

ഐഡിബിഐ ബാങ്ക് പ്രമോട്ട് ചെയ്യുന്ന ഐഡിബിഐ മ്യൂച്വല്‍ ഫണ്ട് (IDBI MFs) ഒന്നുകില്‍ വില്‍ക്കുകയോ എല്‍ഐസി മ്യൂച്വല്‍ ഫണ്ടുമായി(LIC MFs) ലയിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ട് വിഭാഗത്തിന്റെ വില്‍പ്പനയ്ക്കായുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാല്‍ എല്‍ഐസി തന്നെ ഐഡിബിഐ മ്യൂച്വല്‍ ഫണ്ടിനെ ലയിപ്പിക്കേണ്ടി വരും.
കാരണം സെബി നിയമങ്ങള്‍ പ്രകാരം ഒരു പ്രൊമോട്ടര്‍ക്ക് രണ്ട് മ്യൂച്വല്‍ ഫണ്ടുകളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരി ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല. എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെ പ്രൊമോട്ടറായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(LIC) ഐഡിബിഐ ബാങ്കിന്റെ കീഴിലുള്ള ഈ വിഭാഗത്തെയും ഏറ്റെടുക്കേണ്ടി വരും.
ഈ പാദത്തില്‍ തന്നെ ഏറ്റെടുക്കല്‍ നടന്നേക്കും. നേരത്തെ മുത്തൂറ്റ് ഫിനാന്‍സ് അടക്കമുള്ള ചിലര്‍ ഐഡിബിഐ മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. 215 കോടി രൂപയ്ക്ക് ഏറ്റെടുപ്പ് നടന്നേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും റിസര്‍വ് ബാങ്കിന്റെ അനുമതി നേടാനായിരുന്നില്ല.
Read DhanamOnline in English
Subscribe to Dhanam Magazine