെലവുകളുടെ വായ്പകള്‍ കൂട്ടിയതും മോര്‍ട്ട്‌ഗേജ് പോര്‍ട്ട്‌ഫോളിയോ ഉള്‍പ്പെടുത്തിയതും വളര്‍ച്ചയെ ബാധിച്ചെന്നാണ് ആക്‌സിസ് സെക്യൂരിട്ടീസിലെ റിസര്‍ച്ച് അനലിസ്റ്റ് ജ്ഞാനദ വൈദ്യ നിരീക്ഷിക്കുന്നത്. വളര്‍ച്ച, ലാഭം, പ്രവര്‍ത്തന ലാഭ ക്ഷമത, ആസ്തി നിലവാരം എന്നിലയില്‍ ഐസിഐസിഐ ബാങ്കിന് സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറയുന്നു. ലയനത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ പ്രകടമാക്കാന്‍ എച്ചഡിഎഫ്‌സി ബാങ്കിന് 6-8 പാദങ്ങളുടെ സമയം വേണ്ടിവരുമെന്നും അതുവരെ നിക്ഷേപകര്‍ക്ക് സമ്മര്‍ദ്ദമുണ്ടാകാമെന്നുമാണ് അരിഹന്ത് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിന്റെ ജോയിന്റ് എംഡി അര്‍പിത് ജെയിന്‍ ചൂണ്ടിക്കാട്ടുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്യത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്ക ആവശ്യമില്ലെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ലയനത്തിന്റെ വെല്ലുവിളികളെ പതിയെ മറികടക്കുന്നതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ സ്ഥിരത നേടുമെന്നും 2027 ല്‍ വേഗത വര്‍ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഘടനാപരമായി ബാങ്ക് ശക്തമാണ്. ചെലവ്-വരുമാന അനുപാതം മെച്ചപ്പെടുമെന്നാണ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്. ഉയര്‍ന്ന ചെലവുള്ള വായ്പകള്‍ക്കൊപ്പം കുറഞ്ഞ ചെലവുള്ള നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളര്‍ച്ചയെ സഹായിക്കും. അതേസമയം, ഐസിഐസിഐയുടെ മികച്ച മൂലധനക്ഷമതയും മികച്ച പ്രവര്‍ത്തനങ്ങളും ഹ്രസ്വ കാല, ഇടക്കാല സമയങ്ങളിലേക്ക് ഈ ബാങ്ക് ഓഹരി നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകാം. ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചാ സാധ്യതയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്നിലുള്ളതെന്നും അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു.
ഓഹരി വിപണിയില്‍ ഇന്ന് ഐസിഐസിഐ ബാങ്ക് 0.56 ശതമാനം ഉയര്‍ന്ന് 1,424 രൂപയിലാണ് ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്‌സി ബാങ്ക് 1.98 ശതമാനം ഇടിഞ്ഞ് 1,923.10 രൂപയിലും ക്ലോസ് ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine