ഇൻസൈഡർ ട്രേഡിങ്ങും വായ്പ തട്ടിപ്പും; ഇൻഡസിൻഡ് ബാങ്കിനെതിരേ പുതിയ ആരോപണം, പ്രധാനമന്ത്രിക്കും പരാതി; ഓഹരി വില ഇടിഞ്ഞു

കഴിഞ്ഞ വർഷം വെളിച്ചത്തുവന്ന അക്കൗണ്ടിംഗ് ക്രമക്കേടുകളെ തുടർന്ന് നേരിട്ട കനത്ത തിരിച്ചടിയിൽ നിന്നും കരകയറി വരുന്നതിനിടെയാണ്, ഇൻസൈഡർ ട്രേഡിങ്ങും വായ്പാ തട്ടിപ്പും രേഖകളിലെ കൃത്രിമത്വവും ഒക്കെ ഉന്നയിക്കുന്ന പുതിയ ആരോപണങ്ങൾ ഇൻഡസിൻഡ് ബാങ്കിന് നേരെ തലപൊക്കുന്നത്
Indusind Bank New Scam And Share Price Falling
Canva
Published on

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കിം​ഗ് സ്ഥാപനമായ ഇൻഡസിൻഡ് ബാങ്കിനെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തുന്ന ​ഗുരുതര ആരോപണങ്ങളുമായി പുതിയ വിസിൽബ്ലോവർ രം​ഗത്ത്. പ്രധാനമന്ത്രിയുടെ ഓഫീസിനും, റിസർവ് ബാങ്ക്, കോർപറേറ്റ് കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ, എൻ.എഫ്.ആർ.എ തുടങ്ങിയ നിയന്ത്രണ ഏജൻസികൾക്കും അയച്ച പുതിയ പരാതിയിൽ ബാങ്കിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം വെളിച്ചത്തുവന്ന അക്കൗണ്ടിംഗ് ക്രമക്കേടുകളെ തുടർന്ന് നേരിട്ട കനത്ത തിരിച്ചടിയിൽ നിന്നും കരകയറി വരുന്നതിനിടെയാണ്, ഇൻസൈഡർ ട്രേഡിങ്ങും വായ്പാ തട്ടിപ്പും രേഖകളിലെ കൃത്രിമത്വവും ഒക്കെ ഉന്നയിക്കുന്ന പുതിയ ആരോപണങ്ങൾ ഇൻഡസിൻഡ് ബാങ്കിന് നേരെ തലപൊക്കുന്നത്. ഇതോടെ ബാങ്കിന്റെ കോർപ്പറേറ്റ് ഗവേണൻസിനെ സംബന്ധിച്ചും വീണ്ടും സംശയങ്ങൾ ഉയരുകയാണ്. ഇന്നത്തെ (2026 ജൂൺ 3) വ്യാപാരത്തിൽ ഇൻ‍സിൻഡ് ബാങ്ക് (BSE: 532187, NSE: INDUSINDBK) ഓഹരികൾ 3 ശതമാനം ഇടിഞ്ഞ് 886 രൂപ നിലവാരത്തിലേക്ക് താഴ്ന്നു.

പുതിയ ആരോപണങ്ങൾ എന്തൊക്കെ?

ഇൻസൈഡർ ട്രേഡിങ്: ഇന്ത്യയുടെ കിഴക്കൻ മേഖലയിലേക്കുള്ള ഇൻ‍സിൻഡ് ബാങ്കിന്റെ മുൻ സോണൽ ഹെഡ് സമീർ അഗർവാൾ, ഔദ്യോഗിക വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് 815 കോടി രൂപയുടെ ഓഹരി ഇടപാടുകളിലൂടെ 46 കോടി രൂപ നിയമവിരുദ്ധമായി സമ്പാദിച്ചുവെന്നാണ് പ്രധാന ആരോപണം. അദ്ദേഹത്തിന്റെ കീഴിൽ വായ്പ നൽകിയിട്ടുള്ള കേസോറാം ഇൻഡസ്ട്രീസ് (BSE: 502937, NSE: KESORAMIND) കമ്പനിയുടെ 34 ലക്ഷം ഓഹരികൾ തന്ത്രപരമായ ഒരു ഇടപാടിന് തൊട്ടുമുമ്പ് സമീർ അഗർവാളിന്റെ ഭാര്യ വാങ്ങിയതിലൂടെ 3.26 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായും പരാതിയിലുണ്ട്.

