യുപിഐ വഴിയുള്ള അന്താരാഷ്ട്ര പണമിടപാട് ശക്തമാകുന്നു; സിംഗപ്പൂരിലേക്ക് പണമയക്കാന്‍ കൂടുതല്‍ ബാങ്കുകളില്‍ സൗകര്യം

19 ബാങ്കുകള്‍ വഴി സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പണം സ്വീകരിക്കാം
UPI transaction in a shop, UPI logo
UPICanva, UPI
Published on

വിദേശ രാജ്യങ്ങളുമായുള്ള യുപിഐ പണമിടപാടിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങള്‍. സിംഗപ്പൂരിലുള്ള ഇന്ത്യക്കാര്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താന്‍ കൂടുതല്‍ ബാങ്കുകളില്‍ സൗകര്യമൊരുങ്ങി. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനാണ് (NPCL)ഇക്കാര്യം അറിയിച്ചത്. എന്‍പിസിഎലിന്റെ അന്താരാഷ്ട്ര കമ്പനിയായ ഇന്റര്‍നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (NICL)ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ ഉള്‍പ്പടെ 13 ബാങ്കുകളില്‍ കൂടിയാണ് പുതിയ സൗകര്യം.

ബാങ്കുകളുടെ എണ്ണം വര്‍ധിച്ചു

ഇതോടെ സിംഗപ്പൂരുമായി യുപിഐ ഇടപാട് നടത്തുന്നതിന് കൂടുതല്‍ ബാങ്കുകളില്‍ സൗകര്യമായി. ജൂലൈ 17 മുതലാണ് കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്ക് എത്തുന്നത്.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യുകോ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിബിഎസ് ബാങ്ക് തുടങ്ങിയവയാണ് ഈ സംവിധാനത്തിലുള്ളത്.

സേവനങ്ങള്‍ ഇങ്ങനെ

തെരഞ്ഞെടുക്കപ്പെട്ട 19 ബാങ്കുകളിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഭീം ആപ്പ്, ഗുഗ്ള്‍പേ, ഫോണ്‍പേ, ബാങ്കുകളുടെ ആപ്പുകള്‍ എന്നിവ വഴി യുപിഐ സംവിധാനത്തില്‍ സിംഗപ്പൂരില്‍ നിന്ന് പണം സ്വീകരിക്കാം. അതേസമയം, അങ്ങോട്ട് പണം അയക്കുന്നതിന് കനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ വഴിയാണ് സൗകര്യം. സിംഗപ്പൂരിലെ ഡിബിഎസ് എസ്ജി, ലിക്വിഡ് ഗ്രൂപ്പുകള്‍ വഴിയാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. അവിടെ ജോലി ചെയ്യുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. യുപിഐ ഐഡിയോ മൊബൈല്‍ നമ്പറോ ഉപയോഗിച്ച് എളുപ്പത്തിലും സുരക്ഷിതമായും പണം അയക്കാനും സ്വീകരിക്കാനും കഴിയും. ക്യുആര്‍ കോഡ് വഴിയുള്ള യുപിഐ പെയ്‌മെന്റ് സൗകര്യം സിംഗപ്പൂരില്‍ ഇപ്പോള്‍ ലഭ്യമാണ്.

തല്‍സമയ പണമിടപാട്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മോണിറ്ററി അതോറിട്ടി ഓഫ് സിംഗപ്പൂരും സംയുക്തമായി തുടങ്ങിയതാണ് ഈ പദ്ധതി. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് തല്‍സമയ പണമിടപാടുകള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ലോകത്തിലെ ആദ്യത്തെ ക്ലൗഡ് അധിഷ്ഠിത തല്‍സമയ അന്താരാഷ്ട്ര പെയ്‌മെന്റ് സംവിധാനമാണിത്. കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്ക് എത്തിയതോടെ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള പണമിടപാടുകള്‍ കൂടുതല്‍ വേഗത്തില്‍ സാധ്യമാകുമെന്ന് എന്‍പിസിഎല്‍ ഇന്റര്‍നാഷണല്‍ എംഡിയും സിഇഒയുമായ റിതേഷ് ശുക്‌ള പറഞ്ഞു. ഇന്ത്യയും സിംഗപ്പൂരുമായുള്ള സാമ്പത്തിക ബന്ധം ശക്തമാക്കാന്‍ ഇത് സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com