
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്താല്‍ പിന്നെ ചികിത്സയ്ക്ക് മറ്റ് വഴികള്‍ തേടേണ്ടതില്ല എന്ന ചിന്താഗതിക്കാരാണ് നമ്മളെല്ലാവരും. വര്‍ഷാവര്‍ഷം അതിന്റെ പ്രീമിയം അടച്ചുകൊണ്ടിരിക്കുകയും ചെയ്യും. പക്ഷേ എന്തെങ്കിലും രോഗം വന്ന് ചികിത്സ തേടുമ്പോഴായിരിക്കും നമ്മള്‍ ഉദ്ദേശിച്ച തുകയൊന്നും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കില്ലെന്ന് അറിയുക. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നമ്മള്‍ ഒപ്പിട്ടു കൊടുക്കുന്ന പേപ്പറില്‍ തന്നെയുണ്ടാകും ഇതിനുള്ള 'ക്ലോസുകള്‍'. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാനോ പൂര്‍ണമായി വായിച്ചു നോക്കാനോ ആരും പരിശ്രമിക്കാറില്ല. ഇത്തരത്തില്‍ രാജ്യത്ത് ആയിരക്കണക്കിന് പോളിസിയുടമകളാണ് ഓരോ വര്‍ഷവും ആവശ്യമുള്ള സമയത്ത് തുക കിട്ടാതെ വലഞ്ഞുപോകുന്നത്. മനംമയക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി പോളിസി എടുക്കുംമുമ്പ് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം.
ഓരോ പോളിസിയിലും ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്ന മുറിയുടെ വാടക നിശ്ചിത ശതമാനം എന്ന് പരിധി നിശ്ചയിക്കാറുണ്ട്. അതില്‍ കൂടുതല്‍ വാടകയുള്ള മുറിയാണ് എടുക്കുന്നതെങ്കില്‍ മുറി വാടക ഇനത്തില്‍ കൂടുതല്‍ വരുന്ന തുക മാത്രമല്ല നിങ്ങള്‍ വഹിക്കേണ്ടി വരിക. ഏത് കാറ്റഗറിയിലുള്ള മുറിയാണ് എന്നത് അനുസരിച്ചാണ് ഹോസ്പിറ്റലുകളില്‍ മറ്റ് സേവനങ്ങള്‍ക്കുള്ള തുക ഈടാക്കുന്നത്. ഉയര്‍ന്ന തുകയ്ക്കുള്ള മുറി തിരഞ്ഞെടുക്കുമ്പോള്‍ ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ ചെലവുകള്‍ തുടങ്ങി എംആര്‍പി രേഖപ്പെടുത്താത്ത പല കാര്യങ്ങള്‍ക്കും കൂടുതല്‍ തുക ഈടാക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന തുകയ്ക്കുള്ള മുറിക്ക് ആനുപാതികമായ ചികിത്സാ ചെലവ് മാത്രമേ നല്‍കുകയുള്ളൂ. ബാക്കി തുക കയ്യില്‍ നിന്ന് എടുക്കേണ്ടി വരും. അതുകൊണ്ട് എത്രയാണ് മുറിക്ക് അനുവദിച്ചിരിക്കുന്ന പരമാവധി തുകയെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള മുറി തന്നെ എടുക്കാന്‍ ശ്രദ്ധിക്കണം.
എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സയുടെ പൂര്‍ണമായ ചെലവ് വഹിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി പലപ്പോഴും തയാറായേക്കില്ല. പ്രത്യേകിച്ചും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പോളിസികളില്‍ ഇത് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന് 20 ശതമാനം കോ പേയ്മെന്റ് എന്ന ക്ലോസ് വെച്ചിട്ടുണ്ടെങ്കില്‍ രണ്ട് ലക്ഷം രൂപയുടെ ഹോസ്പിറ്റല്‍ ബില്ലിന് 40,000 രൂപ പോളിസി ഉടമ അടയ്‌ക്കേണ്ടി വരും. പോളിസി വാങ്ങുമ്പോള്‍ കോ പേയ്മെന്റ് ശതമാനം എത്രയാണെന്ന് മനസിലാക്കുന്നത് നന്ന്. സാധാരണ 10 മുതല്‍ 30 ശതമാനം വരെ കോ പേയ്മെന്റ് നടത്തേണ്ടി വരാം.
ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ്‌വര്‍ക്കില്‍ പെടാത്ത ഹോസ്പിറ്റലുകളിലാണ് നിങ്ങള്‍ ചികിത്സ തേടുന്നതെങ്കില്‍ കാഷ്‌ലെസ് ചികിത്സ ലഭിക്കണമെന്നില്ല. ചികിത്സയ്ക്ക് ചെലവായ മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുക കിട്ടുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ ഹോസ്പിറ്റലില്‍ അടയ്‌ക്കേണ്ടി വരും.
