₹500 കോടി വരെ സമാഹരിക്കാന്‍ ഇന്‍ഡല്‍ മണി; NCD ഇഷ്യൂ ഓഗസ്റ്റ് 18 മുതല്‍, കുറഞ്ഞ നിക്ഷേപം ₹10,000

2026 സാമ്പത്തികവര്‍ഷം 605.96 കോടി രൂപ വരുമാനവും 123.97 കോടി രൂപ ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചു. 12 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കമ്പനിക്ക് 397 ശാഖകളുണ്ട്
₹500 കോടി വരെ സമാഹരിക്കാന്‍ ഇന്‍ഡല്‍ മണി; NCD ഇഷ്യൂ ഓഗസ്റ്റ് 18 മുതല്‍, കുറഞ്ഞ നിക്ഷേപം ₹10,000
Published on

500 കോടി വരെ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി ലിമിറ്റഡ് (Indel Money Limited) നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (NCD) പൊതുഇഷ്യൂ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന ഇഷ്യൂ ഓഗസ്റ്റ് 31ന് അവസാനിക്കും. ആവശ്യമായ അനുമതികള്‍ക്ക് വിധേയമായി ഇഷ്യൂ നേരത്തെ അവസാനിപ്പിക്കാനും കമ്പനിക്ക് അവസരമുണ്ട്.

ഇവ സുരക്ഷിതവും (Secured) ക്രെഡിറ്റ് റേറ്റിംഗ് ഉള്ളതും (Rated -India Ratings-ന്റെ IND A-/Stable) ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നതുമായ റിഡീമബിള്‍ ഡിബഞ്ചറുകളാണ്.

ഈ ഇഷ്യൂവില്‍ അപേക്ഷിക്കാന്‍ കുറഞ്ഞത് 10 എന്‍സിഡികള്‍ (അതായത് 10,000 രൂപ) നിക്ഷേപിക്കണം. തുടര്‍ന്ന് 1,000 രൂപയുടെ ഗുണിതങ്ങളായി (Multiples of 1,000) എത്ര തുക വേണമെങ്കിലും അധികമായി നിക്ഷേപിക്കാവുന്നതാണ്. 400 ദിവസം മുതല്‍ 72 മാസം വരെയാണ് കാലാവധി. നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 12.25 ശതമാനം വരെ ഫലപ്രദമായ വരുമാനം (Effective Yield) ലഭിക്കുന്ന തരത്തിലാണ് വിവിധ ഓപ്ഷനുകള്‍.

അടിസ്ഥാന ഇഷ്യൂ 250 കോടി രൂപ

250 കോടിയാണ് ഇഷ്യൂവിന്റെ അടിസ്ഥാന വലുപ്പം. ഇതിന് പുറമെ 250 കോടി വരെ അധിക സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഗ്രീന്‍ഷൂ ഓപ്ഷനും (Green Shoe Option) കമ്പനിക്കുണ്ട്. ഇതോടെ മൊത്തം ഇഷ്യൂ വലുപ്പം 500 കോടി വരെയാകാം.

ട്രസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്, നുവാമ വെല്‍ത്ത് മാനേജ്മെന്റ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജര്‍മാര്‍.

എന്തിന് വിനിയോഗിക്കും?

ഇഷ്യൂവിലൂടെ ലഭിക്കുന്ന തുക പുതിയ വായ്പകള്‍ നല്‍കുന്നതിനും നിലവിലുള്ള കടബാധ്യതകളുടെ റീഫിനാന്‍സിംഗിനും വായ്പകളുടെ പലിശയും മുതലും തിരിച്ചടയ്ക്കുന്നതിനും വിനിയോഗിക്കും. മൊത്തം ഇഷ്യൂ തുകയുടെ പരമാവധി 25 ശതമാനം വരെ പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് പദ്ധതി.

മുന്‍പത്തെ എന്‍സിഡി ഇഷ്യൂകള്‍ക്ക് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പുതിയ ഇഷ്യൂവിനും സമാനമായ പിന്തുണ പ്രതീക്ഷിക്കുന്നതായും ഇന്‍ഡല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സിഇഒയായ ഉമേഷ് മോഹനന്‍ പറഞ്ഞു.

2026 സാമ്പത്തികവര്‍ഷം 605.96 കോടി രൂപ വരുമാനവും 123.97 കോടി രൂപ ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചു. 12 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കമ്പനിക്ക് 397 ശാഖകളുണ്ട്. ഗ്രാമീണ, അര്‍ധനഗര മേഖലകളിലെ വ്യാപാരികള്‍, കര്‍ഷകര്‍, ശമ്പളജീവികള്‍, കുടുംബങ്ങള്‍ തുടങ്ങിയവരാണ് പ്രധാന ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com