രേഖകളിൽ കൃത്രിമം: ധനകാര്യ രേഖകളിൽ കൃത്രിമം കാണിക്കൽ, മൈക്രോഫിനാൻസ് വായ്പകൾ ക്രമവിരുദ്ധമായി പുതുക്കൽ, ക്രമക്കേടുകൾ മറച്ചുപിടിക്കാനുള്ള ഡയറക്ടർ ബോർഡ് തലത്തിലുള്ള ശ്രമങ്ങൾ, ഓഡിറ്റ് കണ്ടെത്തലുകൾ മറച്ചുവെക്കൽ എന്നിവയും പരാതിയിൽ ഉന്നയിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ബാങ്ക് അധികൃതർ നിഷേധിച്ചിട്ടുണ്ട്.

കരകയറുന്നതിനിടെ ഓഹരിയിൽ വീണ്ടും തിരിച്ചടി

2025 മാർച്ചിൽ കണ്ടെത്തിയ 2,000 കോടി രൂപയുടെ ഡെറിവേറ്റീവ്സ് അക്കൗണ്ടിംഗ് തട്ടിപ്പിന് പിന്നാലെയാണ് ഇൻഡസിൻഡ് ബാങ്കിൽ പുതിയ പ്രതിസന്ധി ഉണ്ടാകുന്നത്. ഫോറൻസിക് ഓഡിറ്റിങ്ങിനും നിയന്ത്രണ ഏജൻസികളുടെ ഇടപെടലിനേയും തുടർന്ന്, അക്കൗണ്ടിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സി.ഇ.ഒ സുമന്ത് കത്പാലിയ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സെബി സെക്യൂരിറ്റീസ് വിപണിയിൽ നിന്ന് വിലക്കിയിട്ടുണ്ട്. തുടർന്ന് ഇൻഡസിൻഡ് ബാങ്കിന്റെ പുതിയ സി.ഇ.ഒ ആയി രാജീവ് ആനന്ദും സി.എഫ്.ഓ ആയി വൈറൽ ദമാനിയും ചുമതലയേറ്റു.

സമീപകാലത്ത് ബാങ്കിനെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ വിദേശ നിക്ഷേപകരുടെ (FII) ഓഹരി വിഹിതത്തിലും അനലി​സ്റ്റുകൾ നൽകുന്ന റേറ്റിം​ഗിലും തിരിച്ചടി നേരിട്ടു. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ വിദേശ നിക്ഷേപകർ ഇൻഡസിൻഡ് ബാങ്കിലെ തങ്ങളുടെ വിഹിതം 4.03% കുറച്ചു. അതുപോലെ ഇൻഡസിൻഡ് ബാങ്ക് ഓഹരി പിന്തുടരുന്ന ബ്രോക്കറേജ് സ്ഥാപനങ്ങളിലെ 36 അനലിസ്റ്റുകൾ ഓഹരിയുടെ റേറ്റിംഗ് 'Buy' എന്നതിൽ നിന്നും 'Hold' എന്നതിലേക്ക് താഴ്ത്തിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഡെറിവേറ്റീവ്സ് അക്കൗണ്ടിംഗ് തട്ടിപ്പിന് പിന്നാലെ ഇൻഡസിൻഡ് ബാങ്ക് ഓഹരിയുടെ വില 40 ശതമാനത്തോളം ഇടിവ് നേരിട്ട് 710 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു. എന്നാൽ പുതിയ നേതൃത്വം ചുമതലയേറ്റതോടെ, കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. കഴിഞ്ഞ ദിവസം ഇൻഡസിൻഡ് ബാങ്ക് ഓഹരി 912 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്. ഇതിനിടെ തലപൊക്കിയ പുതിയ ആരോപണങ്ങളോടെ ഓഹരി വീണ്ടും താഴേക്കിറങ്ങി.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com