ഒരു ലക്ഷം കോടിയുടെ 'ലാഭത്തിളക്കം': ഇന്ത്യൻ ബാങ്കുകൾക്ക് ചരിത്രവിജയം; അമരത്ത് എസ്.ബി.ഐ

ലാഭത്തിൽ 18.3 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി പൊതുമേഖലാ ബാങ്കുകൾ
SBI logo, Indian Rupee
Image : SBI website and Canva
Published on

ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ട് ബാങ്കിംഗ് മേഖല. 2026 സാമ്പത്തിക വർഷത്തിന്റെ ഡിസംബർ പാദത്തിൽ (Q3), ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ആകെ അറ്റാദായം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. മുൻവർഷം ഇതേ കാലയളവിലെ 90,848 കോടി രൂപയിൽ നിന്ന് 10.6 ശതമാനം വളർച്ചയോടെ 1.01 ലക്ഷം കോടി രൂപയായാണ് ബാങ്കുകളുടെ ലാഭം ഉയർന്നത്. നേട്ടത്തിൽ പൊതുമേഖലാ ബാങ്കുകളാണ് വളർച്ചയ്ക്ക് നേതൃത്വം നൽകിയത്. സ്മോൾ ഫിനാൻസ് ബാങ്കുകൾ ഒഴികെയുള്ള 20 സ്വകാര്യ ബാങ്കുകളുടെയും 12 പൊതുമേഖലാ ബാങ്കുകളുടെയും പ്രകടനമാണ് ഈ കണക്കുകളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബാങ്കുകളുടെ പ്രകടനം

ആകെ ലാഭത്തിന്റെ 52 ശതമാനവും (52,604 കോടി രൂപ) പൊതുമേഖലാ ബാങ്കുകളാണ് നേടിയത്. പൊതുമേഖലാ ബാങ്കുകൾ ലാഭത്തിൽ 18.3 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയപ്പോൾ സ്വകാര്യ ബാങ്കുകളുടെ ലാഭം (47,895 കോടി രൂപ) 3.3 ശതമാനം മാത്രമാണ് വളർന്നത്.

ഈ വമ്പിച്ച ലാഭത്തിന്റെ ഏകദേശം പകുതിയോളം മൂന്ന് പ്രമുഖ ബാങ്കുകളിൽ നിന്നാണ് ലഭിച്ചത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒറ്റയ്ക്ക് പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭത്തിന്റെ 40 ശതമാനവും സ്വന്തമാക്കി. സ്വകാര്യ മേഖലയിൽ എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകൾ ചേർന്ന് ആകെ ലാഭത്തിന്റെ 63 ശതമാനം വിഹിതം നേടി.

വളർച്ചയ്ക്ക് പിന്നിലെ ഘടകങ്ങൾ

വായ്പാ വളർച്ചയിലുണ്ടായ സ്ഥിരതയും ആസ്തികളുടെ ഗുണനിലവാരത്തിലെ മെച്ചവുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. നിഷ്ക്രിയ ആസ്തികൾ (NPA) കുറയുകയും ഇതര വരുമാനങ്ങളിൽ രണ്ടക്ക വളർച്ച ഉണ്ടാകുകയും ചെയ്തത് ബാങ്കുകൾക്ക് ഗുണകരമായി. വായ്പാ വളർച്ച 14.6 ശതമാനമായി വർദ്ധിച്ചപ്പോൾ പൊതുമേഖലാ ബാങ്കുകൾ 14 ശതമാനവും സ്വകാര്യ ബാങ്കുകൾ 11 ശതമാനവും വളർച്ച കൈവരിച്ചു.

ചില്ലറ വായ്പകളിൽ സ്വർണപ്പണയ വായ്പകൾ 128 ശതമാനം എന്ന വമ്പിച്ച വർദ്ധന രേഖപ്പെടുത്തി. ഭവന, വിദ്യാഭ്യാസ വായ്പകളും 11 മുതൽ 17 ശതമാനം വരെ വളർച്ച നേടി. പ്രവർത്തന ചെലവുകൾ വർദ്ധിച്ചുവെങ്കിലും ശക്തമായ വരുമാന വളർച്ചയാണ് ബാങ്കുകളുടെ ലാഭക്ഷമതയെ റെക്കോർഡ് ഉയരത്തിൽ എത്താന്‍ സഹായിച്ചത്.

Indian listed banks crossed ₹1 lakh crore net profit in Q3 FY2026, led by public sector banks and SBI’s strong performance.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com