ജെ കെ ശിവൻ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തേക്ക്

ജെ കെ ശിവൻ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തേക്ക്

ജെ കെ ശിവനെ നിയമിക്കാനുള്ള തീരുമാനത്തിന് ഓഹരി ഉടമകള്‍ അംഗീകാരം നല്‍കി
Published on

ധനലക്ഷ്മി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി മലയാളിയായ ജെ കെ ശിവനെ നിയമിക്കാനുള്ള തീരുമാനത്തിന് ഓഹരി ഉടമകള്‍ അംഗീകാരം നല്‍കി. 99.81 ശതമാനം ഓഹരി ഉടമകളും തീരുമാനത്തെ പിന്തുണച്ചുവെന്ന് ബാങ്ക് അറിയിച്ചു. 105 ഓഹരി ഉടമകള്‍ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ 18 പേര്‍ എതിര്‍ത്തു.

നേരത്തെ എംഡിയായിരുന്ന സുനില്‍ ഗുര്‍ബക്‌സാനിയെ ഓഹരി ഉടമകള്‍ നീക്കം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ എംഡിയെ തിരഞ്ഞെടുക്കേണ്ടി വന്നത്.

ശിവനെ തല്‍സ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനം ബാങ്ക് ഡിസംബര്‍ അവസാനത്തോടെയാണ് എടുത്തത്. ഈ തീരുമാനത്തിന് ഒരു മാസത്തിനുള്ളില്‍ ഓഹരി ഉടമകളുടെ അനുമതി തേടാന്‍ റിസര്‍വ് ബാങ്ക് ധനലക്ഷ്മി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഓഹരി ഉടമകളുടെ ഇലക്ട്രോണിക് വോട്ടിങ്ങിന് തീരുമാനം വിധേയമാക്കിയത്.

എസ് ബി ഐയില്‍ 37 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന ശിവന്‍ ചീഫ് ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു.

കോര്‍പറേറ്റ് ബാങ്കിങ്, അന്താരാഷ്ട്ര, വിദേശ നാണ്യ വിഭാഗങ്ങള്‍, കാര്‍ഷിക വായ്പ തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്. എസ് ബി ഐയുടെ സ്‌ട്രെസ്റ്റ് അസ്സെറ്റ്‌സ് റെസൊല്യൂഷന്‍ വിഭാഗത്തിന്റെ ചീഫ് ജനറല്‍ മാനേജരായി വിരമിച്ച അദ്ദേഹം ബ്രാഞ്ച് തലവനായും പ്രവര്‍ത്തന പരിചയം ഉണ്ട്. എസ് ബി ഐയുടെ ഗ്രാമീണ, നഗര കേന്ദ്രങ്ങളുടെ റീട്ടെയ്ല്‍ ബ്രാഞ്ച് തലവനായി അദ്ദേഹം കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 1982-ലാണ് ശിവന്‍ എസ് ബി ഐയില്‍ ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് സുനിലിനെ 90 ശതമാനം ഓഹരി ഉടമകള്‍ ചേര്‍ന്ന് വോട്ട് ചെയ്ത് പുറത്താക്കിയത്. 2020 ഫെബ്രുവരിയിലാണ് സുനിലിനെ നിയമിച്ചത്.

പുതിയ തലവനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് നാല് മാസത്തെ സമയം ആണ് അനുവദിച്ചിരുന്നത്. നിലവില്‍ ഡയറക്ടര്‍മാരുടെ കമ്മിറ്റിയാണ് ബാങ്കിനെ നിയന്ത്രിക്കുന്നത്.

ഇനി ശിവന്റെ നിയമനത്തിന് ആര്‍ ബി ഐ അന്തിമ അനുമതി നല്‍കണം. ഡയറക്ടമാരുടെ കമ്മിറ്റിയുടെ കാലാവധി ഈ മാസം 31-ന് അവസാനിക്കും. എന്നാല്‍, പുതിയ എംഡിയും സിഇഒയും ചുമലതയേല്‍ക്കുന്നത് വരെ ആര്‍ ബി ഐ കാലാവധി നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്.

ഭരണപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് തന്റെ രാജിക്കുവേണ്ടി ഡയറക്ടര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സുനില്‍ പറഞ്ഞതായി നേരത്തെ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com