ബാങ്ക് നിക്ഷേപത്തില്‍ 7,705 കോടിയുടെ വര്‍ദ്ധനവ്
2019 മാര്‍ച്ചിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം ഇക്കഴിഞ്ഞ ഡിസംബറോടെ 4,78,855 കോടിയായി ഉയര്‍ന്നു. 2018 സെപ്തംബറില്‍ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 4,71,150 കോടിയായിരുന്നതാണ് ഇപ്പോള്‍ 7,705 കോടി രൂപയുടെ വര്‍ദ്ധനവോടെ 4,78,855 കോടിയായി ഉയര്‍ന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദമായ സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വിദേശമലയാളികളുടെ നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനവ് 4,753 കോടി രൂപയാണ്. അതോടെ വിദേശമലയാളി നിക്ഷേപം 1,86,376 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര നിക്ഷേപമാകട്ടെ 2,952 കോടിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനവിനെക്കാള്‍ 1,801 കോടി രൂപയുടെ അധിക നിക്ഷേപമാണ് പ്രവാസികളുടെ നിക്ഷേപത്തിലുണ്ടായത്. സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ പ്രവാസിപ്പണം ഇപ്പോഴും ഒരു നിര്‍ണ്ണായക ഘടകമായി തുടരുന്നുവെന്നിത് സൂചിപ്പിക്കുന്നു.
വായ്പാ-നിക്ഷേപാനുപാതം
വാണിജ്യ ബാങ്കുകളുടെ വായ്പയില്‍ 9,165 കോടിയുടെ വര്‍ദ്ധനവുണ്ടായതോടെ മൊത്തം വായ്പാ തുക 3,14,412 കോടി രൂപയായി. എന്നാല്‍ വായ്പാ-നിക്ഷേപാനുപാതത്തിലുണ്ടായ(സി.ഡി റേഷ്യോ) വര്‍ദ്ധനവ് നാമമാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടംപാദത്തില്‍ 65 ശതമാനമായിരുന്ന വായ്പാ-നിക്ഷേപാനുപാതം മൂന്നാം പാദത്തില്‍ 65.66 ശതമാനമായിട്ട് മാത്രമേ മെച്ചപ്പെട്ടിട്ടുള്ളൂ.
2013ല്‍ വാണിജ്യ ബാങ്കുകളുടെ വായ്പാ-നിക്ഷേപാനുപാതം 76.41 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാല്‍ പിന്നീടത് തുടര്‍ച്ചയായി താഴേക്ക് പോകുന്നൊരു പ്രവണതയാണ് ബാങ്കിംഗ് മേഖലയില്‍ ഉണ്ടായതെന്ന് ഇതോടൊപ്പമുള്ള ചാര്‍ട്ട് വ്യക്തമാക്കുന്നു. വായ്പാ-നിക്ഷേപാനുപാതം വീണ്ടും പഴയ നിലവാരത്തിലേക്ക് എത്തിക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാങ്കുകളെ സംബധിച്ചിടത്തോളം വലിയൊരു വെല്ലുവിളി തന്നെയായിരിക്കും.
വര്‍ഷം(മാര്‍ച്ച് മാസത്തില്‍) - സി.ഡി റേഷ്യോ(%)
2013 --- 76.41
2014 --- 68.66
2015 --- 68.37
2016 --- 64.28
2017 --- 62.38
2018 --- 64.38
ബാങ്കിംഗ് മേഖല (2018 ഡിസംബറില്‍) (തുക - കോടി രൂപയില്‍)
മൊത്തം നിക്ഷേപം - 4,78,855
ആഭ്യന്തര നിക്ഷേപം - 2,92,479
പ്രവാസി നിക്ഷേപം - 1,86,376
മൊത്തം വായ്പ - 3,14,412
വായ്പാ-നിക്ഷേപാനുപാതം - 65.66%