നിങ്ങള്‍ 10 ലക്ഷം രൂപയുടെ പോളിസിയാണ് എടുത്തിരിക്കുന്നതെങ്കില്‍ ആ തുക മുഴുവന്‍ ഒരേ രോഗത്തിനുള്ള ചികിത്സയ്ക്ക് കിട്ടണമെന്നില്ല. ഓരോ രോഗത്തിനും നിശ്ചിത തുക എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. തിമിര ശസ്ത്രക്രിയയ്ക്ക് ഒരുലക്ഷം, ഹൃദ്രോഗത്തിന് രണ്ട് ലക്ഷം എന്നിങ്ങനെ. ഈ അവസരത്തില്‍ നിശ്ചിത കാലയളവില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് പോളിസി പ്രകാരം രണ്ട് ലക്ഷം രൂപ മാത്രമേ കിട്ടുകയുള്ളൂ.
പലരും മറന്നുപോകുന്ന ഒരു കാര്യം പോളിസി പ്രകാരം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവും നിശ്ചിത തുക ചികിത്സയ്ക്കായി പല പോളിസികളിലും ലഭ്യമാണ് എന്നതാണ്. സാധാരണ അഡ്മിറ്റാകുന്നതിന് 60 ദിവസം മുമ്പ് വരെയുള്ള ചെലവുകളും ഹോസ്പിറ്റല്‍ വിട്ട ശേഷം 90 ദിവസം വരെയുമൊക്കെ ഇത്തരത്തില്‍ തുക ലഭിക്കും. അതേസമയം അക്യുപങ്ചര്‍, നാച്ചുറോപ്പതി പോലെയുള്ള തെറാപ്പികള്‍ക്ക് ഈ തുക ലഭിച്ചേക്കില്ല.
പോളിസി എടുത്ത ഉടനെ കവറേജ് തുടങ്ങില്ല. ചുരുങ്ങിയത് 30 ദിവസമെങ്കിലും കഴിഞ്ഞാണ് കവറേജ് തുടങ്ങുക. അതിനു മുമ്പ് അപകടങ്ങളോ മറ്റോ ഉണ്ടായാല്‍ കവറേജ് നല്‍കിയേക്കാം. അതുപോലെ നിലവിലുള്ള രോഗങ്ങള്‍ക്ക് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കവറേജ് ആരംഭിക്കുക. മാത്രമല്ല, ചില പ്രത്യേക രോഗങ്ങള്‍ക്ക് മാത്രമായി വെയിറ്റിംഗ് പിരീഡ് നിശ്ചയിക്കുന്ന കമ്പനികളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയാല്‍ അപ്രതീക്ഷിതമായി ക്ലെയിം നിരസിക്കുന്നതിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാം.
പലപ്പോഴും ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ഹോസ്പിറ്റലില്‍ അഡ്മിറ്റായാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക കിട്ടുകയുള്ളൂ. എന്നാല്‍ ചികിത്സാ രംഗം പുരോഗതി പ്രാപിച്ചതോടെ മുമ്പ് ദിവസങ്ങള്‍ ഹോസ്പിറ്റലില്‍ കിടത്തിച്ചികിത്സിക്കേണ്ട രോഗങ്ങള്‍ക്ക് പോലും ഇപ്പോള്‍ ഒറ്റ ദിവസത്തിനുള്ളില്‍ ചികിത്സ നടത്തി തിരിച്ചുപോകാന്‍ കഴിയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ ചില കീമോതെറാപ്പികള്‍, ചെറിയ ഓപ്പറേഷനുകള്‍ തുടങ്ങിയവ പോലും ഇന്‍ഷുറന്‍സ് കവറേജില്‍ നിന്ന് ഒഴിവായിപ്പോയേക്കാം. എന്നാല്‍ ഇതിന് നല്ല തുക ചെലവായേക്കാം.
ചികിത്സാ ചെലവിന്റെ നിശ്ചിത ഭാഗം പോളിസി ഉടമ ആദ്യമേ തന്നെ അടച്ചാല്‍ ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കാമെന്ന ഒരു ക്ലോസും വെക്കാറുണ്ട്. സാധാരണയായി ചെറിയ പ്രീമിയത്തിനുള്ള പോളിസികളിലാണ് ഇത് കാണാറുള്ളത്. ഉദാഹരണത്തിന് 5,000 രൂപ കിഴിവുകള്‍ (ഉലറൗരശേയഹല)െ ഉള്ള പോളിസിയില്‍ 20,000 രൂപ ഹോസ്പിറ്റല്‍ ബില്‍ ആണെങ്കില്‍ 15,000 രൂപ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുകയുള്ളൂ. എത്ര തുക നിങ്ങളുടെ കയ്യില്‍ നിന്ന് പോകും എന്നറിയാന്‍ ആദ്യം തന്നെ ഇത് സംബന്ധിച്ച ക്ലോസ് മനസിലാക്കി വെയ്ക്കണം.
(Originally published in Dhanam Magazine 15 June 2025 issue.)
Health insurance: If you don't carefully understand the hidden terms, you'll end up with a mess.
Read DhanamOnline in English
Subscribe to Dhanam Magazine