വായ്പാ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ പവര്‍ ഇന്‍ഡസ്ട്രി

രാജ്യത്തെ വിവിധ വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് വായ്പ നേടിയിരിക്കുന്ന ഒന്നാണ് പവര്‍ ഇന്‍ഡസ്ട്രി. 2017-18 സാമ്പത്തിക വര്‍ഷത്തോടെ ഈ രംഗത്തെ മൊത്തം വായ്പ 5196 ബില്യണ്‍ രൂപയായി ഉയര്‍ന്നു.

അയണ്‍ ആന്റ് സ്റ്റീലാണ് വായ്പാ ഉപഭോഗത്തില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. 3261 ബില്യണ്‍ രൂപയാണ് ഈ മേഖലയിലുള്ള മൊത്തം വായ്പ.

വിവിധ വ്യവസായ മേഖലകള്‍ കണക്കിലെടുത്താല്‍ അടിസ്ഥാനസൗകര്യ വികസനമാണ് ബാങ്ക് വായ്പകളുടെ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. റോഡ്, പവര്‍, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവ ഉള്‍പ്പെട്ട അടിസ്ഥാനസൗകര്യ വികസന മേഖലയിലെ മൊത്തം വായ്പ കഴിഞ്ഞ വര്‍ഷത്തോടെ 8909 ബില്യണ്‍ രൂപയായി ഉയര്‍ന്നു.

രണ്ടാം സ്ഥാനത്തുള്ള അയണ്‍ ആന്റ് സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ബേസിക് മെറ്റല്‍ ആന്റ് മെറ്റല്‍ പ്രോഡക്ട്‌സ് മേഖലയിലെ വായ്പാ തുക 4160 ബില്യണ്‍ രൂപയാണ്.

കോട്ടണ്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ടെക്‌സ്റ്റൈല്‍സ് മേഖലയിലേക്കുള്ള മൊത്തം വായ്പ 2099 ബില്യണ്‍ രൂപയായി. ഫെര്‍ട്ടിലൈസര്‍, ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ഉള്‍പ്പെടുന്ന കെമിക്കല്‍സ് ആന്റ് കെമിക്കല്‍ പ്രോഡക്ട്‌സ് മേഖലയിലേക്കുള്ള വായ്പ 1629 ബില്യണ്‍ രൂപയായി ഉയര്‍ന്നു. പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍, ചായ തുടങ്ങിയവ ഉള്‍പ്പെടുന്ന ഭക്ഷ്യസംസ്‌ക്കരണ മേഖലയിലേക്കുള്ള മൊത്തം വായ്പ 1553 ബില്യണ്‍ രൂപയായി. ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള എന്‍ജിനീയറിംഗ് മേഖലയിലേക്കുള്ള മൊത്തം വായ്പയിലും ഇതേ തുകയുടെ വര്‍ദ്ധനവാണുണ്ടായത്.

ബാങ്ക് വായ്പാ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അടിസ്ഥാനസൗകര്യ വികസന മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിഷ്‌ക്രിയ ആസ്തിയുള്ളത്. അതിനാല്‍ കഴിഞ്ഞ 2 വര്‍ഷങ്ങളായി ഈ മേഖലയിലേക്കുള്ള വായ്പാ വളര്‍ച്ച കുറഞ്ഞിരിക്കുകയാണ്.

2014-15ല്‍ 9245 ബില്യണ്‍ രൂപയും 2015-16ല്‍ 9648 ബില്യണ്‍ രൂപയുമായി ഈ മേഖലയിലെ മൊത്തം വായ്പ കൂതിച്ചുയര്‍ന്നു. എന്നാല്‍ 2016-17ല്‍ അത് 9063 ബില്യണ്‍ രൂപയായും കഴിഞ്ഞ വര്‍ഷം 8909 ബില്യണ്‍ രൂപയായും കുറയുകയുണ്ടായി. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, നിയമപരമായ തടസ്സങ്ങള്‍ തുടങ്ങിയവ കാരണം പദ്ധതി നടത്തിപ്പിലുണ്ടാകുന്ന കാലതാമസവും ഈ മേഖലയിലെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിപ്പിക്കാനിടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Related Articles
Next Story
Videos
Share it