ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കില്‍ ₹590 കോടിയുടെ തട്ടിപ്പ്: ഹരിയാന സര്‍ക്കാര്‍ ഇടപാടുകള്‍ നിര്‍ത്തിവെച്ചു, ഓഹരികള്‍ 20% ഇടിവില്‍

ഹരിയാന സര്‍ക്കാരിന്റെ ഒരു വകുപ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാനും പണം മറ്റൊരു ബാങ്കിലേക്ക് മാറ്റാനും ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കില്‍ ₹590 കോടിയുടെ തട്ടിപ്പ്: ഹരിയാന സര്‍ക്കാര്‍ ഇടപാടുകള്‍ നിര്‍ത്തിവെച്ചു, ഓഹരികള്‍ 20% ഇടിവില്‍
Published on

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ (IDFC First Bank) ചണ്ഡീഗഡ് ബ്രാഞ്ചില്‍ 590 കോടി രൂപയുടെ വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. ഹരിയാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലാണ് ക്രമക്കേട് നടന്നത്. സംഭവത്തെത്തുടര്‍ന്ന് നാല് ഉദ്യോഗസ്ഥരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു.

തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ ഇന്ന് ബാങ്കിന്റെ ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ 69 രൂപയിലാണ് ഓഹരികള്‍ വ്യാപാരം പുരോഗമിക്കുന്നത്. ഒറ്റ ട്രേഡിംഗ് സെഷനിൽ മാത്രം 14,438 കോടി രൂപയുടെ വിപണി മൂല്യമാണ്‌ (Market Capitalization) ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന് നഷ്ടമായത്.

ബാങ്കിന്റെ ഒരു പാദത്തിലെ ആകെ ലാഭത്തേക്കാൾ വലിയ തുക തട്ടിപ്പിലൂടെ നഷ്ടപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതോടെ, നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിഞ്ഞതാണ് ഈ വൻ തകർച്ചയ്ക്ക് കാരണമായത്. ബാങ്ക് ഓഹരി ഉടമകൾക്ക് ഇത് കനത്ത തിരിച്ചടിയായി.

തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ഹരിയാന സര്‍ക്കാരിന്റെ ഒരു വകുപ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാനും പണം മറ്റൊരു ബാങ്കിലേക്ക് മാറ്റാനും ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ബാങ്ക് രേഖകളിലെ ബാലന്‍സും സര്‍ക്കാര്‍ വകുപ്പിന്റെ കൈവശമുള്ള രേഖകളും തമ്മില്‍ വലിയ വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോടികളുടെ കുറവ് കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 18 മുതല്‍ സമാനമായ പരാതികളുമായി കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രംഗത്തെത്തി.

ബാങ്കിന്റെ ചണ്ഡീഗഡ് ശാഖയിലെ ചില ഉദ്യോഗസ്ഥര്‍ പുറത്തുള്ള വ്യക്തികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഫണ്ടുകളില്‍ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തല്‍. ഏകദേശം 590 കോടി രൂപയുടെ കുറവ് അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ നടപടി

തട്ടിപ്പ് പുറത്തുവന്നതോടെ ഹരിയാന ധനകാര്യ വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (AU Small Finance Bank) എന്നിവയെ സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കി (De-empanelled). ഇനി മുതല്‍ ഈ ബാങ്കുകളില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ നിക്ഷേപിക്കരുതെന്നും നിലവിലുള്ള അക്കൗണ്ടുകള്‍ ഉടന്‍ ക്ലോസ് ചെയ്ത് പണം പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റണമെന്നും ഉത്തരവിട്ടു.

ബാങ്കിന്റെ വിശദീകരണം

ചണ്ഡീഗഡ് ബ്രാഞ്ചിലെ ചില ജീവനക്കാര്‍ ബാഹ്യശക്തികളുമായി ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ നീക്കമാണിതെന്ന് ബാങ്ക് വ്യക്തമാക്കി. നിലവില്‍ 590 കോടി രൂപയുടെ ക്രമക്കേടാണ് പ്രാഥമികമായി കണക്കാക്കുന്നത്. സംഭവത്തില്‍ പോലീസ് പരാതി നല്‍കിയിട്ടുണ്ടെന്നും ഫോറന്‍സിക് ഓഡിറ്റിനായി സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്നും ബാങ്ക് അറിയിച്ചു. ഈ തട്ടിപ്പ് മറ്റ് സാധാരണ ഇടപാടുകാരെ ബാധിക്കില്ലെന്നും ബാങ്ക് മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.

IDFC First Bank faces a ₹590 crore fraud at its Chandigarh branch, prompting Haryana government action and a sharp fall in share price.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com