പാസ് പാസ് ഉടമകളുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ബാബ രാംദേവിന്റെ എന്‍ട്രി; മാഗ്മ ഏറ്റെടുക്കലിന് അനുമതി

4,500 കോടി രൂപയ്ക്കാണ് ഇടപാട്. കൈമാറ്റം പൂര്‍ത്തിയാകുന്നതോടെ പതഞ്ജലി ആയുര്‍വേദയ്ക്ക് 73.56 ശതമാനം ഓഹരികളും ഡിഎസ് ഗ്രൂപ്പിന് 24.50 ശതമാനം ഓഹരികളും സ്വന്തമാകും.
പാസ് പാസ് ഉടമകളുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ബാബ രാംദേവിന്റെ എന്‍ട്രി; മാഗ്മ ഏറ്റെടുക്കലിന് അനുമതി
Published on

മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് (Magma General Insurance) കമ്പനിയെ ഏറ്റെടുക്കാനുള്ള യോഗഗുരു ബാബാ രാംദേവിന്റെ നീക്കത്തിന് അനുമതി നല്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (irdai). പതഞ്ജലി ആയുര്‍വദും പാസ് പാസ് ഉള്‍പ്പെടെയുള്ള പാന്‍മസാല ഉത്പന്നങ്ങളുടെ നിര്‍മാതാക്കളുമായ ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി (ഡിഎസ് ഗ്രൂപ്പ്) ചേര്‍ന്നാണ് ഏറ്റെടുക്കല്‍.

കോവിഡ് വാക്‌സിന്‍ നിര്‍മിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ അഡാര്‍ പൂനവാലയുടെ ഉടമസ്ഥതയിലുള്ള സനോട്ടി പ്രോപ്പര്‍ട്ടീസിന്റെ (Sanoti Properties) കൈവശമായിരുന്നു മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ 72.4 ശതമാനം ഓഹരികള്‍. 4,500 കോടി രൂപയ്ക്കാണ് ഇടപാട്. കൈമാറ്റം പൂര്‍ത്തിയാകുന്നതോടെ പതജ്ഞലി ആയുര്‍വേദയ്ക്ക് 73.56 ശതമാനം ഓഹരികളും ഡിഎസ് ഗ്രൂപ്പിന് 24.50 ശതമാനം ഓഹരികളും സ്വന്തമാകും.

പതജ്ഞലിക്ക് പുതിയ മേഖല

മോട്ടോര്‍, ഹെല്‍ത്ത്, പ്രോപ്പര്‍ട്ടി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3,615.48 കോടി രൂപ വരുമാനം നേടി. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷമിത് 3,334.4 കോടിയായിരുന്നു. 2024 സാമ്പത്തികവര്‍ഷം ഒരു കോടി രൂപ ലാഭം നേടാനും കമ്പനിക്ക് സാധിച്ചിരുന്നു. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷം 141 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി.

1929ല്‍ സ്ഥാപിതമായ ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പ് (ഡിഎസ് ഗ്രൂപ്പ്), ഭക്ഷണപാനീയങ്ങള്‍, മിഠായി, മൗത്ത് ഫ്രഷ്‌നറുകള്‍, ഹോസ്പിറ്റാലിറ്റി, ഡയറി, ആഡംബര റീട്ടെയില്‍, കൃഷി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ്. 10,000 കോടി രൂപയിലധികമാണ് കമ്പനിയുടെ വിറ്റുവരവ്.

ഇടക്കാലത്ത് പാന്‍ മസാല ഉത്പന്നങ്ങളായിരുന്നു പ്രധാന വരുമാനം. പിന്നീട് അവര്‍ ഈ രംഗത്തു നിന്ന് പതിയെ പിന്‍വാങ്ങി. ഇപ്പോള്‍ ആകെ വരുമാനത്തിന്റെ ചെറിയ പങ്ക് മാത്രമാണ് പാന്‍ മസാല വിഭാഗത്തില്‍ നിന്നുള്ളത്.

മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ്, വിവിധ വിഭാഗങ്ങളിലായി 70ലധികം ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കുന്നത്. വാഹനം, ആരോഗ്യം, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, വീട് ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തുടനീളമുള്ള പതഞ്ജലിയുടെ വിതരണ ശൃംഖല മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

സാമ്പത്തിക മേഖലയിലേക്കുള്ള പതഞ്ജലി ഗ്രൂപ്പിന്റെ ആദ്യ കടന്നുവരവ് കൂടിയാണിത്. 2006ല്‍ സ്ഥാപിതമായ പതഞ്ജലി ആയുര്‍വേദ് ഔഷധങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, എഫ്എംസിജി മേഖല എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com