

ഒരു കാലത്ത് വീടോ വിദ്യാഭ്യാസമോ ചികിത്സയോ പോലുള്ള അത്യാവശ്യ ആവശ്യങ്ങള്‍ക്കായി മാത്രമായിരുന്നു വായ്പയെ ആശ്രയിച്ചിരുന്നത്. ഇന്ന് സ്ഥിതി മാറി. സ്മാര്‍ട്ട്ഫോണ്‍ മുതല്‍ വിനോദയാത്രയും ഗാഡ്ജറ്റുകളും വരെ ഇഎംഐയില്‍ സ്വന്തമാക്കുന്ന കാലമാണിത്. അതിനിടെ ചികിത്സ, വിദ്യാഭ്യാസം, ദൈനംദിന ചെലവുകള്‍ എന്നിവയ്ക്കായുള്ള വായ്പകളും കുത്തനെ ഉയരുന്നു. തല്‍ഫലമായി രാജ്യത്തെ ഒട്ടുമിക്ക കുടുംബങ്ങളുടെയും മാസവരുമാനത്തിന്റെ വലിയൊരു പങ്ക് ഇഎംഐയിലേക്ക് ഒഴുകുകയാണ്.
കുടുംബങ്ങളുടെ ഈ വര്‍ധിച്ചുവരുന്ന കടബാധ്യത ഇനി വ്യക്തിഗത സാമ്പത്തിക പ്രശ്നം മാത്രമല്ല. റിസര്‍വ് ബാങ്കിന്റെ പലിശനയ തീരുമാനങ്ങളെയും സ്വാധീനിക്കുന്ന പ്രധാന സാമ്പത്തിക ഘടകമായി ഇത് മാറുകയാണെന്ന് ഇന്‍ഫോമെറിക്സ് വാല്യുവേഷന്‍ ആന്‍ഡ് റേറ്റിംഗ്സ് ലിമിറ്റഡിന്റെ (Infomerics Valuation and Rating Ltd.) പ്രീ-പോളിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈടുരഹിത വ്യക്തിഗത വായ്പകളും സ്വര്‍ണപ്പണയ വായ്പകളും അതിവേഗം വര്‍ധിക്കുന്നത് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയെ ദുര്‍ബലമാക്കുകയാണെന്നും, ഭാവിയില്‍ രാജ്യത്തിന്റെ ഉപഭോഗ രീതിയെയും ബാങ്കിംഗ് മേഖലയെയും ഇത് ബാധിക്കാമെന്നുമാണ് റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരില്‍ 60 ശതമാനം പേരും കുടുംബത്തിന്റെ പ്രതിമാസ വരുമാനത്തിന് തുല്യമോ അതിലധികമോ തുകയാണ് ഇഎംഐയായി അടയ്ക്കുന്നതെന്ന് സര്‍വേ കണ്ടെത്തി. അതേസമയം, നിലവിലുള്ള വായ്പകളുടെ തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ 40 ശതമാനം പേര്‍ പുതിയ വായ്പകളെയോ ക്രെഡിറ്റ് കാര്‍ഡുകളെയോ ആശ്രയിക്കുന്നു.
വായ്പകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുന്നതിനേക്കാള്‍ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്ന ബാധ്യതയായി മാറുന്ന പ്രവണതയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഡംബരത്തിനായി ഇഎംഐകളെ ആശ്രയിക്കുന്നവരില്‍ യുവതലമുറയാണ് മുന്നില്‍.
26 ശതമാനം പേര്‍ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കാണ് വായ്പയെടുക്കുന്നത്
22 ശതമാനം പേര്‍ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ കുടുംബ ആവശ്യങ്ങള്‍ക്കായി വായ്പ തേടുന്നു
18 ശതമാനം പേര്‍ തൊഴില്‍ അല്ലെങ്കില്‍ ബിസിനസ് പ്രതിസന്ധികള്‍ മറികടക്കാനാണ് വായ്പ ഉപയോഗിക്കുന്നത്
15 ശതമാനം പേര്‍ ദൈനംദിന കുടുംബച്ചെലവുകള്‍ നിറവേറ്റാനാണ് വായ്പയെ ആശ്രയിക്കുന്നത്
സ്വര്‍ണവില ഉയര്‍ന്നതോടെ ഒരേ സ്വര്‍ണാഭരണത്തിന് കൂടുതല്‍ തുക വായ്പ ലഭിക്കുന്ന സാഹചര്യം സ്വര്‍ണപ്പണയ വായ്പകളുടെ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നു. വായ്പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷി വര്‍ധിക്കുന്നില്ലെങ്കില്‍ വായ്പാ ഭാരം കൂടുതല്‍ രൂക്ഷമാകുമെന്നും ഭാവിയില്‍ ഇത് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളിയാകാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine