മിനിമം ബാലന്‍സില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ യു ടേണ്‍; പുതിയ നിരക്കുകള്‍ അറിയാം

അര്‍ബന്‍, മെട്രോ മിനിമം ബാലന്‍സ് 50,000 രൂപയായിരുന്നത് 15,000 രൂപയാക്കിയാണ് കുറച്ചത്. ചെറുനഗരങ്ങളിലെ നിരക്ക് 25,000 രൂപയില്‍ നിന്ന് 7,500 രൂപയിലേക്കും കുറച്ചു
മിനിമം ബാലന്‍സില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ യു ടേണ്‍; പുതിയ നിരക്കുകള്‍ അറിയാം
Published on

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായി ഉയര്‍ത്തിയത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്‍സ് പരിധി 50,000 രൂപയാക്കിയത് ഉള്‍പ്പെടെ വലിയ മാറ്റമായിരുന്നു ബാങ്ക് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത്.

വിമര്‍ശനം ശക്തമായതോടെ ഇപ്പോള്‍ തീരുമാനത്തില്‍ നിന്ന് ഭാഗികമായി പിന്‍വാങ്ങിയിരിക്കുകയാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. ഓഗസ്റ്റ് ഒന്നുമുതല്‍ തുറക്കുന്ന സെലക്ട്, വെല്‍ത്ത്, പ്രൈവറ്റ്, പെന്‍ഷനേഴ്‌സ്, മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കായിരുന്നു പുതിയ നിരക്ക് കൊണ്ടുവന്നിരുന്നത്.

പ്രതിഷേധം തിരിച്ചടിയായി

അര്‍ബന്‍, മെട്രോ മിനിമം ബാലന്‍സ് 50,000 രൂപയായിരുന്നത് 15,000 രൂപയാക്കിയാണ് കുറച്ചത്. ചെറുനഗരങ്ങളിലെ നിരക്ക് 25,000 രൂപയില്‍ നിന്ന് 7,500 രൂപയിലേക്കും കുറച്ചു. ഗ്രാമീണ മേഖലകളിലെ മിനിമം ബാലന്‍സ് നിരക്ക് പുതിയത് 2,500 രൂപയാണ്. ഇത് മുമ്പ് 10,000 രൂപയായിരുന്നു.

മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ചില്ലെങ്കില്‍ പ്രതിമാസം 500 രൂപ വരെ പിഴയായി ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. ഓഹരി വിപണിയിലേക്കും മറ്റും നിക്ഷേപകരുടെ ഒഴുക്ക് വന്നതോടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം സൂക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ഇതാകും ഐ.സി.ഐ.സി.ഐ ബാങ്കിനെ മിനിമം നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

എത്ര രൂപ മിനിമം ബാലന്‍സായി സൂക്ഷിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് നിശ്ചയിക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. കൂടുതല്‍ ബാങ്കുകള്‍ ഐ.സി.ഐ.സി.ഐയുടെ നയം പിന്തുടരുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എസ്.ബി.ഐ പോലുള്ള ബാങ്കുകള്‍ അടുത്തിടെ മിനിമം ബാലന്‍സ് ഒഴിവാക്കിയിരുന്നു.

ICICI Bank revises minimum balance rules after backlash, with major reductions across city tiers

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com