ഒരേ ചികിത്സയ്ക്ക് ഒരേ നിരക്ക്? ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ സമഗ്ര പരിഷ്‌കാരം ലക്ഷ്യമിട്ട് കേന്ദ്രം

ഇന്ത്യയിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖല അതിവേഗം വളരുന്ന വിപണികളിലൊന്നാണ്. നാല്‍പ്പതിലേറെ ഇന്‍ഷുറന്‍സ് കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
health insurance, insurance family
canva
Published on

രാജ്യത്ത് കുതിച്ചുയരുന്ന ചികിത്സാ ചെലവ് നിയന്ത്രിക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് സമഗ്ര പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആശുപത്രികളിലെ വിവിധ ചികിത്സകള്‍ക്ക് പൊതുമാനദണ്ഡം അടിസ്ഥാനമാക്കിയ നിരക്കുകള്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്.

ഇന്ത്യയില്‍ ആരോഗ്യ ചെലവുകള്‍ വര്‍ഷത്തില്‍ 12-14 ശതമാനം വരെ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രധാന നീക്കം. ചികിത്സാ ചെലവിലെ വര്‍ധന കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കൂട്ടുന്നതിനൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഉയരാനും കാരണമാകുന്നുണ്ട്.

ചികിത്സാ നിരക്കുകള്‍ക്ക് പൊതുമാനദണ്ഡം

ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ വിവിധ ചികിത്സകള്‍ക്ക് പൊതുവായ നിരക്ക് നിശ്ചയിക്കുന്ന സംവിധാനമാണ് പ്രധാനമായും പരിഗണിക്കുന്നത്.

ഒരേ ചികിത്സയ്ക്ക് വിവിധ ആശുപത്രികള്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന സാഹചര്യം കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ, ക്ലെയിം സംബന്ധമായ തര്‍ക്കങ്ങള്‍ നിയന്ത്രിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

ഹെല്‍ത്ത് ഇന്‍ഷുറന്‍സിലും മാറ്റം

നിലവിലുള്ള വിവിധ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുറമെ എല്ലാ കമ്പനികള്‍ക്കുമായി പൊതുമാനദണ്ഡം അവതരിപ്പിക്കാനും ആലോചനയുണ്ട്. രോഗങ്ങള്‍ക്കുള്ള കവറേജ്, ചികിത്സാ ആനുകൂല്യങ്ങള്‍, പ്രധാന വ്യവസ്ഥകള്‍ എന്നിവയില്‍ ഏകീകരണം കൊണ്ടുവരുന്നതിലൂടെ വിവിധ കമ്പനികളുടെ പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ താരതമ്യം ചെയ്യാനാകും.

ക്ലെയിം തീര്‍പ്പാക്കല്‍ വേഗത്തിലാക്കാന്‍

ആരോഗ്യ മന്ത്രാലയവും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (IRDAI) ചേര്‍ന്ന് വികസിപ്പിച്ച നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്സ്ചേഞ്ചിന്റെ (NHCX) ഉപയോഗം വ്യാപിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള വിവര കൈമാറ്റം ഡിജിറ്റലാക്കുന്നതിലൂടെ ക്ലെയിം നടപടികള്‍ വേഗത്തിലാക്കാനാകും. രോഗി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആകുന്ന സമയത്തുതന്നെ ക്ലെയിം നടപടികള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യാപനം ഇപ്പോഴും ആഗോള ശരാശരിയേക്കാള്‍ താഴെയാണ്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതുംവഴി കൂടുതല്‍ പേരെ ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ശ്രമം.

ഇന്ത്യയിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖല അതിവേഗം വളരുന്ന വിപണികളിലൊന്നാണ്. നാല്‍പ്പതിലേറെ ഇന്‍ഷുറന്‍സ് കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിച്ച പ്രീമിയം ഏകദേശം 1.17 ലക്ഷം കോടി രൂപയുടേതായിരുന്നു.

India is considering health insurance reforms including standardised hospital treatment rates, easier policy comparison and faster digital claim settlement

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com