സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം ₹ 37,600 കോടി, മൂന്നിരട്ടി വര്‍ധന; ഇന്ത്യക്കാർ പണം നിക്ഷേപിക്കാൻ തിരക്കുകൂട്ടുന്നതിന് കാരണമിതാണ്

സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ കൈവശം വച്ചിരിക്കുന്നതായി ആരോപിക്കപ്പെടുന്ന കള്ളപ്പണം സംബന്ധിച്ചുളള ആക്ഷേപങ്ങള്‍ രാഷ്ട്രീയത്തിൽ സ്ഥിരമായി ഉന്നയിക്കപ്പെടുന്ന വിഷയമാണ്
Swiss banks
Image courtesy: Canva
Published on

സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യൻ പണം 2024 ൽ മൂന്നിരട്ടിയായി വർദ്ധിച്ച് 354 കോടി സ്വിസ് ഫ്രാങ്കായി (ഏകദേശം 37,600 കോടി രൂപ). 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ബാങ്ക് ചാനലുകളിലൂടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലൂടെയും ലഭിച്ച ഫണ്ടുകളിൽ നിന്നാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവുമെന്ന് പി‌ടി‌ഐ റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിഗത ഉപഭോക്താക്കളിൽ നിന്നുളള നേരിട്ട് നിക്ഷേപങ്ങൾ 34.6 കോടി സ്വിസ് ഫ്രാങ്കാണ് (ഏകദേശം 3,675 കോടി രൂപ). ഇന്ത്യയുമായി ബന്ധപ്പെട്ട മൊത്തം ഫണ്ടുകളുടെ പത്തിലൊന്ന് മാത്രമാണ് ഇത്തരത്തിലുളള നിക്ഷേപങ്ങൾ.

കഴിഞ്ഞ ദശകത്തിൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ ഏകദേശം 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2015 ൽ ഏകദേശം 42.5 കോടി ഫ്രാങ്ക് ആയിരുന്നത് 2024 ൽ 34.6 കോടി സ്വിസ് ഫ്രാങ്കായി.

2023 ൽ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 104 കോടി സ്വിസ് ഫ്രാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം എത്തിയിരുന്നു. 2006 ലെ 650 കോടി സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപമാണ് എക്കാലത്തെയും ഉയർന്ന നിരക്ക്. സ്വിസ് ബാങ്കുകളുടെ ഔദ്യോഗിക റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് സ്വിസ് നാഷണൽ ബാങ്ക് ഡാറ്റകള്‍ ലഭ്യമാക്കിയിരിക്കുന്നത്. കള്ളപ്പണത്തെക്കുറിച്ചോ മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ വഴി കൈവശം വച്ചിരിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ഇതിൽ വെളിപ്പെടുത്തുന്നില്ല. ഈ ഫണ്ടുകൾ നിയമവിരുദ്ധമാണെന്ന് അടച്ചാക്ഷേപിക്കാന്‍ കഴിയില്ലെന്നും സ്വിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഇവിടെ നിക്ഷേപിക്കുന്നതിന്റെ മെച്ചം

സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ കൈവശം വച്ചിരിക്കുന്നതായി ആരോപിക്കപ്പെടുന്ന കള്ളപ്പണം സംബന്ധിച്ചുളള ആക്ഷേപങ്ങള്‍ രാഷ്ട്രീയത്തിൽ സ്ഥിരമായി ഉന്നയിക്കപ്പെടുന്ന വിഷയമാണ്. രാഷ്ട്രീയ പാർട്ടികളും നേതാക്കളും അത് തിരികെ കൊണ്ടുവരുമെന്ന് പലപ്പോഴും പ്രഖ്യാപിക്കാറുണ്ട്.

രാജ്യത്ത് രാഷ്ട്രീയപരമായ അസ്ഥിരതയോ, സ്വന്തം രാജ്യങ്ങളിലെ കറൻസിയില്‍ പ്രതിസന്ധിയോ ഉണ്ടാകുമ്പോൾ സ്വിസ് ബാങ്കുകൾ ഒരു സുരക്ഷിത താവളമായി സമ്പന്നർ കാണുന്നു. വിദേശനാണ്യ വിപണിയിലെ അസ്ഥിരമായ വലിയ ഏറ്റക്കുറച്ചിലുകളിൽ നിന്ന് പണം സംരക്ഷിക്കുന്നത് താരതമ്യേന സ്ഥിരതയുള്ള കറൻസിയാണ് സ്വിസ് ഫ്രാങ്ക് എന്നതും നിക്ഷേപകരെ ഇതിലേക്ക് അടുപ്പിക്കുന്നു. അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ മറ്റ് ഏത് രാജ്യത്തേക്കാളും ഭദ്രമായി സ്വിറ്റ്സർലൻഡില്‍ സൂക്ഷിക്കും എന്നതും നേട്ടമാണ്.

സ്വിസ് ബാങ്കുകളിലെ ഫണ്ടുകളുടെ കാര്യത്തിൽ ഇന്ത്യ ആഗോളതലത്തിൽ 48-ാം സ്ഥാനത്തേക്ക് ഉയർന്നു, കഴിഞ്ഞ വർഷം 67-ാം സ്ഥാനത്തായിരുന്നു. 2022 അവസാനത്തോടെ ഇന്ത്യയുടെ റാങ്കിംഗ് 46-ാം സ്ഥാനത്തായിരുന്നു.

പാകിസ്ഥാന്റെ നിക്ഷേപം 27.2 കോടി സ്വിസ് ഫ്രാങ്കായി കുറഞ്ഞു. അതേസമയം ബംഗ്ലാദേശിന്റെ ഫണ്ട് 58.9 കോടി സ്വിസ് ഫ്രാങ്കായി കുത്തനെ ഉയരുകയും ചെയ്തു. സ്വിസ് അക്കൗണ്ടുകളിലെ കള്ളപ്പണത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിലെന്നപോലെ ഈ രാജ്യങ്ങളിലും സെൻസിറ്റീവായ വിഷയങ്ങളാണ്.

Indian deposits in Swiss banks triple in 2024, reflecting investor preference for currency-stable, politically neutral safe havens.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com