90 ശതമാനം ഇന്ത്യക്കാരുടെയും ശമ്പളം ₹25,000ല്‍ താഴെ! മിനിമം ബാലന്‍സ് ഉയര്‍ത്തിയ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ തീരുമാനം ശരിയോ? പ്രതിഷേധം ഉയരുന്നു
സേവിംഗ്‌സ് അക്കൗണ്ടില്‍ അരലക്ഷം രൂപ വരെ മിനിമം ബാലന്‍സ് സൂക്ഷിച്ചിരിക്കണമെന്ന ഐ.സി.ഐ.സി.ഐ ബാങ്കിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. പ്രമുഖ ബാങ്കര്‍ ഉദയ് കൊടക്കിന്റെ മകന്‍ ജെയ് കൊടക്ക് അടക്കമുള്ളവര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശബ്ദമുയര്‍ത്തി. 90 ശതമാനം ഇന്ത്യക്കാരും 25,000 രൂപയില്‍ താഴെയാണ് പ്രതിമാസം സമ്പാദിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ഇന്ത്യക്കാര്‍ക്കും നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ ഇടപെടാന്‍ അവസരം ലഭിക്കണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. 90 ശതമാനം ഇന്ത്യക്കാരും പ്രതിമാസം 25,000 രൂപയില്‍ താഴെ മാത്രമാണ് സമ്പാദിക്കുന്നത്. 50,000 രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാനുള്ള നീക്കം 94 ശതമാനത്തിലധികം വരുന്ന ഇന്ത്യക്കാരെ ബാധിക്കും. ഇന്ത്യക്കാരുടെ പ്രതിമാസ വരുമാനം മുഴുവന്‍ എപ്പോഴും ബാങ്കില്‍ സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ ഫീസ് ഈടാക്കുമെന്നുമാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം വിശദീകരിക്കുന്നു. കൊടക് മഹീന്ദ്ര ബാങ്കിന്റെ ഡിജിറ്റല്‍ രൂപമായ കൊടക് 811നെ നയിക്കുന്നയാളാണ് ജെയ് കൊടക്. ബാങ്കിംഗ് മേഖല ഡിജിറ്റലിലേക്ക് മാറുന്നതാണ് ഇത്തരം പ്രതിസന്ധികള്‍ക്കുള്ള പ്രതിവിധിയെന്നും അദ്ദേഹം പറയുന്നു. ബാങ്കുകള്‍ ഇത് ചെയ്തില്ലെങ്കില്‍ ഫിന്‍ടെക്കുകള്‍ ഏറ്റെടുക്കും. ബാങ്കിംഗ് എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാകണമെന്നും അദ്ദേഹം കുറിച്ചു.
ബാങ്കുകള്‍ക്ക് തീരുമാനിക്കാം
അതേസമയം, എത്ര രൂപ മിനിമം ബാലന്‍സായി സൂക്ഷിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് നിശ്ചയിക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. ഇതോടെ കൂടുതല്‍ ബാങ്കുകള്‍ ഐ.സി.ഐ.സി.ഐ നടപടി പിന്തുടരുമോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിനായി എസ്.ബി.ഐ പോലുള്ള ബാങ്കുകള്‍ അടുത്തിടെ മിനിമം ബാലന്‍സ് ഒഴിവാക്കിയിരുന്നു.
വര്‍ധന ഇങ്ങനെ
നഗര മേഖലകളിലെ താമസക്കാരുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം സൂക്ഷിക്കേണ്ട തുക 10,000 രൂപയില്‍ നിന്നും 50,000 രൂപയായി ഐ.സി.ഐ.സി.ഐ ബാങ്ക് വര്‍ധിപ്പിച്ചിരുന്നു. അര്‍ധ നഗര മേഖലകളിലേത് 25,000 രൂപയായും ഗ്രാമീണ മേഖലയിലേത് 10,000 രൂപയായും ബാങ്ക് വര്‍ധിപ്പിച്ചു. ഇത്രയും തുക സൂക്ഷിച്ചില്ലെങ്കില്‍ പിഴയുമുണ്ട്. പ്രതിമാസം 500 രൂപ വരെയാണ് പിഴയായി ഈടാക്കാനാവുക. ഓഗസ്റ്റ് ഒന്ന് മുതലുള്ള ഉപയോക്താക്കള്‍ക്കാണ് ഈ നിര്‍ദ്ദേശം ബാധകമാവുക. പഴയ ഉപയോക്താക്കള്‍ക്ക് നിലവിലെ നിരക്ക് തുടരും. നഗരങ്ങളില്‍ 10,000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 5,000 രൂപയുമാണ് മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടത്.
എന്തിന് പരിധി ഉയര്‍ത്തി?
പ്രവര്‍ത്തന ചെലവ് കുറക്കാനും 50,000 രൂപക്ക് മുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയുന്ന ഉപയോക്താക്കളെ സൃഷ്ടിക്കാനുമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് മെച്ചപ്പെട്ട പ്രീമിയം സേവനം ഉറപ്പാക്കാനാകുമെന്നും ബാങ്ക് കരുതുന്നു. മെച്ചപ്പെട്ട റിട്ടേണ്‍ കരുതി ഇപ്പോള്‍ കൂടുതല്‍ പേരും ഓഹരി വിപണിയിലേക്ക് നിക്ഷേപം മാറ്റിയത് ബാങ്കുകളുടെ സേവിംഗ്‌സ് അക്കൗണ്ടുകളെ ബാധിച്ചിരുന്നു. പലരും സമ്പാദ്യം സൂക്ഷിക്കുന്നതിന് പകരം യു.പി.ഐ പോലുള്ള പണമിടപാടുകള്‍ നടത്താന്‍ വേണ്ടിയാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. ഇത് ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ് വലിയ തോതില്‍ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.
Kotak Mahindra Bank vice president Jay Kotak slammed the proposal for a ₹50,000 minimum bank balance, noting that 90% of Indians earn less than ₹25,000 a month, calling the rule unrealistic.
Read DhanamOnline in English
Subscribe to Dhanam Magazine

