
സാമ്പത്തിക ക്രമക്കേട് മൂലം പ്രതിസന്ധിയില്‍ തുടരുന്ന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് നാലാം പാദ കണക്കുകളില്‍ കനത്ത ക്ഷീണം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 2,328 കോടി രൂപയാണ് ബാങ്കിന്റെ നഷ്ടം. വരുമാനത്തിലുണ്ടായ ഇടിവും കൂടിയ ചെലവുകളുമാണ് സ്ഥിതി മോശമാക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തില്‍ ബാങ്ക് 2,349 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. എന്നാല്‍ നഷ്ടം നികത്തുന്നതിന് ഈ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 2,522 കോടി രൂപയാണ് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ മാറ്റിവെച്ചത് 950 കോടി രൂപയായിരുന്നു.
പലിശ വരുമാനത്തില്‍ 13 ശതമാനം ഇടിവാണുണ്ടായത്. മുന്‍ വര്‍ഷം 12,199 കോടി രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 10,634 കോടിയായി.
ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമേക്കേടുകള്‍ മൂലം 2024 ജൂണ്‍ മാസം വരെ കമ്പനിക്ക് 1,979 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍ പരിശോധിച്ച ഏജന്‍സി വെളിപ്പെടുത്തിയിട്ടുള്ളത്. വിവാദങ്ങളെ തുടര്‍ന്ന് ബാങ്കിന്റെ സിഇഒ, ഡെപ്യൂട്ടി സിഇഒ എന്നിവര്‍ ഏപ്രിലില്‍ രാജിവെച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ പുതിയ സിഇഒ ചുമതലയേല്‍ക്കുന്നത് വരെ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് ഭരണചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ബാങ്കില്‍ നടന്ന അക്കൗണ്ടിംഗ് തിരിമറികളില്‍ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ബോര്‍ഡ് അംഗങ്ങള്‍ ഉന്നയിച്ചു. ഇന്ന് നടന്ന ബോര്‍ഡ് മീറ്റിംഗില്‍ പ്രധാന ചര്‍ച്ചാ വിഷയം ക്രമക്കേടുകള്‍ സംബന്ധിച്ച തുടര്‍ നടപടികളായിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ക്രമക്കേടുകളെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്. ഡെറിവേറ്റീവ്, മൈക്രോഫിനാന്‍സ്, ബാലന്‍സ് ഷീറ്റ് എന്നിവയില്‍ തെറ്റായ നടപടികളുണ്ടായി. ചില ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ട്. അവര്‍ക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. ബോര്‍ഡ് യോഗത്തിന് ശേഷം ബാങ്ക് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine